Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിഠായിത്തെരുവിൽ വാക്കിലും മധുരം വേണം; കടയിലേക്ക് ആകർഷിക്കുന്ന വാക്കു തെറ്റിയാൽ നടപടി

28 Jun 2024 10:09 IST

Enlight Media

Share News :

കോഴിക്കോട്: മിഠായിത്തെരുവിൽ കടകളിലേക്ക് ആകർഷിക്കാൻ തോന്നുംപോലെ ആളെ വിളിച്ചാൽ പോലീസെത്തും, കേസെടുക്കും. ഇനി ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് പോലീസ്. തെരുവിലൂടെ നടന്നുപോകുന്നവരെ തടഞ്ഞുനിർത്തിയും ദ്വയാർഥപ്രയോഗത്തിലൂടെയുമെല്ലാം കടകളിലേക്ക് വിളിച്ചുകയറ്റാൻ ചിലർ ശ്രമിക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. മുന്നോട്ടുപോകാൻ വിടാതെ, തടഞ്ഞുനിർത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവർ നിൽക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്ന് അവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് നടപടി ശക്തമാക്കാൻ പോലീസ് തീരുമാനിച്ചത്. സുഖകരമല്ലാത്തതും അശ്ലീലച്ചുവയുള്ളതുമായ വാക്കുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസും പറയുന്നുണ്ട്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു കേസെടുത്തിരുന്നെന്ന് ടൗൺ പോലീസ് അറിയിച്ചു. ഇത്തരം പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ വെള്ളിയാഴ്ചമുതൽ കർശനമായി നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. കടകളിൽനിന്ന് വഴിയിലേക്കിറങ്ങി ആളുകളെ വിളിച്ചുകയറ്റേണ്ടെന്ന് നേരത്തേ വ്യാപാരികൾ തീരുമാനിച്ചിരുന്നു.നല്ല രീതിയിലായിരിക്കണം കച്ചവടമെന്നും ചീത്തപ്പേരുണ്ടാക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മിഠായിത്തെരുവ് യൂണിറ്റ് പ്രസിഡന്റ് എ.വി.എം. കബീർ പറഞ്ഞു.

Follow us on :

More in Related News