Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2024 14:02 IST
Share News :
വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സന്നദ്ധസേവന സേനയായ ടീം കേരള. ചൂരല്‍മല, പുഞ്ചിരിമട്ടം, മുണ്ടക്കൈ ചെക്ക് ഡാം, മേപ്പാടി പ്രദേശങ്ങളിലാണ് ടീം കേരള വളണ്ടിയര്‍മാര്‍ ശുചീകരണം നടത്തിയത്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 50 വീതം അംഗങ്ങളാണ് ദുരന്ത മേഖലയിലെത്തി ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ്, ബോര്‍ഡ് അംഗങ്ങളായ വി.കെ. സനോജ്, ഷെബീറലി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ്, ജില്ലാ ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, ടീം കേരള സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.എം. സാജന്‍, ഡൈസ് നോണ്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഉരുള്‍പൊട്ടലുണ്ടായ ജൂലൈ 30 മുതല്‍ ജില്ലയിലുള്ള ടീം കേരള വളണ്ടിയര്‍മാര്‍ ദുരന്തസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. 12 ദിവസമായി ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണത്തിലും മാലിന്യങ്ങള്‍ നീക്കുന്നതിലും സജീവമാണ് ടീം അംഗങ്ങള്‍. പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സന്നദ്ധ സേനയാണ് ടീം കേരള. 18 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് ടീം കേരളയില്‍ സന്നദ്ധപ്രവര്‍ത്തനത്തിനായി രജിസ്റ്റര്‍ ചെയ്തത്. ജില്ലയില്‍ പരിശീലനം ലഭിച്ച 250 പേര്‍ ടീം കേരള അംഗങ്ങളാണ്.
Follow us on :
Tags:
More in Related News
Please select your location.