Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2026 15:08 IST
Share News :
ബെൻ ജോൺസൺ, നൊബേൽ ജേതാക്കളായ അബ്ദുൾ റസാഖ് ഗുർണ, അഭിജിത് ബാനർജി തുടങ്ങി നിരവധി പ്രമുഖർ അതിഥികളാകും
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെ.എൽ.എഫ്.) ഒമ്പതാം പതിപ്പിന് നാളെ (ജനുവരി 22) തിരിതെളിയും. ഇന്ത്യയിലെ ആദ്യ യുനെസ്കൊ സാഹിത്യനഗരമായ കോഴിക്കോട്, ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ജനുവരി 22 മുതൽ 25 വരെയാകും ഫെസ്റ്റിവൽ നടക്കുക. ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസ് കെ.എൽ.എഫിന്റെ ഭാഗമാകുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒമ്പതുമാസം നീണ്ട ബഹിരാകാശവാസത്തിനുശേഷമുള്ള സുനിത വില്യംസിന്റെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ഒളിമ്പ്യൻ ബെൻ ജോൺസൺ, നൊബേൽ ജേതാക്കളായ അബ്ദുൾ റസാഖ് ഗുർണ, അഭിജിത് ബാനർജി, ബുക്കർ പ്രൈസ് ജേതാക്കളായ കിരൺ ദേശായി, ബാനു മുഷ്താഖ്, ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാക്കളായ ദീപ ബസ്തി, ഡെയ്സി റോക്വെൽ, ജ്ഞാനപീഠജേതാവ് പ്രതിഭ റായ്, സാമ്പത്തികവിദഗ്ദ്ധൻ അരവിന്ദ് സുബ്രഹ്മണ്യൻ, ചരിത്രകാരി റോമില ഥാപ്പർ, വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസ്, പ്രശസ്ത ചിന്തകൻ പീക്കോ അയ്യർ, എഴുത്തുകാരനായ അമിഷ് ത്രിപാഠി, മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ശോഭ ഡേ, പ്രകാശ് രാജ്, ശശി തരൂർ തുടങ്ങി സാഹിത്യ-സാംസ്കാരിക-സാമ്പത്തിക- പാരിസ്ഥിതികമേഖലകളിൽനിന്നുള്ളവരെ കൂടാതെ സിനിമാ-സ്പോർട്സ് രംഗത്തെ പ്രമുഖരും ഈ സാഹിത്യോത്സവത്തിനു മാറ്റുകൂട്ടും.
സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രസമന്വയത്തിന് സാക്ഷിയാകുന്ന കെ.എൽ. എഫിൽ അതിഥിരാജ്യമായ ജർമ്മനിയിൽനിന്നുൾപ്പെടെ 18 രാജ്യങ്ങളിൽനിന്നുള്ള പ്രഭാഷകർ സംവാദത്തിനെത്തും.
യു.എസ്.എ., കാനഡ, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ, നോർവെ, നെതർലാൻഡ്, ബൾഗേറിയ, ഓസ്ട്രേലിയ, സ്വിറ്റ്സർലൻഡ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, അയർലൻഡ്, സ്ലോവാക്കിയ, ജപ്പാൻ, നൈജീരിയ, ബെൽജിയം എന്നീ രാജ്യങ്ങളിലെയും ഇന്ത്യയിലെയും നാനൂറിലധികം പ്രഭാഷകരാണ് പങ്കെടുക്കുന്നത്. 250-ൽ അധികം സംവാദങ്ങൾക്കാണ് കെ.എൽ.എഫ്. ഒമ്പതാം പതിപ്പ് സാക്ഷിയാകുന്നത്. കേരളത്തിലെ വിവിധ മേഖലകളിൽ സാന്നിദ്ധ്യമറിയിച്ച നിരവധി ആളുകളും കെ.എൽ.എഫിന്റെ ഭാഗമാകുന്നു. ലോകധർമ്മി നാടകവേദി അവതരിപ്പിക്കുന്ന പെർഫോമേറ്റീവ് സെഷനുകൾകൂടി ഉൾപ്പെടുത്തി ഏറെ വ്യത്യസ്തമായാണ് വേദികൾ ഒരുക്കിയിട്ടുള്ളത്.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എട്ടു വേദികളിലായി നടക്കുന്ന സാഹിത്യോത്സവം ജനുവരി 22-ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, തമിഴ്നാട് ഐ.ടി. വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജൻ, കോഴിക്കോട് മേയർ ഒ. സദാശിവൻ, സാംസ്കാരികവകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, സുനിത വില്യംസ്, ഭാവന, പ്രകാശ് രാജ്, ജർമ്മൻ കൗൺസൽ ജനറൽ അക്കിം ബൂർകാർട്ട്, സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് ഗൊയ്ഥെ റീജിയണൽ ഡയറക്ടർ ജനറൽ ഡോ. മരിയ സ്റ്റൂകൻബർഗ്, ഡോ. സയ്യിദ് ഇബ്രാഹിം, നിർമല ലക്ഷ്മണൻ, ഫെസ്റ്റിവൽ ഡയറക്ടർ കെ. സച്ചിദാനന്ദൻ, സംഘാടകസമിതി ചെയർമാൻ എ. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
പ്രത്യേക രീതിയിൽ ക്രമീകരിക്കപ്പെട്ട പവലിയൻ അടക്കം വിപുലമായ സൗകര്യങ്ങൾ അതിഥിരാജ്യമായ ജർമ്മനിക്കായി ഒരുക്കിയിട്ടുണ്ട്. ജർമ്മനിയിൽനിന്നെത്തുന്ന എഴുത്തുകാരും ചിന്തകരും കലാകാരന്മാരും ചേർന്നൊരുക്കുന്ന സാംസ്കാരിക-കലാപരിപാടികളും ഒരാഴ്ച നീളുന്ന സർഗ്ഗാത്മകത ശില്പശാലകളും സംവാദങ്ങളും പ്രദർശനങ്ങളും കൂടാതെ ജർമ്മൻ രുചിവൈവിദ്ധ്യം പകർന്നുനൽകുന്ന ബെർലിൻ കിച്ചണും ഫിലിപ്പ് ഗെയ്സ്റ്റ് ഒരുക്കുന്ന പ്രത്യേക ഇൻസ്റ്റലേഷനും ജർമ്മൻ സാംസ്കാരികപാരമ്പര്യം വിളിച്ചോതും. ബാംഗ്ലൂർ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മിഷെൽ ഹെയ്ൻസ്റ്റിന്റെ നേതൃത്വത്തിൽ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തുന്ന ഈ പരിപാടികൾ കോഴിക്കോടിന് അവിസ്മരണീയാനുഭവമായിരിക്കും നൽകുന്നത്. കെ.എൽ. എഫിന് മുന്നോടിയായി വാഗമണിൽ ഒരാഴ്ച നീളുന്ന ജർമ്മൻ റെറ്റേഴ്സ് റെസിഡൻസി സംഘടിപ്പിച്ചിരുന്നു.
സാംസ്കാരികാഭിവൃദ്ധിക്കപ്പുറം കെ.എൽ.എഫ്. കോഴിക്കോടിന്റെ പ്രാദേശിക ടൂറിസത്തിനും സാമ്പത്തികമുന്നേറ്റത്തിനും നൽകുന്ന സംഭാവന ചെറുതല്ല. ഫെസ്റ്റിവൽക്കാലത്ത് ഹോട്ടൽ, ഹോംസ്റ്റേ, ഗതാഗതം, റെസ്റ്റോറന്റ്, കരകൗശലം തുടങ്ങി തെരുവോരകടകളിൽനിന്നെല്ലാമായി 130 കോടി രൂപയുടെ വരുമാനമുണ്ടായതായി അടുത്തിടെ നടത്തിയ വിലയിരുത്തൽ പറയുന്നു. നാലു ദിവസങ്ങളിലായി 6.5 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ആശയപരതയുടെയും സർഗ്ഗാത്മകതയുടെയും സംവാദങ്ങളുടെയും ആഗോളകേന്ദ്രമായി കോഴിക്കോടിനെ ഉയർത്താൻ ചുരുങ്ങിയകാലംകൊണ്ടുതന്നെ കെ.എൽ.എഫിനായിട്ടുണ്ട്.
സാഹിത്യവും സംസ്കാരവും ചിന്തകളെ മാത്രമല്ല നഗരങ്ങളെയും രൂപാന്തരപ്പെടുത്തുമെന്നും ഓരോ കെ.എൽ.എഫും അതിർത്തികൾക്കപ്പുറം സഞ്ചരിച്ച് ചിന്തകളും ആശയങ്ങളും സംസ്കാരങ്ങളും കൈമാറാനുള്ള സ്വതന്ത്രവേദിയാണ് സൃഷ്ടിക്കുന്നതെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത കെ.എൽ.എഫ്. ചീഫ് ഫെസിലിറ്റേറ്റർ രവി ഡി സി പറഞ്ഞു. ജർമ്മനി അതിഥിരാജ്യമായി എത്തുന്നതോടെ ഏറെ ആകർഷകവും വ്യത്യസ്തവുമായ ഫെസ്റ്റിവലായിരിക്കും അരങ്ങേറുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശയാത്രികയായ സുനിത വില്യംസും റിമ കല്ലിങ്കലുമൊത്ത് വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രത്യേക സംവാദമാണ് കുട്ടികൾക്കായുള്ള സാഹിത്യോത്സവത്തിലെ ആകർഷണം. ഇതുകൂടാതെ കുട്ടികളിലെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുന്നതിനായി കഥപറച്ചിൽ, ശില്പശാലകൾ, ഇന്റർ ആക്ടീവ് സെഷനുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവൽ ദിവസങ്ങൾ വർണ്ണാഭമാക്കാൻ രാത്രിയിൽ സാംസ്കാരികപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 22ന് സുകന്യ രാംഗോപാലും സംഘവും അവതരിപ്പിക്കുന്ന ലയരാഗ സമർപ്പണവും 23-ന് ജർമ്മൻ സംഗീതവിരുന്നും 24-ന് ഊരാളി ബാൻഡിന്റെ നേതൃത്വത്തിൽ സംഗീതനിശയും 25-ന് ജോബ് കുര്യൻ ലൈവ് കൺസേർട്ടും നടക്കും.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ: ഫെസ്റ്റിവൽ ചീഫ് ഫെസിലിറ്റേറ്റർ രവി ഡി സി, ബാംഗ്ലൂർ ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മിഷെൽ ഹെയ്ൻസ്റ്റ്, ജനറൽ കൺവീനർ എ.കെ. അബ്ദുൾ ഹക്കീം, പ്രോഗ്രാം കൺവീനർ കെ.വി. ശശി, മീഡിയ കമ്മിറ്റി ചെയർമാൻ ഇ.പി മുഹമ്മദ്, കൺവീനർ ഫാരിസ് കണ്ടോത്ത് എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: www.keralaliteraturefestival.com
Follow us on :
More in Related News
Please select your location.