Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ടാം റാങ്കോടെ സർക്കാർ ജോലി നേടി അധ്യാപികയായെത്തിയത് ഒന്നു മുതൽ പത്തുവരെ പഠിച്ച സ്കൂളിൽ: ‘കണക്കു കൂട്ടൽ തെറ്റാതെ സൗമ്യ

01 Feb 2024 18:02 IST

Leo T Abraham

Share News :

പത്തിരുപതു കൊല്ലം മുൻപാണ്. കാസർകോട് കാറടുക്ക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ജില്ലാ കലോത്സവ വേദിക്കു മുന്നിൽ കൗതുകത്തോടെ അവിടത്തെയൊരു വിദ്യാർഥിനി ഇരുന്നിരുന്നു. ഇപ്പോൾ അതേ സ്കൂൾ വീണ്ടുമൊരു ജില്ലാ കലോത്സവത്തിനു വേദിയാകുമ്പോൾ ആ വിദ്യാർഥിനിയുമുണ്ട്, അവിടത്തെയൊരു അധ്യാപികയായി. ഒന്നു മുതൽ പത്തുവരെ പഠിച്ച സ്കൂളിൽത്തന്നെ ഹൈസ്കൂൾ ഗണിതാധ്യാപികയായി ഇക്കഴിഞ്ഞ നവംബർ 21ന് ജോലിക്കു കയറിയ ആ ‘വിദ്യാർഥിനി’യുടെ സ്വപ്നസാഫല്യത്തിന് എച്ച്എസ്ടി പരീക്ഷയിലെ രണ്ടാം റാങ്കിന്റെ തിളക്കം കൂടെയുണ്ടായിരുന്നു. എൽജിഎസ്, എച്ച്എസ്എസ്ടി, യുപിഎസ്ടി റാങ്ക് ലിസ്റ്റുകളിലും ഇടംനേ ടിയാണു കാടകം സ്വദേശി കെ.സൗമ്യയുടെ വിജയപാഠം.

രണ്ടു കുഞ്ഞനിയത്തിമാരുടെയും ഒരു അനിയന്റെയും മൂത്ത ചേച്ചി എന്ന നിലയിൽ കുട്ടിക്കാലംതൊട്ടേ വലിയ ഉത്തരവാദിത്വബോധത്തോടെയാണ് സൗമ്യ വളർന്നത്. ഏഴാംക്ലാസിൽ പഠനം അവസാനിപ്പിച്ച് പിന്നീട് ലോറി ഡ്രൈവറായ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മക്കളെ നാലുപേരെയും നന്നായി പഠിപ്പിക്കണമെന്നത്. നന്നായി പഠിച്ചാൽ മാത്രം മതി, ജോലി പിന്നാലെ വന്നുകൊള്ളും എന്നതായിരുന്നു അച്ഛൻ എപ്പോഴും പറയാറുള്ള തെന്നു സൗമ്യ ഓർമിക്കുന്നു. എസ്എസ്‌എൽസി മുതൽ എല്ലാ പരീക്ഷകളിലും ഒന്നാംക്ലാസ് വിജയം നേടി, ഗണിത ത്തിൽ 91 % മാർക്കോടെ ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയിട്ടും സൗമ്യ പഠനം അവസാനിപ്പിച്ചില്ല. തലശ്ശേരി ബ്രണ്ണൻ കോളജ് ഓഫ് എജ്യുക്കേഷനിൽനിന്ന് ബിഎഡും കണ്ണൂർ യൂണിവേഴ്സിറ്റി സെന്ററിൽ നിന്ന് എംഎഡും പാസായ ശേഷമാണ് സർക്കാർ ജോലിക്കുവേണ്ടിയുള്ള കാര്യമായ തയാറെടുപ്പ് ആരംഭിച്ചത്.

തന്റെ സർക്കാർ ജോലിയിൽ നിർണായക പങ്ക് കാടകം ഗ്രാമത്തിനാണെന്നാണ് സൗമ്യ പറയുന്നു. നഗരപരിഷ്കാരങ്ങ ളൊന്നും അധികമെത്താത്ത ഈ ഗ്രാമത്തിൽ പിഎസ്‌സി പരീക്ഷ പാസായ ഓരോരുത്തരും മറ്റ് ഉദ്യോഗാർഥികളുടെ പരിശീലകരാണ്. സർക്കാർജോലി കിട്ടിയ ഓരോരുത്തരും പകൽനേരത്തെ ജോലിത്തിരക്കുകൾ കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ വായനശാലയിലെത്തും. പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കുവേണ്ടി അവർ ക്ലാസുകളെടുക്കും. രാത്രിവൈകിവരെ നീളുന്ന ആ സായാഹ്നക്ലാസുകൾക്കാണ് സൗമ്യ തന്റെ രണ്ടാംറാങ്ക് സമർപ്പിക്കുന്നത്. സ്വന്തം ഗ്രാമത്തിലെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽനിന്നു പഠിച്ചു സർക്കാർസർവീസിലെത്തിയ ഒരുകൂട്ടംപേർ ക്ലാസെടുക്കുമ്പോൾ വലിയ ആവേശത്തോടെയാണ് സൗമ്യയും കൂട്ടുകാരും അതു കേട്ടിരുന്നത്. അവരിലൊരാളായി മാറണം; കാടകംഗ്രാമത്തിലെ അടുത്ത തലമുറയ്ക്കു മാതൃകയാകണം എന്ന മോഹമുദിച്ചതും ആ ക്ലാസുകളിൽ നിന്നാണ്. 
 

Follow us on :

More in Related News