Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിൽ ; മുഖ്യമന്ത്രി

03 Aug 2024 15:14 IST

Jithu Vijay

Share News :

വയനാട് : വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേയ്ക്കെത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി. പലയിടത്തായി നിസ്സഹായരായി കുടുങ്ങിപ്പോയ എല്ലാവരേയും കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്  ആദ്യഘട്ടത്തില്‍ നടത്തിയത്. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജീവന്‍റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത്  കണ്ടെത്തി രക്ഷപ്പെടുത്താനാണ് സ്വജീവന്‍ പണയപ്പെടുത്തിയും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്.  

നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങളും ശരീര ഭാഗങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസം നേരിടുകയാണ്. 


ഇതുവരെ ആകെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകള്‍, 98 പുരുഷന്മാര്‍, 30 കുട്ടികള്‍. ഇതില്‍ 148  മൃതശരീരങ്ങള്‍ കൈമാറി. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 81 പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ തുടരുന്നു. 34 സ്ത്രീകളും 36 പുരുഷന്മാരും 11 കുട്ടികളും. ആകെ 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു ക്യാമ്പുകളിലേക്ക് മാറ്റി.


നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേര്‍ താമസിക്കുന്നു. ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേര്‍ താമസിക്കുന്നു.

ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചില്‍ തുടരുകയാണ്. ഇന്നലെ മാത്രം  40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ്  രാവിലെ ഏഴ് മണി മുതല്‍ തെരച്ചില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്സില്‍ നിന്നും 460 പേര്‍, ദേശീയ ദുരന്തനിവാരണ സേനയുടെ  (എന്‍.ഡി.ആര്‍.എഫ്) 120 അംഗങ്ങള്‍, വനം വകുപ്പില്‍ നിന്നും 56 പേര്‍, പോലീസ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് 64 പേര്‍, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് , നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്നായി 640 പേര്‍, തമിഴ്നാട് ഫയര്‍ഫോഴ്സില്‍ നിന്നും 44 പേര്‍,  കേരള പൊലീസിന്‍റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നും 15 പേര്‍ എന്നിങ്ങനെ ആകെ 1419 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തുടരുന്നത്.


കേരള പോലീസിന്‍റെ കെ.9 സ്ക്വാഡില്‍ പെട്ട മൂന്ന് നായകളും കരസേനയുടെ കെ . 9 സ്ക്വാഡില്‍ പെട്ട മൂന്നു നായകളും ദൗത്യത്തില്‍ ഉണ്ട്. തമിഴ്നാട് മെഡിക്കല്‍ ടീമില്‍ നിന്നുള്ള 7 പേരും സന്നദ്ധരായി രക്ഷാദൗത്യത്തില്‍ ഉണ്ട്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നിങ്ങനെ സോണുകളില്‍ നടത്തിയ തിരച്ചില്‍ ഇന്നലെ  11  മൃതദേഹങ്ങള്‍ കണ്ടെത്താനായി. 


തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ജീവന്‍റ അംശം ഉണ്ടെങ്കില്‍  കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക ഉപകരണമായ ഹ്യൂമന്‍ റെസ്ക്യൂ റഡാര്‍  രക്ഷാദൗത്യത്തിന്‍റെ ഭാഗമായിരുന്നു. 16 അടി താഴ്ച വരെയുള്ള ജീവന്‍റ അനക്കം കണ്ടെത്താന്‍ ഈ ഉപകരണത്തിന് കഴിയും.  കൂടാതെ മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍  ഉടനെ   എത്തും.   പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരുംചേര്‍ന്ന് ചാലിയാര്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ തുടരും. 


കേരള ജനതയൊന്നാകെ വയനാടിനെ കൈപിടിച്ചുയര്‍ത്താനായി ഒരുമിച്ചു നില്‍ക്കുകയാണ്.  രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സൈന്യവും ഫയര്‍ ഫോഴ്സും പോലീസും ഉള്‍പ്പെടെയുള്ള രക്ഷാസേനാംഗങ്ങള്‍;  ആരോഗ്യപ്രവര്‍ത്തകര്‍;  കെ.എസ്.ഇ.ബി - വനം - റവന്യൂ ഉള്‍പ്പെടെയുള്ള  സര്‍ക്കാര്‍ വകുപ്പുകള്‍, എല്ലാ പിന്തുണയും  നല്‍കുന്ന തദ്ദേശവാസികള്‍;  തങ്ങളാല്‍ കഴിയുന്ന ഏതു സഹായത്തിനും സജ്ജരായ എണ്ണമറ്റ സഹോദരങ്ങള്‍ എല്ലാവരും  ചേര്‍ന്ന്     സഹായഹസ്തം നീട്ടുന്നു.   څമനുഷ്യരാണ് നാമേവരും' എന്ന സാഹോദര്യത്തിന്‍റെയും മാനവികതയുടേയും പതറാത്ത ബോധ്യമാണ് ഇന്ന് കേരളത്തില്‍ മുഴങ്ങുന്നതെന്നും അദ്ധേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

Follow us on :

More in Related News