Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2025 17:01 IST
Share News :
റാഗിങ്ങിനെതിരേ കർശനമായ നിയമങ്ങൾ ഉള്ളപ്പോഴും അത് ആവർത്തിക്കപ്പെടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാനുള്ള സംവിധാനങ്ങൾ നിർബന്ധമായും ഉണ്ടാവേണ്ടതുണ്ട്. ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരതകളിൽ നിന്നു സംരക്ഷണം നൽകുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതർ പ്രത്യേക ജാഗ്രതയും പുലർത്തേണ്ടതുണ്ട്. റാഗിങ്ങിനെതിരേ ബോധവത്കരണ പ്രവർത്തനങ്ങളും കൂടുതൽ ഊർജിതമായി തന്നെ നടപ്പിലാക്കേണ്ടതുണ്ട്. കോട്ടയത്ത് ഗവൺമെന്‍റ് നഴ്സിങ് കോളെജിലുണ്ടായ റാഗിങ്ങുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഓരോന്നായി പുറത്തുവരുമ്പോൾ ഏറെ ഞെട്ടിക്കുന്നതാണ്. കട്ടിലിൽ കെട്ടിയിട്ടു ശരീരം മുഴുവൻ ലോഷൻ പുരട്ടിയ ശേഷം ഡിവൈഡർ കൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കുന്നതുപോലുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരകൾ വേദനകൊണ്ടു പുളയുമ്പോൾ സീനിയർ വിദ്യാർഥികൾ അട്ടഹസിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങുകാരെ ഭയന്നാണ് ഇതുവരെ ആരും ഒന്നും പുറത്തുപറയാതിരുന്നതത്രേ. ഓരോ ദിവസവും അനുഭവിക്കേണ്ടിവരുന്ന വേദനകൾ മാതാപിതാക്കളെ പോലും ഇരകൾ അറിയിച്ചില്ല.
പീഡനം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഇരകളായ വിദ്യാർഥികൾ ഹോസ്റ്റലിൽ എന്താണു നടക്കുന്നതെന്നു പുറംലോകത്തോടു പറയുന്നത്. വയനാട്ടിലെ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ ഒരു സംഘം വിദ്യാർഥികളുടെ ക്രൂര മർദനത്തിന് ഇരയായ രണ്ടാം വർഷ ബിവിഎസ് സി വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവമുണ്ടായിട്ട് ഒരു വർഷം ആയതേയുള്ളൂ. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥനെ കാണുന്നത് കഴിഞ്ഞ വർഷം ഫെബ്രുവരി പതിനെട്ടിനാണ്. ഒരു സംഘം സീനിയർ വിദ്യാർഥികളുടെ മൃഗീയമായ റാഗിങ് സിദ്ധാർഥനെ ശാരീരികമായും മാനസികമായും തളർത്തുകയായിരുന്നു. റാഗിങ്ങിനെതിരേ കർശന നടപടിയും അതീവ ജാഗ്രതയും ആവശ്യമാണെന്ന് ഈ സംഭവം തെളിയിച്ചതാണ്. പക്ഷേ, പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആ ജാഗ്രതയില്ല എന്നാണു കരുതേണ്ടത്. അടുത്തിടെ തൃപ്പൂണിത്തുറയിൽ പതിനഞ്ചു വയസുകാരൻ ഫ്ലാറ്റിനു മുകളിൽ നിന്നു ചാടി മരിച്ചത് സ്കുളിൽ സഹപാഠികളുടെ റാഗിങ്ങിനെത്തുടർന്നാണെന്നു പരാതി ഉയർന്നതാണ്. അതിക്രൂരമായ ശാരീരിക- മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നു ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. റാഗിങ് വിരുദ്ധ സമിതിയൊക്കെ പേരിനു മാത്രമായി പോകുന്നതിന്‍റെ ഫലമാണ് പലപ്പോഴും ജൂനിയർ കുട്ടികൾ അനുഭവിക്കേണ്ടിവരുന്നത്. സഹ വിദ്യാർഥിയോട് പൊറുക്കാനാവാത്ത ക്രൂരതകൾ കാണിക്കുന്ന മുഴുവൻ പേരും ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടാകുകയാണ് വേണ്ടത്.
Follow us on :
More in Related News
Please select your location.