Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനവാസ മേഖലയില്‍ നിന്നും കാട്ടാനകളെ വനത്തിലേയ്ക്ക് തുരത്തല്‍; ആദ്യ ഘട്ടം വിജയത്തിലേയ്ക്ക്

06 Oct 2024 20:39 IST

- ജേർണലിസ്റ്റ്

Share News :


തൊടുപുഴ: ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇവയെ വനത്തിലേയ്ക്ക് തുരത്തുന്നതിനായി വനംവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ചേര്‍ന്ന് നടത്തിയ ശ്രമത്തിന്റെ ആദ്യ ഘട്ടം വിജയത്തിലേയ്ക്ക്. വണ്ണപ്പുറം, കവളങ്ങാട്, പൈങ്ങോട്ടൂര്‍ എന്നീ പഞ്ചായത്തുകളിലെ ജനവാസ മേഖലയില്‍ തമ്പടിച്ചിരുന്ന കാട്ടാനകളെയാണ് വനംവകുപ്പിന്റെയും പഞ്ചായത്തിന്റെയും, മുള്ളരിങ്ങാട്, ചാത്തമറ്റം, പൈങ്ങോട്ടൂര്‍, തേന്‍കോട്, തലക്കോട്, പാച്ചേറ്റി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരുടെ സൗഹൃദ കൂട്ടായ്മയും ചേര്‍ന്ന് പനംകുഴി ഭാഗത്തേക്ക് തുരുത്തിയത്. കാട്ടാനകള്‍ ഇപ്പോള്‍ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ നഗരംപാറ സ്റ്റേഷന്‍ അതിര്‍ത്തിയിലേക്കാണ് നീങ്ങിയിരിക്കുന്നത്. മുള്ളരിങ്ങാട് ജനവാസ മേഖലയില്‍ നിന്നും ചെമ്പന്‍കുഴി വഴി കാഞ്ഞിരവേലി വനമേഖലയിലേക്കായിരിക്കും അവ പ്രവേശിക്കുകയെന്ന് വനം ഉദ്യോഗസഥര്‍ പറഞ്ഞു. ഇവിടെയും കാട്ടാന ശല്യം രൂക്ഷമായ ജനവാസ മേഖലകളുണ്ട്.

 കോതമംഗലം ഡി.എഫ്.ഒ , റേഞ്ച് ഓഫീസര്‍, മുള്ളരിങ്ങാട് റേഞ്ച് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രമകരമായ ഉദ്യമം ഏറ്റെടുത്തത്. ജനവാസ മേഖലയായതിനാല്‍ കാട്ടാനകളുടെ നീക്കങ്ങളും പ്രതികരണവും ഇതില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും വിലയിരുത്തുന്നതിനായിരുന്നു ആദ്യ ഘട്ട ശ്രമം. നടപടിക്കു മുന്നോടിയായി  വനം വകുപ്പുദ്യോഗസ്ഥര്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആംബുലന്‍സ്, ഫയര്‍ഫോഴ്സ്, പോലീസ്, മെഡിക്കല്‍ സംഘം, മറ്റ് വകുപ്പുകള്‍ എന്നിവരുടെ സേനവും ഉറപ്പാക്കിയിരുന്നു.

 രണ്ടാം ഘട്ടത്തിന്റെ ഭാഗമായി  മുഴുവന്‍ കാട്ടാനകളെയും ജനവാസ മേഖലകളില്‍ നിന്ന് തുരത്തി വനത്തിനുള്ളിലെത്തിച്ച് അവ തിരികെ ജനവാസ മേഖലയിലേക്ക് എത്താത്ത രീതിയില്‍ ഫെന്‍സിങ് സ്ഥാപിച്ച് തടയും. 16 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മുള്ളരിങ്ങാട് വനമേഖലയുടെ 12 ചതുരശ്ര കിലോമീറ്ററോളവും ചെങ്കുത്തായ മലകളും പാറക്കെട്ടുകളും ആനകള്‍ക്ക് ഭക്ഷ്യയോഗ്യമല്ലാത്ത വൃക്ഷങ്ങളും തരിശു നിലങ്ങളുമാണ്. ഇതോടെയാണ് കാട്ടാനക്കൂട്ടം ജനങ്ങള്‍ക്ക് ഭീഷണിയായി ജനവാസ മേഖലകളിലേയ്ക്ക് കടക്കുന്നത്. ഇടുക്കി റോഡരികിലെ സംരക്ഷണ ഭിത്തികളും കാഞ്ഞിരവേലിയില്‍ പുതുതായി വരുന്ന വൈദ്യുത വേലി മൂലവും ആനകളുടെ പരമ്പരാഗത സഞ്ചാര പാതകള്‍ തടസപ്പെട്ടതോടെയാണ് ഇവ നാട്ടിലേക്കിറങ്ങി തുടങ്ങിയത്. അതിനാല്‍ ഇവയെ വനത്തിന്റെ ആവാസ വ്യവസ്ഥയിലേക്ക് നീക്കാനാണ് വനം വകുപ്പ് തീരുമാനിച്ചത്.


Follow us on :

More in Related News