Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ

19 Feb 2025 10:53 IST

Shafeek cn

Share News :

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണമെന്ന് വത്തിക്കാന്‍. അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ഇതേ തുടര്‍ന്ന് മാര്‍പാപ്പയുടെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കിയിരിക്കുകയാണ്. ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ തുടങ്ങിയിട്ട്, അതെ തുടര്‍ന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് CAT സ്‌കാന്‍ നടത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടതെന്ന് വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിക്കുന്നു.


പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ നല്‍കി വന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.


ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണ്ണആരോഗ്യവാനായി തിരികെ എത്തട്ടെ എന്നാശംസിച്ചുകൊണ്ട് ലോകമെമ്പാടുനിന്നും പ്രാര്‍ത്ഥനകളും ആശംസാ സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. പാപ്പായുടെ ആരോഗ്യസ്ഥിതി അല്പം സങ്കീര്‍ണമായി തുടരുമ്പോഴും, അദ്ദേഹം സന്തോഷവാനാണെന്നും, ചൊവ്വാഴ്ച രാവിലെ അദ്ദേഹം വിശുദ്ധ കുര്‍ബാന സ്വീകരിച്ചുവെന്നും വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. പകല്‍ സമയം അദ്ദേഹം വിശ്രമവും പ്രാര്‍ത്ഥനകളും വായനയുമായി ചിലവഴിക്കുകയാണെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു.


അതേസമയം, തനിക്ക് സാമീപ്യമറിയിച്ചവര്‍ക്ക് നന്ദി പ്രകടിപ്പിച്ച പാപ്പാ, പ്രാര്‍ത്ഥനകള്‍ തുടരാന്‍ ഏവരോടും അഭ്യര്‍ത്ഥിച്ചു. പനി, നാഡി വേദന, ഹെര്‍ണിയ എന്നിവയുള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ മാര്‍പാപ്പയ്ക്ക് അനാരോഗ്യം ബാധിച്ചിരുന്നു.



Follow us on :

More in Related News