Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2025 11:56 IST
Share News :
മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ മേഖലയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചിരിക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ വടക്കന്‍ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. ജപ്പാന്‍, അലാസ്‌ക, ഹവായ് എന്നിവയുള്‍പ്പെടെ പസഫിക് മേഖലയിലുടനീളം സുനാമി മുന്നറിയിപ്പുണ്ട്. ഭൂകമ്പത്തിന് തൊട്ടുപിന്നാലെ റഷ്യയിലെ കുറില്‍ ദ്വീപുകളുടെയും വടക്കന്‍ ജപ്പാന്റെയും തീരപ്രദേശങ്ങളിലാണ് ആദ്യ ഭീമന്‍ തിരമാലകളെത്തിയത്.
ഭൂകമ്പ സാധ്യതകളുടെ നീണ്ട ചരിത്രമുള്ള പ്രദേശമായ കാംചത്ക ഉപദ്വീപിനടുത്തായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം 19.3 കിലോമീറ്റര്‍ (12 മൈല്‍) ആഴത്തിലും ജപ്പാന്റെ വടക്കേ അറ്റത്തുള്ള ദ്വീപായ ഹോക്കൈഡോയില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ (160 മൈല്‍) അകലെയുമായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തെ തുടര്‍ന്ന് ഹൊനോലുലുവില്‍ സുനാമി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.
ഹവായ്, ചിലി, ജപ്പാന്‍, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഒന്നു മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. റഷ്യയുടെയും ഇക്വഡോറിന്റെയും ചില ഭാഗങ്ങളില്‍ മൂന്നു മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള തീരമാലകള്‍ ആഞ്ഞടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ഹൊക്കൈഡോയുടെ കിഴക്കന്‍ തീരത്തുള്ള നെമുറോയില്‍ ഏകദേശം 30 സെന്റീമീറ്റര്‍ ഉയരമുള്ള തിരമാലകളെത്തിയതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. കുറില്‍ ദ്വീപുകളിലെ സെവേറോ-കുറില്‍സ്‌കില്‍ ആദ്യ തിരമാലകള്‍ എത്തിയതായി റഷ്യയും റിപ്പോര്‍ട്ട് ചെയ്തു.
പരിഭ്രാന്തിയിൽ കാംചത്ക
കാംചത്ക മേഖലയില്‍ അനുഭവപ്പെട്ട ഭൂകമ്പം ജനങ്ങളെ തെരുവിലിറക്കി. പ്രഭവകേന്ദ്രത്തിനടുത്തുള്ള ഏറ്റവും വലിയ നഗരമായ പെട്രോപാവ്ലോവ്സ്‌ക്-കാംചത്സ്‌കിയില്‍ ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തതായി റഷ്യയുടെ ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വൈദ്യുതി മുടങ്ങി. മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടു. സഖാലിന്‍ ദ്വീപില്‍ അധികൃതര്‍ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
യുഎസിലും മുന്നറിയിപ്പുകള്‍
അലാസ്‌കയിലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അലൂഷ്യന്‍ ദ്വീപുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിങ്ടണ്‍ എന്നിവയുള്‍പ്പെടെ യുഎസിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. ഹവായിയും നിരീക്ഷണത്തിലാണ്.
ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സിയും രാജ്യത്തിന്റെ പസഫിക് തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി, മുന്നറിയിപ്പ് ലഭിച്ച് 30 മിനിറ്റിനുള്ളില്‍ മൂന്നു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ തീരത്ത് എത്തുമെന്നാണ് പ്രവചനം.
കംചത്ക: ഭൂകമ്പ സാധ്യതാ കേന്ദ്രം
വലിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന കംചത്ക ഉപദ്വീപ്. ഭൂകമ്പങ്ങളുടെ അസ്വസ്ഥമായ നീണ്ട ചരിത്രമുള്ള പ്രദേശമാണിത്. പസഫിക് സമുദ്രത്തെ ചുറ്റിപ്പറ്റിയുള്ള 'റിങ് ഓഫ് ഫയര്‍' (ഭൂപ്രളയങ്ങള്‍ സ്ഥിരമായി സംഭവിക്കുന്ന ഇടം) മേഖലയിലാണ് കംചത്ക സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണിത്. ഈ വര്‍ഷം ജൂലായ് ആദ്യം പെട്രോപാവ്ലോവ്സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് 144 കിലോമീറ്റര്‍ (89 മൈല്‍) അകലെ 7.4 തീവ്രതയുള്ള ഭൂകമ്പം ഉള്‍പ്പെടെ അഞ്ച് പ്രധാന തീരദേശ ഭൂകമ്പങ്ങള്‍ ഈ മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. 1900 മുതല്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഏഴു ഭൂകമ്പങ്ങള്‍ പ്രദേശത്തുണ്ടായിട്ടുണ്ട്. 1952-ല്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെങ്കിലും അന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
Follow us on :
More in Related News
Please select your location.