Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാതാപിതാക്കൾ വായനയിൽ കുട്ടികൾക്ക് മാതൃകയാകണം: ശോഭ തരൂർ ശ്രീനിവാസൻ

24 Jan 2026 12:25 IST

enlight media

Share News :

കുട്ടികളുടെ വായനാശീലത്തെ മൊബൈൽ ഫോണുകൾ ബാധിക്കുന്നുണ്ടെന്ന് ബാലസാഹിത്യകാരിയും കവയിത്രിയും വോയിസ് ഓവർ ആർട്ടിസ്റ്റുമായ ശോഭ തരൂർ ശ്രീനിവാസൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ 'Rhymes, Idioms And Treasure Troves' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.


മൊബൈൽ ഫോണുകൾ കുട്ടികളുടെ വായനാശീലത്തെ ബാധിക്കുന്നുണ്ട്. ഇത് മറികടക്കാൻ മാതാപിതാക്കൾ തന്നെ കുട്ടികൾക്ക് വായനയിൽ മാതൃകയാകണം. ചെറുപ്പം മുതൽ കുട്ടികളെ പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുന്നത് വാക്കുകളുടെ താളവും സംഗീതവും തിരിച്ചറിയാൻ അവരെ സഹായിക്കും. വായനയിലൂടെ കുട്ടികൾക്ക് പുതിയ ലോകങ്ങൾ തുറന്നുനൽകേണ്ടതിന്റെ ആവശ്യകതയും അവർ കെ എൽ എഫ് വേദിയിൽ വ്യക്തമാക്കി.


തന്റെ കവിതാ സമാഹാരമായ 'ഇറ്റ്സ് ടൈം ടു റൈം' (It’s Time to Rhyme), ക്ലാസിക്കൽ കഥകളുടെ പുനരാഖ്യാനങ്ങളായ 'ട്രഷർ ട്രോവ് ഓഫ് ടൈംലെസ്സ് ടേൽസ്' (Treasure Trove of Timeless Tales) തുടങ്ങിയ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് അവർ സംസാരിച്ചത്. കുട്ടികൾക്കായി എഴുതുമ്പോൾ ഗൗരവതരമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കണമെന്നും, കവിതയുടെ വിവിധ രൂപങ്ങൾ (Sonnets, Haiku) ആസ്വാദ്യകരമായ രീതിയിൽ കുട്ടികൾക്ക് പരിചയപ്പെടുത്തണമെന്നും അവർ പറഞ്ഞു.


ലോകമെമ്പാടുമുള്ള കഥകളിലെ സമാനതകൾ ചൂണ്ടിക്കാട്ടിയ അവർ, സാഹിത്യം കുട്ടികളിൽ വൈവിധ്യം, തുല്യത, പരിസ്ഥിതി അവബോധം എന്നിവ വളർത്താൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഓരോ പുസ്തകത്തിനും കൃത്യമായ ഒരു സന്ദേശം ഉണ്ടായിരിക്കണമെന്നത് എഴുത്തുകാരുടെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു. വിവരണത്തിന് (Narration) 2022ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ശോഭാ തരൂരിന് ലഭിച്ചിരുന്നു.

Follow us on :

More in Related News