Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2024 16:36 IST
Share News :
ചൂട് കൂടിയതോടെ ജലാംശമുള്ള സ്ഥലങ്ങൾ തേടി പാമ്പുകൾ മനുഷ്യവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലകളായ കുമരകം, ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ് എന്നിവിടങ്ങളിലാണ് പാമ്പുശല്യം അധികവും. മൂർഖൻ പാമ്പുകളുടെ ശല്യമാണ് വർധിച്ചിരിക്കുന്നത്.
ഒരുവർഷത്തിനിടെ 1500ഓളം പാമ്പുകളെയാണ് വനം വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി പിടികൂടിയത്. അധികവും മൂർഖൻ പാമ്പുകൾ തന്നെയാണ്. തിരുവാതുക്കലിൽനിന്ന് മൂർഖൻ പാമ്പിനെയും നാൽപതിലേറെ കുഞ്ഞുങ്ങളെയും പിടികൂടിയത് ഏതാനും ആഴ്ചകൾ മുമ്പാണ്. ചൂടുകൂടിയ സാഹചര്യത്തിൽ പുറത്തിറങ്ങിയ പാമ്പുകളെയാണ് വനംവകുപ്പ് പിടികൂടി സുരക്ഷിതമേഖലകളിലേക്ക് തുറന്നുവിട്ടത്.
വിഷപ്പാമ്പുകളുടെ എണ്ണം വർധിച്ചത് ജനങ്ങളുടെ ഭയം വർധിപ്പിച്ചിരിക്കുകയാണ്. മീൻകുളങ്ങളിലെ മീനുകളെ പാമ്പുകൾ ഭക്ഷണമാക്കുന്നത് മത്സ്യക്കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. പുഴകളിലും തോടുകളിലും മറ്റും ഉടക്കുവലവെച്ച് മീൻപിടിക്കുന്നവർക്ക് മിക്കപ്പോഴും ലഭിക്കുന്നത് മൂർഖൻ, ചേരകളെയാണ്. തവള, എലി തുടങ്ങിയ ജീവികളെ തിന്നുമെന്നതിനാൽ പാമ്പുകളെ കൊണ്ട് ഉപകാരവും ഉണ്ടാകുന്നുണ്ട്. ആളൊഴിഞ്ഞ പുരയിടങ്ങൾ, കൃഷിയില്ലാത്ത പാടശേഖരങ്ങൾ, ചതുപ്പിനോട് ചേർന്നുള്ള ജലസാമീപ്യമുള്ള പ്രദേശങ്ങളെല്ലാം പാമ്പുകൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു. കോഴികളും വളർത്തുപക്ഷികളും ഇവറ്റക്ക് ഭക്ഷണമാകുകയും ചെയ്യും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പാമ്പുകടിയേറ്റവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഏറ്റുമാനൂരിൽ ട്രെയിൻ യാത്രികന് പാമ്പുകടിയേറ്റതാണ് അവസാനമായി റിപ്പോർട്ട് ചെയ്ത സംഭവം. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് പാമ്പുകൾ മുട്ടവിരിഞ്ഞ് ഇറങ്ങുന്നത്. 28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പാമ്പുകൾക്ക് സുഖമായി ജീവിക്കാൻ സാധിക്കും. താപനില കൂടുമ്പോഴാണ് ഇവ തണുപ്പുള്ള സ്ഥലങ്ങൾ തേടിയിറങ്ങുന്നത്. മുട്ട വിരിഞ്ഞിറങ്ങുന്ന പാമ്പിൻകുഞ്ഞുങ്ങളിൽ രണ്ടു മുതൽ ആറ് കുഞ്ഞുങ്ങൾ മാത്രമാണ് അതിജീവിക്കുന്നത്. ഭൂരിഭാഗം കുഞ്ഞുങ്ങളും മറ്റ് പാമ്പുകളുടെയും ഉടുമ്പുകളുടെയും ഭക്ഷണമാകാറാണ് പതിവ്.
Follow us on :
Tags:
More in Related News
Please select your location.