Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്തീരങ്കാവ് നവവധുവിന് മർദനം: പ്രതി രാഹുലിനെ സഹായിച്ച പൊലീസുകാന് സസ്പെൻഷൻ

19 May 2024 06:53 IST

Enlight Media

Share News :

കോഴിക്കോട്- പന്തീരങ്കാവിൽ നവവധുവിനു ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ രാജ്യം വിടാൻ സഹായിച്ച പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ കമ്മിഷണർ ശുപാർശ ചെയ്തു. പ്രതിക്കെതിരെ വധശ്രമ വകുപ്പ് ചുമത്തിയത് ഇയാൾ ചോർത്തി നൽകിയതായും പൊലീസിന്റെ പിടിയിൽ പെടാതെ ബെംഗളൂരുവിലെത്താനുള്ള വഴി പറഞ്ഞു നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്യാൻ കമ്മിഷണർ ശുപാർശ ചെയ്തത്.

ഏറെ ചർച്ച ചെയ്യപ്പെട്ട കേസിൽ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ സ്റ്റേഷനിൽ നിന്നു വിവരം ചോർന്ന സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കമ്മിഷണർ ഫറോക്ക് എസിയെ ചുമതലപ്പെടുത്തി. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിൽ സ്റ്റേഷനിലെ പൊലീസുകാരനു പങ്കുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കമ്മിഷണറുടെ നിർദേശ പ്രകാരം ഇയാളുടെ മൊബൈൽ കോൾ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ഇതിൽ നിന്ന് ഇയാൾ നിരന്തരം പ്രതിയുമായി ബന്ധപ്പെട്ടിരുന്നുവെന്നു വ്യക്തമായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്റെ അടുത്ത സുഹൃത്താണ് ഈ പൊലീസുകാരൻ. 

പ്രതിയായ രാഹുൽ പി.ഗോപാലിനെതിരെ വധശ്രമക്കേസ് ചുമത്താനുള്ള ചർച്ച സ്റ്റേഷനിൽ നടക്കുമ്പോൾ ഇയാൾ വിവരം പ്രതിക്കു ചോർത്തി നൽകി. പ്രതിക്കെതിരെ വധശ്രമക്കേസ് ചുമത്തിയപ്പോൾ ഇതിനു നോട്ടിസ് നൽകാൻ പോയ പോലീസ് സംഘത്തിലും ഇയാൾ ഉൾപ്പെട്ടിരുന്നു. ബെംഗളൂരുവിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുൻപ് വഴിയരികിൽ ഇയാൾ കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കേസിസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയ പന്തീരാങ്കാവ് ഇൻസ്പെക്ടർ എ.എസ്.സരിനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. രാഹുലിന് രാജ്യം വിടാൻ പൊലീസ് ഒത്താശ ചെയ്തതായി തുടക്കം മുതലേ പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. 


സംഭവത്തിൽ രാഹുൽ പി.ഗോപാലിന്റെ സഹോദരി കാർത്തിക, അമ്മ ഉഷാകുമാരി എന്നിവരെ കൂടി പൊലീസ് പ്രതി ചേർത്തു. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. പൊലീസ് പ്രതിചേർത്തതോടെ ഇരുവരും മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. ഇരുവരുടെയും മുൻകൂർ ജാമ്യത്തിൽ നാളെ കോടതി വാദം കേൾക്കും. നേരത്തെ ഇവരെ ചോദ്യം ചെയ്യാനായി ഫറോക്ക് അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിയ നിലയിലായതിനാൽ ചോദ്യം ചെയ്യാനായില്ല. 

പിന്നീട് ഇവർക്കു നോട്ടിസ് നൽകിയെങ്കിലും ഉഷാകുമാരി ചികിത്സയിലാണെന്നായു കാണിച്ച് ഹാജരായില്ല. ഇതിനിടെയാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. രാജ്യം വിട്ട രാഹുൽ പി.ഗോപാലിനെ കണ്ടെത്താനായി ഇന്റ‍ർപോൾ മുഖേന പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാഹുൽ പി.ഗോപാൽ ജർമനിയിലെത്തിയതായി ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് പുറപ്പെടുവിച്ചത്. എറണാകുളം സ്വദേശിയായ പെൺകുട്ടിക്കാണ് വിവാഹം കഴിഞ്ഞതിന്റെ ഏഴാംനാൾ ഭർത്താവിൽ നിന്നു ക്രൂരമർദനമേറ്റത്.

Follow us on :

More in Related News