Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി. എൻ. പണിക്കർ ഫൗണ്ടേഷന്റെ മൊബൈൽ സയൻസ് എക്സ്പ്ലോറിറ്ററി ബസ് വൈക്കത്ത് പര്യടനം നടത്തി.

23 Jan 2026 21:14 IST

santhosh sharma.v

Share News :

വൈക്കം: ശാസ്ത്ര വിദ്യാഭ്യാസവും ലഹരിവിരുദ്ധ ബോധവത്കരണവും ശക്തിപ്പെടുത്തുന്നതിനായി പി.എൻ. പണിക്കർ ഫൗണ്ടേഷൻ ആരംഭിച്ച മൊബൈൽ സയൻസ് എക്സ്പ്ലോറേറ്ററി & ആന്റി-നാർക്കോട്ടിക് ബസ് വൈക്കത്ത് പര്യടനം നടത്തി. ഭാരത സർക്കാരിന്‍റെ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന്‍റെ സഹകരണത്തോടുകൂടിയുള്ളതാണ് ഈ മൊബൈൽ സയൻസ് എക്സ്പ്ലോറിറ്ററി ബസ്. സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും നേരിട്ട് എത്തി വിദ്യാർത്ഥികൾക്കിടയില്‍ ശാസ്ത്രബോധവും ആരോഗ്യകരമായ, ലഹരിയില്ലാത്ത ജീവിതത്തിന്‍റെ പ്രാധാന്യവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പര്യടനം. അലങ്കരിച്ച വലിയ ബസിൽ ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നേട്ടങ്ങൾ, ശാസ്ത്രീയതയിൽ ഊന്നിയ കൃഷി രീതികൾ, വായന ലഹരിയാക്കാനുള്ള സന്ദേശങ്ങൾ തുടങ്ങി നിരവധി കൗതുകങ്ങൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബസിന്‍റെ പിന്നിൽ ഘടിപ്പിച്ചിട്ടുള്ള വീഡിയോ വാളിൽ ഹ്രസ്വ ചിത്രങ്ങളും പ്രദർശിപ്പിക്കും. രാഷ്ട്രീയ, സാമൂഹ്യ, ശാസ്ത്ര പ്രതിഭകൾക്ക് ജനങ്ങളുമായി സംവദിക്കാനുള്ള ഒരു ഇൻബിൽറ്റ് സ്റ്റേജും ബസിൽ ഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 3 മാസം ബസ് സഞ്ചരിക്കും. പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ ക്യാമ്പസ് സന്ദർശനങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്. വിവിധ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാമൂഹിക ഉത്തരവാദിത്ത ബോധവും വളർത്തുകയാണ് ഉദ്ദേശലക്ഷ്യം. വെള്ളിയാഴ്ച രാവിലെ തലയോലപ്പറമ്പ് ഐ സി എം കമ്പ്യൂട്ടേഴ്സിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ലഹരിക്കെതിരെ ഐ സി എമ്മിലെ ഐ ടി ഐ വിദ്യാർഥികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.തുടർന്ന് വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. ഐസിഎം കമ്പ്യൂട്ടേഴ്സ് ഡയറക്ടർ 

സോജൻ ജോസ്, പി. എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി പി. രാജീവ്,

റിട്ടേഡ് എംപ്ലോയ്മെൻറ് ഓഫീസർ എം.കെ ഇന്ദിര, ഐസിഎം കമ്പ്യൂട്ടർ പ്രൈവറ്റ് ഐടിഐ പ്രിൻസിപ്പൽ അമ്പിളി .എൻ നായർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് കൊതവറ സെൻ്റ് സേവ്യേഴ്സ് കോളേജ്, വൈക്കം ശ്രീ മഹാദേവ കോളേജ്, തലയോലപ്പറമ്പ് ഡി.ബി കോളേജ് എന്നിവിടങ്ങളിലും പര്യടനം നടത്തി.ബസ് സന്ദർശനത്തിന്‍റെ ഭാഗമായി വിദ്യാലയങ്ങളില്‍ മൊബൈൽ സയൻസ് എക്സ്പ്ലോറേഷൻ, ലഹരിവിരുദ്ധ ബോധവത്കരണം, ഐ.ടി. ക്വിസ്, ഫ്ലാഷ് മോബുകൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതാണ്. വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനും സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കാനുമായി രൂപകൽപ്പന ചെയ്ത ഈ സംരംഭം, വിദ്യാഭ്യാസ രംഗത്തും സാമൂഹിക ബോധവത്കരണ രംഗത്തും ഒരു മാതൃകയായി മാറും.

Follow us on :

More in Related News