Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓറഞ്ച് അലർട്ട്: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം, നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

13 Aug 2024 21:21 IST

WILSON MECHERY

Share News :

തൃശൂർ:

അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് തൃശൂർ ജില്ലയിൽ നാളെ (ഓഗസ്റ്റ് 14) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വിവിധ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് ഓഫീസ് മേധാവിമാർക്കും, ജീവനക്കാർക്കും നിർദ്ദേശം പുറപ്പെടുവിച്ച് ഉത്തരവിറക്കി. 

1) ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ) തുടർന്നാൽ മണ്ണിടിച്ചിൽ, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് എന്നിവ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതകൾ വർധിപ്പിക്കും. അതുകൊണ്ട് നിർബന്ധമായും അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ മുൻകൂട്ടി മാറ്റി താമസിപ്പിക്കണം.

2) നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യത കണക്കിലെടുത്ത് അവ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിനായി ആക്ഷൻ പ്ലാനുകൾ തയ്യാറാക്കി നടപ്പിലാക്കണം.

3) ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്. പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം.

4) വയൽപ്രദേശം, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളായി വിദഗ്ധസമിതി കണ്ടെത്തിയ പ്രദേശങ്ങൾ തുടങ്ങിയ ദുരന്തസാധ്യത മേഖലകളിൽ ഉള്ളവരെ ആവശ്യമെങ്കിൽ ഉടൻതന്നെ മുൻകരുതലിന്റെ ഭാഗമായി ബന്ധുവീടുകളിലേക്കോ, ക്യാമ്പുകളിലേക്കോ മാറ്റണം. അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ പകൽ സമയത്ത് തന്നെ ആളുകളെ മാറ്റി താമസിപ്പിക്കണം. വരും ദിവസങ്ങളിലെ ദിനാന്തരീക്ഷാവസ്ഥയും കാലാവസ്ഥാ മുന്നറിയിപ്പുകളും സൂക്ഷ്മമായി വിലയിരുത്തേണ്ടതുമാണ്. 

5) ശക്തമായ കാറ്റിനെ തുടർന്നുണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളെ മുൻകൂട്ടി കണ്ട് അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, ബോർഡുകൾ, ഇലക്ട്രിക്ക് പോസ്റ്റുകൾ തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണം.

6) വൈദ്യുത പോസ്റ്റുകളുടെയും, ട്രാൻസ്ഫോർമറുകളുടെയും മറ്റും സുരക്ഷ പരിശോധകൾ കെ. എസ്. ഇ. ബി അടിയന്തരമായി പൂർത്തീകരിക്കേണ്ടതാണ്. 24*7 മണിക്കൂറും കെ. എസ്. ഇ. ബി കണ്ട്രോൾ റൂമുകൾ തുറന്നു പ്രവർത്തിക്കണം.

7) രാത്രി കാലങ്ങളിൽ മഴ തുടരുന്നപക്ഷം, മണ്ണിടിച്ചിൽ സാധ്യതയുള്ള റോഡുകൾ വഴിയുള്ള ഗതാഗത നിയന്ത്രണം ആവശ്യമാണെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾ കൂടിയാലോചിച്ച് തീരുമാനിച്ച് വിവരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്യണം.

8) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗരേഖയായ 'ഓറഞ്ച് ബുക്ക് 2024' ന് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ- പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. 

9) നിലവിലെ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2024 ൽ വൾനറബിൾ ഗ്രൂപ്പ് (Vulnerable Group) എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

10) താലൂക്ക് കൺട്രോൾ റൂമുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേതുൾപ്പെടെയുള്ള മറ്റ് വകുപ്പുകളുടെ കൺട്രോൾ റൂമുകളും 24*7 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

11) നദികളിലും, ഡാമുകളിലും, റെഗുലേറ്ററുകളിലും ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കണം. തുറക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ജില്ലാദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിക്കായി നേരത്തെ റിപ്പോർട്ട് ചെയ്യണം.

12) ഡാമുകളുടെ റൂൾ കർവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

13) വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കണം. 

14) നിർമ്മാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ ബോർഡുകൾ യാത്രക്കാർക്ക് കാണുന്ന തരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണം. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഒരു പരിശോധന നടത്തി സുരക്ഷ ബോർഡുകൾ ഇല്ലാത്ത ഇടങ്ങളിൽ അവ സ്ഥാപിക്കേണ്ടതാണ്.

15) റോഡുകളിൽ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളിൽ ഇത് ലഘൂകരിക്കാൻ നടപടികൾ സ്വീകരിക്കണം. 

16) ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗങ്ങളെ ആവശ്യമെങ്കിൽ മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടികൾ ജില്ലാ പട്ടികവർഗ വികസന ഓഫീസർ സ്വീകരിക്കേണ്ടതാണ്.

മേൽ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവികൾ, സബ് ഡിവിഷണൽ മജിസ്ട്രേ‌റ്റുമാർ, ജില്ലാ ഫയർ ഓഫീസർ, ഇൻസിഡൻ്റ് കമാൻ്റർമാർ കൂടിയായ തഹസിൽദാർമാർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, ജിയോളജിസ്റ്റ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർമാർ, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ, ഡിവിഷണൽ ഫോറസ്റ്റ് ആഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ ജില്ലാ ഓഫീസ് മേധാവികളെയും ചുമതലപ്പെടുത്തി.

നിർദ്ദേശങ്ങൾ ലംഘിക്കുന്നവരും ലംഘിക്കുവാൻ പ്രേരിപ്പിക്കുന്നവരും ദുരന്ത നിവാരണ ആക്റ്റ് 2005 ലെ ചാപ്റ്റർ X പ്രകാരമുള്ള ശിക്ഷാ നടപടികൾക്ക് വിധേയരായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Follow us on :

More in Related News