Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി നാളിൽ ദർശന സായൂജ്യം തേടി എത്തിയത് ഭക്തസഹസ്രങ്ങൾ.

23 Nov 2024 08:54 IST

santhosh sharma.v

Share News :

വൈക്കം: സർവ്വാഭരണ വിഭൂഷിതമായ വൈക്കത്തപ്പന്റെ മോഹന രൂപം ദർശിച്ച് സായൂജ്യം നേടുവാൻ വൈക്കത്തഷ്ടമി നാളിൽ

എത്തിയത് ഭക്തസഹസ്രങ്ങൾ. പതിനൊന്നാം ഉൽസവ നാളിലെ വിളക്കെഴുന്നള്ളിപ്പ് ശ്രീകോവിലിലേക്ക് കയറുമ്പോൾ തന്നെ അഷ്ടമി തൊഴുവാനുള്ള ഭക്തരുടെ നീണ്ട നിരയായിരുന്നു നാല് ഗേപുര നടകളിലും അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30 ന് തന്ത്രി കിഴക്കി നേടത്ത് മേക്കാട് മാധവൻ നമ്പൂതിരി , ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നട തുറന്ന് ഉഷ: പൂജ, എതൃത്തപൂജ എന്നിവയ്ക്ക് ശേഷം അഷ്ടമി ദർശനത്തിനായി നട തുറന്നപ്പോൾ വേദമന്ത്രോച്ചാരണവും പഞ്ചാക്ഷരി മന്ത്രവും ക്ഷേത്രനഗരിയിൽ മുഴങ്ങി. വൈക്കത്തപ്പാ..... അഭയം തരണമെയെന്ന പ്രാർത്ഥനയുമായി ഭഗവാനെ ഒരു നോക്കു കാണുവാൻ തൊഴുകൈയ്കളോടെ ഭക്തർ മണിക്കൂറുകളോളം കാത്തു നിന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കു ഭാഗത്തുള്ള ആൽത്തറയിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിയ്ക്ക് ശ്രീ പരമേശ്വരൻ പാർവതി സമേതനായി ദർശനം നല്കി അനുഗ്രഹിച്ച പുണ്യ മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം കൊണ്ടാടുന്നത്. അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധാനത്തിൽ അഷ്ടമി ദിനത്തിൽ 121 പറ അരിയുടെ പ്രാതലും ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. ഊട്ടുപുരയുടെ ഇരുനിലകളിലുമായി രാവിലെ 11 മുതൽ നടക്കുന്ന അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കും. അഷ്ടമി ദിനത്തിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സുഗമമായ ദർശനത്തിനായി പോലീസും,ദേവസ്വം ബോർഡും ചേർന്ന് പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കി ബാരിക്കോഡുകൾ കെട്ടി അത് വഴി ഭക്തരെ കടത്തിവിട്ടാണ് തിരക്ക് നിയന്ത്രിച്ചത്. അഷ്ടമിയുടെ പ്രധാന ചടങ്ങായ അഷ്മി വിളക്ക് ഇന്ന് രാത്രി 10 ന് നടക്കും. ദേശത്തെ ഏഴ് ദേവി, ദേവന്മാർ എഴുന്നള്ളുന്നതാണ് അഷ്ടമിവിളക്ക്.തുടർന്ന് ദു:ഖഭാരത്തോടെ ഭഗവാൻ്റെ ശ്രീകോവിലിലേക്കുള്ള മടക്കം സൂചിപ്പിക്കുന്ന വിടപറയൽ ചടങ്ങ് നടക്കും.പ്രത്യേകമായി ചിട്ടപ്പെടുത്തിയ ദുഖകണ്ഠാരം എന്ന 

ദു:ഖരാഗത്തിലുള്ള നാദസ്വരം ഭക്തരെ ഏവരെയും വേദനയിലാക്കും. പിതൃ പുത്ര ബന്ധത്തിൻ്റെ ആഴവും വിടപറയലിൻ്റെ വേദനയും ഏറ്റുവാങ്ങി ഭക്തസഹസ്രങ്ങൾ ക്ഷേത്രം വിടുന്നതോടെ 12 ദിനരാത്രങ്ങളിലായി കൊടിമരച്ചുവട്ടിൽ ജ്വലിച്ച് നിന്ന കെടാവിളക്കിൻ്റെ തിരിനാളം താഴും.

Follow us on :

More in Related News