Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2024 21:24 IST
Share News :
മലപ്പുറം : വാഹനാപകടത്തില്‍ മരിച്ച മകള്‍ ഫാത്തിമ തസ്‌കിയ(24)യെ അവസാനമായി ഒരുനോക്ക് കാണാന്‍ ജയിലില്‍ കഴിയുന്ന പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒഎംഎ സലാം പരോളിലെത്തി. മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിലും തുടര്‍ന്ന് നടന്ന ഖബറടക്കച്ചടങ്ങിലും അദ്ദേഹം സംബന്ധിച്ചു. മകളുടെ മരണത്തെ തുടര്‍ന്ന് പരോള്‍ ലഭിച്ച അദ്ദേഹം ഡല്‍ഹിയിലെ ജയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് മഞ്ചേരിയിലെ വീട്ടിലെത്തിയത്. ഫാത്തിമ തസ്‌കിയയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ഇ ടി മുഹമ്മദ് ബഷീർ എംപി ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആയിരങ്ങൾ മഞ്ചേരിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ തസ്‌കിയ കഴിഞ്ഞദിവസം കല്‍പ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ് മീറ്റിങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ചുവരുന്നതിനിടെ പിണങ്ങോട് നിന്ന് പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവില്‍ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന അജ്മിയക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
മകളുടെ ആകസ്മിക വേര്‍പാടില്‍ ഹൃദയം തകരുമ്പോഴും വിശ്വാസിയുടെ പക്വതയോടെയായിരുന്നു ഒഎംഎ സലാം സാഹചര്യത്തെ നേരിട്ടത്. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവം തങ്ങളെ ഒരു അമാനത്ത് ഏല്‍പ്പിക്കുകയുണ്ടായി. അല്ലാഹുവിന്റെ അലംഘനീയമായ സമയപരിധി കഴിഞ്ഞപ്പോള്‍ അല്ലാഹു അത് തിരിച്ചെടുത്തിരിക്കുകയാണെന്നും മകളുടെ വേര്‍പാടിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. എല്ലാ കാര്യത്തിലും എന്നേക്കാള്‍ മുന്‍പന്തിയിലായിരുന്നു മകള്‍ എന്നും അവള്‍ തന്നേക്കാള്‍ നന്നായി ഖുര്‍ആന്‍ ഓതി, തന്നേക്കാള്‍ നന്നായി എഴുതി, തന്നേക്കാള്‍ നന്നായി വരച്ചു, തന്നേക്കാള്‍ നന്നായി പഠിച്ചു, അവള്‍ തന്നേക്കാള്‍ വളരെയേറെ ഖുര്‍ആന്‍ മനപ്പാഠമാക്കി, തന്നേക്കാള്‍ മുമ്പേ അല്ലാഹുവിങ്കലേക്ക് പോവുകയും ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് നിരോധിക്കുന്നതിനു മുന്നോടിയായാണ് 2022 സപ്തംബര്‍ 22ന് ഒഎംഎ സലാം അടക്കമുള്ള നൂറിലേറെ നേതാക്കളെ അറസ്റ്റ് ചെയ്തത്. ഏതാനും വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ മകന്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.