Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് മയക്ക്മരുന്ന് ഗുളികകളുമായി എക്സൈസിൻ്റെ പിടിയിൽ

08 Nov 2024 19:31 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



കൊച്ചി: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ മയക്ക് മരുന്ന് ഗുളികളുമായി പിടിയിലായതോടെ വീണ്ടും ജയിലിലായി.


 കൊച്ചി ഗാന്ധി നഗർ ഉദയ കോളനി നമ്പർ 102 ൽ നീഗ്രോ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് ബാലൻ (38) ആണ് എറണാകുളം എക്സൈസ് റേഞ്ചിൻ്റെ പിടിയിലായത്. 


ഇയാളുടെ പക്കൽ നിന്ന് അത്യന്തം വിനാശകാരിയായ 40 എണ്ണം (22.405 ഗ്രാം) നൈട്രോസെപാം സെഡേറ്റീവ് ഗുളികകൾ കണ്ടെടുത്തു. 


അമിത ഭയം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സമാശ്വാസമേകുന്നതിനായി നൽകി വരുന്നതാണ് നൈട്രോസെപാം ഗുളികകൾ.


 ഇത്തരത്തിലുള്ള മയക്ക് മരുന്ന് 20 ഗ്രാമിൽ അധികം കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അധീവ ഗൗരവകരമായ കൃത്യമാണ്. 


വെറും നാല് രൂപ വിലയുള്ള ഒരു മയക്ക് മരുന്ന് ഗുളിക 200 രൂപക്കാണ് ഇയാൾ മറിച്ച് വിൽപ്പന നടത്തി വന്നിരുന്നത്.


 രണ്ട് മാസം മുൻപ് കാക്കനാട് തുതിയൂരിൽ നിന്ന് 56 എണ്ണം നൈട്രോസെപാം ഗുളികകളുമായി ഒരാളെ എക്സൈസിൻ്റെ പ്രത്യേക സംഘം പിടി കൂടിയിരുന്നു.


 ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകുന്ന നീഗ്രോ സുരേഷിനെ കുറിച്ചുള്ള വിവരം എക്സൈസ് എൻഫോഴ്സ്മെൻ്റ് സംഘത്തിന് ലഭിക്കുന്നതും ഇതു പ്രകാരം ഇയാൾ പിടിയിലാകുന്നതും. 


നേരത്തെ 100 ലേറെ മയക്ക് മരുന്ന് ഇഞ്ചക്ഷൻ ഐപി ആംപ്യൂളുകളുമായി ഇയാൾ എക്സൈസിൻ്റെ പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്നതാണ്.


 ഇയാളുടെ പേരിൽ മോഷണം, അടിപിടി, ഭവനഭേദനം , ഭീഷിണിപ്പെടുത്തൽ, മയക്ക് മരുന്ന് കടത്തൽ എന്നീ കുറ്റകൃത്യങ്ങൾക്ക് വിവിധ സ്റ്റേഷനുകളിൽ നിലവിൽ കേസുകൾ ഉള്ളതാണ്. 


ഗുണ്ടാലിസ്റ്റിൽ പെടുത്തി തടവിൽ പാർപ്പിച്ചിരുന്ന ഇയാൾ ഈ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. 


ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ബസ് മാർഗ്ഗം കോയമ്പത്തൂർ പോയി മയക്ക് മരുന്ന് ഗുളികകൾ വാങ്ങിയ ശേഷം പരിശോധകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഇയാൾ ഗുളികകൾ കാലിൻ്റെ തുടഭാഗത്ത് വച്ച് സെലോ ടേപ്പ് ഉപയോഗിച്ച് ചുറ്റി കെട്ടി കടത്തി കൊണ്ട് വരുകയാണ് ചെയ്തിരുന്നത് വെളിപ്പെടുത്തി.


 വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ തന്നെ തങ്ങുന്ന വിദ്യാര്‍ത്ഥി , വിദ്യാര്‍ത്ഥിനികളാണ് ഇയാൾ വിരിക്കുന്ന ലഹരി വലയില്‍ കൂടുതലും അകപ്പെട്ട് പോകുന്നത് എന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി.


 നേരത്തെ വ്യാജ കുറിപ്പടി തരപ്പെടുത്തി ഇത്തരം മയക്ക്മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നത് വ്യാപകമായിരുന്നു. 


എക്സൈസ് പരിശോധനകൾ കടുപ്പിച്ചതോടെ ഇത് പൂർണ്ണമായും ഇല്ലാതായിരുന്നു.


 ഷെഡ്യൂൾഡ് എച്ച് 1 വിഭാഗത്തിൽപ്പെടുന്ന ഈ മയ്ക്ക് മരുന്ന് വളരെ അപൂർവ്വം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. 


ഈ മയക്ക് മരുന്ന് ഗുളികകൾ ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ വഴി ലഭിക്കുന്ന ഒന്നാണ്. ഈ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുകളിൽ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കൽ സ്റ്റോറുകളിൽ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്.


 ഇത്തരത്തിലുള്ള മയക്ക് മരുന്നിൻ്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും.  


കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും എച്ച്ഡി വിഷനിൽ വർണ്ണങ്ങൾ കാണാൻ കഴിയുമെന്നും ബുദ്ധി കൂടുതൽ ഷാർപ്പ് ആകുമെന്നൊക്കെ പറഞ്ഞ് തെറ്റി ധരിപ്പിച്ചാണ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതിയുവാക്കളെ പ്രധാനമായും ഇതിലേക്ക് ആകർഷിച്ചിരുന്നത്. 


 ഇതിൻ്റെ അനാവശ്യമായ ഉപയോഗം അമിത രക്ത സമർദ്ദത്തിന് ഇടയാകുവാനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതം സംഭവിക്കുവാനും മൂകമായ അവസ്ഥയിൽ എത്തിച്ചേരുവാനും ഇതേ തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 


മയക്ക് മരുന്ന് കൈമാറുന്നതിനായി ഇടപാടുകാരെ കാത്ത് കടവന്ത്ര മാതാനഗർ റോഡിൽ നിൽക്കുകയായിരുന്ന ഇയാളെ എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.  


പിടിക്കപ്പെട്ടു എങ്കിലും അമിതമായി ലഹരി ഗുളികകള്‍ കഴിച്ചതു മൂലം ഇയാൾ അലറി വിളിച്ച് കൂടുതല്‍ അക്രമങ്ങള്‍ അഴിച്ചു വിട്ടത് കണ്ട് നിന്ന നാട്ടുകാരിൽ ഭീതി പടർത്തി. പ്രാഥമിക ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികില്‍സ നല്‍കിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. 


ഈ ലഹരി മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും, ഇയാളുടെ കെണിയില്‍ അകപ്പെട്ട് പോയ യുവതി, യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കൂടാതെ നിരവധി മയക്ക് മരുന്ന് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതാണെന്നും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എം. മജു അറിയിച്ചു.


 എറണാകുളം റേഞ്ച് ഇൻസ്പെക്ടർ വി.സജി, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഐ.ബി പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം റേഞ്ചിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ ടി.എം. വിനോദ്, കെ.കെ അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽദേവ് , ജിഷ്ണു മനോജ്, വനിതാ സിഇഒ റസീന വി ബി. എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Follow us on :

More in Related News