Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2025 09:14 IST
Share News :
കൊച്ചി: സമൂഹത്തിൽ വളർന്നുവരുന്ന ലഹരി ഉപയോഗത്തിലും കുറ്റകൃത്യങ്ങളിലും 2K കുട്ടികളെ മാത്രം പ്രതിക്കൂട്ടിലാക്കുന്നതിൽ വിമർശനവുമായി പ്രമുഖ മാധ്യമപ്രവർത്തകൻ രോഹിത് എസ് രോഹിത് രംഗത്ത്. അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
സമൂഹത്തിൽ നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളുടെയും കൊള്ളരുതായ്മകളുടെയും ഉത്തരവാദിത്വം 2K പിള്ളേരുടെ തലയിൽ വെച്ച് കെട്ടാനുള്ള നീക്കങ്ങൾ യോജിക്കുവാനാകാത്തതാണ്. ഇന്നിന്റെ കൗമാരക്കാരെ കുറ്റപ്പെടുത്തിയത് കൊണ്ട് ഈ നാട് നന്നാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് കേവലം തെറ്റിദ്ധാരണ മാത്രമാണ്. മാറേണ്ടതും മാറ്റേണ്ടതും നമ്മുടെ അധ്യാപന രീതി ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്നെയാണ്. സിനിമകളും സാമൂഹ്യ മാധ്യമങ്ങളും കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നുണ്ടെന്ന് എല്ലാവരും ഇപ്പോൾ പറയുന്നുണ്ടല്ലോ. അതുമാത്രമല്ല ഇന്നത്തെ വിദ്യാർത്ഥികളെ ബാധിക്കുന്നത്. നമ്മുടെ അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളെ ഏതു നിലയിലാണ് പരിപോഷിപ്പിക്കുന്നത് എന്നതുകൂടി എല്ലാവരും ചിന്തിക്കേണ്ടതുണ്ട്. എന്നെ വർഷങ്ങൾക്കു മുമ്പ് സ്കൂളിൽ പഠിപ്പിച്ച തങ്കമണി ടീച്ചറിനെ ഞാനിന്നും ഓർക്കാറുണ്ട്. സ്കൂൾ കാലഘട്ടത്തിൽ പലപ്പോഴും നന്നായി പഠിക്കാത്തതുകൊണ്ടും കുസൃതികൾ കാട്ടിയപ്പോഴും ടീച്ചറുടെ കയ്യിൽ നിന്നും തല്ല് കിട്ടിയിട്ടുണ്ട്. എത്രയോ കാലങ്ങൾക്കിപ്പുറം ആ തല്ലുകൊണ്ടതിനെ ഓർക്കുമ്പോൾ ഇന്നത്തെ എന്നെ വാർത്തെടുക്കുന്നതിൽ ആ കാലഘട്ടം വഴിയൊരുക്കിയെന്ന് വേണം പറയുവാൻ. അത്തരത്തിൽ ഒരുപിടി അധ്യാപകർ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നിപ്പോൾ എന്റെ വീട്ടിൽ ഭാര്യ ഒരു അധ്യാപികയാണ്. ഞാനും പഠനം പൂർത്തിയാക്കി ഒരുപക്ഷേ ഇന്നത്തെ 2K കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ തുടക്കകാലത്ത് കുറച്ചെങ്കിലും അധ്യാപന ജോലി എടുത്തിട്ടുള്ള ഒരാളാണ്. ഭാര്യയിൽ നിന്നും സ്കൂളിലെ വിശേഷങ്ങളും ഇന്നത്തെ വിദ്യാർത്ഥി- അധ്യാപക ബന്ധത്തിന്റെ ആഴവും പരപ്പുമെല്ലാം അറിയാറുണ്ട്. ഞാൻ അധ്യാപകനായി സേവനം അനുഷ്ഠിച്ച ചെറിയ കാലയളവും എന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്. ഈ മൂന്നു കാലഘട്ടങ്ങളും പരസ്പരം താരതമ്യം ചെയ്യുമ്പോൾ ഒരുകാലത്ത് വിദ്യാർത്ഥികളെ നല്ല വഴിക്ക് നടത്തിയതിൽ അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണെന്ന് അടിവരയിട്ട് പറയാം. ഇന്നത്തെ കാലത്ത് വിദ്യാർത്ഥികളെ നല്ല വഴിക്ക് നടത്തുവാൻ ഏതെങ്കിലും അധ്യാപകൻ പരിശ്രമിച്ചാൽ അയാൾ നേരിടേണ്ടി വരുക വലിയ പ്രതിസന്ധികളെയാകും. എങ്കിലും ഒരു അധ്യാപകൻ കുട്ടിക്ക് നല്ലത് വരണമെന്ന് ചിന്തിച്ച് കുഞ്ഞു വടികൊണ്ട് ഒരു തട്ട് കൊടുത്താൽ പോലും രക്ഷകർത്താക്കൾ ഈ നാട്ടിലെ മാധ്യമങ്ങളെ വിളിച്ച് അത് വാർത്തയാക്കി, ആ അധ്യാപകന്റെ ജോലി തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് വരെ എത്തിക്കാറുണ്ട്. ഒരിക്കലും അധ്യാപകർക്ക് ഈ കുട്ടികളോട് വ്യക്തിവൈരാഗ്യം ഉണ്ടാകാറില്ല. കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടി ചെറിയ ശിക്ഷാനടപടികൾ ഏർപ്പെടുത്തുന്നത് ഈ രീതിയിൽ വാർത്തയാക്കുകയും പ്രതിഷേധമുയർത്തുകയും ഒക്കെ ചെയ്യുമ്പോൾ പിന്നീട് വരുന്ന ഓരോ അധ്യാപകർക്കും കുട്ടിയെ വഴക്കു പറയുവാൻ പോലും പേടിതോന്നും. ഇവിടുത്തെ 2K കുട്ടികളെയും ഭരണകൂടത്തെയും അന്വേഷണ സംവിധാനങ്ങളെയും കുറ്റപ്പെടുത്തുന്ന മാധ്യമങ്ങൾക്കും ഇന്നത്തെ ദുർഗതിയിൽ പങ്കുണ്ട്.
അതുകൊണ്ടുതന്നെ എല്ലാവരുടെയും ഇത്തരത്തിലുള്ള രീതികൾക്കും സമീപനങ്ങൾക്കും ആണ് മാറ്റം ഉണ്ടാകേണ്ടത്.
Follow us on :
More in Related News
Please select your location.