Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിപ, എം പോക്സ്: ജാഗ്രതയില്‍ ആരോഗ്യവകുപ്പ്, എം പോക്സ് വകഭേദം കണ്ടെത്താന്‍ ശ്രമം

20 Sep 2024 10:55 IST

- Shafeek cn

Share News :

മലപ്പുറം: ജില്ലയില്‍ നിപയും എം പോക്‌സും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. മലപ്പുറത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 267 പേരാണുള്ളത്. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവായത് ആശ്വസമായിട്ടുണ്ട്. എം പോക്‌സില്‍ നിലവില്‍ നാട്ടിലെ സമ്പര്‍ക്കപ്പട്ടികയില്‍ 23 പേരാണ് ഉള്ളത്. രോഗി സഞ്ചരിച്ച വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരാണ് ആ പട്ടികയില്‍ ഉള്ളത്. എം പോക്‌സ് വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.


ഏഴുപേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 37 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്ളവര്‍ക്ക് പ്രതിരോധ മരുന്നു നല്‍കി. വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കും. വീട്ടുവളപ്പിലെ പഴങ്ങള്‍ നിപ രോഗി ഭക്ഷിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് ഉറവിടം എന്നാണ് അനുമാനമെന്നും മന്ത്രി പറഞ്ഞു.


എം പോക്സ് ബാധിച്ച രോഗിയുടെ നില തൃപ്തികരമാണെന്ന് പറഞ്ഞ മന്ത്രി 23 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. രോഗിയ്ക്ക് പിടിപെട്ടത് ഏത് വകഭേദം ആണെന്ന് കണ്ടെത്താന്‍ പരിശോധന നടത്തുന്നുണ്ടെന്നും 2 ബി ആണെങ്കില്‍ വ്യാപനം കുറവാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. 1 ബിയ്ക്ക് വ്യാപനശേഷി വളരെ കൂടുതലാണ്. ആഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം ഇതാണ്. ഏത് വകഭേദം ആണെന്നതില്‍ ഇന്ന് രാവിലെ പരിശോധനാഫലം ലഭിച്ചേക്കും.


എന്താണ് എംപോക്സ്?


ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.



രോഗം പകരുന്ന രീതി


കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.


ലക്ഷണങ്ങള്‍


പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.


Follow us on :

More in Related News