Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ എൻ ഡി എ സ്ഥാനാർഥി കെ.അജിത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം മഹിളാ റാലി സംഘടിപ്പിച്ചു.

31 Mar 2026 21:47 IST

santhosh sharma.v

Share News :

വൈക്കം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം വികസനത്തിൽ മുന്നേറുമ്പോൾ കേരളത്തിൽ മാത്രം യാതൊരു വികസനവും നടക്കുന്നില്ലെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

എൻ ഡി എ സ്ഥാനാർഥി കെ.അജിത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം തലയോലപ്പറമ്പിൽ നടന്ന മഹിളാ റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. മുൻപ് എം എൽ എ യായിരുന്ന  

കെ.അജിത്ത് കേരളത്തിൻ്റെയും വൈക്കത്തിൻ്റെയും വികസനത്തിന് വേണ്ടിയാണ് മുന്നണി ബന്ധം പോലും ഉപേക്ഷിച്ചതെന്നും നാടിൻ്റെയും ദളിതരുടെയും ഉന്നമനം ആഗ്രഹിക്കുന്ന അദ്ദേഹത്തെപ്പോലെയുള്ള ആളുകൾ എൻഡിഎയിലേക്ക് കടന്ന് വരുന്നതെന്നും രേഖ ഗുപ്ത പറഞ്ഞു. കേരളത്തിൽ മാറി മാറി ഭരണം നടത്തുന്ന എൽ ഡി എഫ് ,യു ഡി എഫ് മുന്നണികൾ ഭരണം കിട്ടിക്കഴിഞ്ഞാൽ അഴിമതിക്ക് വേണ്ടിയാണ് അവസരം ഉപയോഗിക്കുന്നതെന്നും പാവങ്ങൾക്ക് വേണ്ടി ഇവർ ഒന്നും ചെയ്യുന്നില്ലെന്നും തൊഴിലും ജോലി ചെയ്യുവാനുള്ള അവസരവും ഇല്ലാത്തതിനാൽ കേരളത്തിലെ യുവാക്കൾ വിദേശത്തേക്ക് കടക്കുകയാണെന്നും അവർ അഭിപ്രായപ്പട്ടു. കേരളത്തിന് വേണ്ടി എൻ.എച്ച് 66, റെയിൽവേ, വിഴിഞ്ഞം പോർട്ട് തുടങ്ങിയ നിരവധി പദ്ധതികൾ മോദിജിയാണ് നൽകിയത്. വനിതകൾക്കും കർഷകർക്കും യുവജനങ്ങൾക്കും നിരവധി പദ്ധതികളും കൊണ്ടുവന്നെങ്കിലും കേരളം പ്രയോജനപ്പെടുത്തിയില്ല. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാവരും വോട്ട് ചെയ്യണമെന്നും എൻ ഡി എയ്ക്ക് വോട്ട് ചെയ്താലെ വികസനവും മാറ്റവും കേരളത്തിൽ വരുകയുള്ളുവെന്നും രേഖാ ഗുപ്ത പറഞ്ഞു. എസ്.എൻ ട്രസ്റ്റ് അംഗം പ്രീതി നടേശൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നും, പ്രകൃതിയെ സംരക്ഷിക്കുവാൻ പോലും അറിയാത്ത മുന്നണികളാണ് കേരളം ഭരിക്കുന്നതെന്നും പ്രീതി നടേശൻ പറഞ്ഞു. പട്ടാളക്കാർക്ക് ആയുധം വാങ്ങാൻ പണമില്ലാതിരുന്ന കാലഘട്ടത്തിൽ നിന്നും അത്യാധുനിക ഉപകരണങ്ങൾ വാങ്ങുവാനും ലോകത്തിന് മുന്നിൽ തല ഉയർത്തി നിൽക്കാൻ കഴിയുന്നതും ലോക രാഷ്ട്രങ്ങളിൽ പ്രധാനമന്ത്രിയുടെ സ്വീകാര്യത കൊണ്ടാണെന്നും അവർ അഭിപ്രായപ്പെട്ടു. പാവപ്പെട്ട വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്ക് വേണ്ടിയുള്ള പദ്ധതി നടപ്പാക്കാതെ കേന്ദ്ര ഗവൺമെൻ്റിൻ്റെ പല പദ്ധതികളും പേര് മാറ്റി സ്വന്തം പദ്ധതി ആക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും പ്രീതി നടേശൻ പറഞ്ഞു.ബി ജെ പി ജില്ലാ വൈസ് പ്രസിഡൻ്റ് ലേഖ അധ്യക്ഷത വഹിച്ചു. പി.ആർ രജനി, ശ്യാമള എസ്. കുന്തർ, എൻ ഡി എ ജില്ലാ, നിയോജക മണ്ഡലം നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു. സംഗമത്തിന് മുന്നോടിയായി പള്ളിക്കല ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സെൻട്രൽ ജംഗ്ഷനിലേക്ക് നടന്ന റാലിയിൽ നൂറ് കണക്കിന് വനിതകൾ അണിനിരന്നു.

Follow us on :

More in Related News