Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ മണല്‍തിട്ട അടിയന്തിരമായി നീക്കാനും,മുനക്കക്കടവ് ഫ്ലോട്ടിംഗ് ജെട്ടി നിര്‍മ്മിക്കാനും ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ.അക്ബറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുനക്കക്കടവ് മിനി ഹാര്‍ബര്‍ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ തീരുമാനമായി

05 Aug 2024 20:30 IST

MUKUNDAN

Share News :

ചാവക്കാട്:ചേറ്റുവ അഴിമുഖത്തെ മണല്‍തിട്ട അടിയന്തിരമായി നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും,കടപ്പുറം പഞ്ചായത്ത് മുനക്കക്കടവിലെ നിലവിലെ വാര്‍ഫിനോട് ചേര്‍ന്ന് ഫ്ലോട്ടിംഗ് ജെട്ടി നിര്‍മ്മിക്കാനും ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ.അക്ബറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുനക്കക്കടവ് മിനി ഹാര്‍ബര്‍ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ തീരുമാനമായി.സമാന്തര ഹാര്‍ബര്‍ പ്രവര്‍ത്തനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും പോലീസ് സഹായത്തോടെ അനധികൃത പ്രവര്‍ത്തനത്തിനെതിരെ നടപടികള്‍ സ്വീകരിക്കാനും കടപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് എംഎല്‍എ കര്‍ശന നിര്‍ദ്ദേശം നല്‍കി.ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ അടിയന്തിരമായി കക്ഷി ചേരുന്നതിന് ഫിഷറീസ് വകുപ്പ് ഉപഡയറക്ടര്‍ക്കും എംഎല്‍എ നിര്‍ദ്ദേശം നല്‍കി.മത്സ്യബന്ധനം കഴിഞ്ഞ ബോട്ടുകള്‍ ഫിഷ് ലാന്‍റിംഗ് സെന്‍ററില്‍ കെട്ടിയിടുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതിന് കോസ്റ്റല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ആയത് പാലിക്കുന്നതില്‍ കോസ്റ്റല്‍ പോലീസ് വീഴ്ച വരുത്തിയതായി യോഗം വിലയിരുത്തി.ഇക്കാര്യത്തില്‍ എംഎല്‍എ അതൃപ്തി അറിയിക്കുകയും,കര്‍ശന നടപടി സ്വീകരിക്കുന്നതിന് കോസ്റ്റല്‍ പോലീസ് എസ്എച്ച്ഒ ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.കൂടാതെ ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് തടസ്സമാകുന്ന രീതിയില്‍ പുഴയില്‍ ആങ്കര്‍ ഇടുന്നതിനെതിരെയും നടപടി സ്വീകരിക്കാന്‍ എംഎല്‍എ പോലീസിന് നിര്‍ദ്ദേശം നല്‍കി.മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ഒന്നിലേറെ കാരിയര്‍ വള്ളങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ എറണാകുളം ജില്ലയില്‍ നിലവില്‍ ചെയ്യുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ അസി.ഫിഷറീസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.മത്സ്യതൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് സംബന്ധിച്ച ക്യാമ്പ് നടത്തുന്നതിനും ആയതിന് സോഷ്യല്‍ മീഡിയ പോലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വിപുലമായ പ്രചാരണം നടത്തുന്നതിനും രണ്ട് മേഖലകളിലായി മണത്തല സ്ക്കൂള്‍,ചേറ്റുവ സ്ക്കൂള്‍ എന്നിവിടങ്ങളില്‍ നടത്താനും തീരുമാനമായി.മുനക്കക്കടവ് ഫിഷ് ലാന്‍റിംഗ് സെന്‍ററിലെ കുടിവെള്ള പ്രശ്നം,സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപണി എന്നിവ അടിയന്തിരമായി പരിഹരിക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്സി.എഞ്ചിനീയര്‍ക്ക് എംഎല്‍എ കര്‍ശന നിര്‍ദ്ദേശം നല്‍കി.കുടിവെള്ള പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ലൈറ്റുകളുടെ അറ്റകുറ്റപണിക്ക് ടെണ്ടര്‍ ആയതായും എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.ഹാര്‍ബര്‍ ശുചീകരണം കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത് പരിഗണിക്കണമെന്ന് ഫിഷറീസ് ഉപ ഡയറക്ടര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി.എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാലിഹ ഷൌക്കത്ത്,മെമ്പര്‍മാരായ സമീറ,മുഹമ്മദ് മാഷ്,ഫിഷറീസ് ഉപ ഡയറക്ടര്‍ സുഗന്ധകുമാരി,അസി.ഫിഷറീസ് ഡയറക്ടര്‍ എം.എഫ്.പോള്‍,അസി.എക്സി.എഞ്ചിനീയര്‍ സാലി വി.ജോര്‍ജ്ജ്,വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.എം.അലി,ജലാലുദ്ധീന്‍,വി.പി.മന്‍സൂര്‍അലി,ഷൌക്കത്തലി,അബ്ദുള്‍ റസാക്ക്,മുജീബ് റഹ്മാന്‍,കെ.എം.അഷറഫ്,ഫീഷറീസ് പോലീസ്,ഹാര്‍ബര്‍ എഞ്ചിനീയറിംഗ്,മത്സ്യഫെഡ്,എം.പി.ഇ.ഡി.എ തുടങ്ങിയവയുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News