Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാമിയുടെ തിരോധാനം; പുതിയ അന്വേഷണത്തിന് പോലീസ്

01 Jun 2024 12:36 IST

Enlight Media

Share News :

കോഴിക്കോട് - റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ മുഹമ്മദ് ആട്ടൂരിനെ(മാമി) 9 മാസം മുൻപ് തലക്കുളത്തൂരിൽ നിന്നു കാണാതായ സംഭവത്തിൽ ലഭ്യമായ തെളിവുകൾ കോർത്തിണക്കി പ്രത്യേക അന്വേഷണം നടത്താൻ പൊലീസ്. ഇത് സംബന്ധിച്ച് ഡിജിപിയുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് ഉദ്യോഗസ്ഥ തല ചർച്ച നടക്കുന്നുണ്ട്.

മാമിയെ കാണാതായ ദിവസം നിശ്ചിത സമയത്തെ തലക്കുളത്തൂർ പ്രദേശത്തെ മൊബൈൽ ടവർ വഴി പ്രവർത്തിച്ച മൊബൈൽ ഫോൺ നമ്പറുകളാണ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു 2 ദിവസത്തെ മൊബൈൽ ഫോൺ ടവറുകളുടെ ടവർ ഡംപ് വിവരങ്ങൾ മൊബൈൽ ഫോൺ ദാദാക്കളിൽ നിന്നു കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിനു ലഭ്യമായത്.


നാലു മാസം മുൻപ് സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതിയോടെ മൊബൈൽ ഫോൺ സേവന ദാദാക്കൾക്കും, ഫോൺ ഐപി വിലാസം ലഭിക്കാൻ ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെ യുഎസ്എയിലെ അറ്റ്ലാന്റ ഗൂഗിൾ ആസ്ഥാനത്തും അന്വേഷണ സംഘം സന്ദേശം നൽകിയിരുന്നു.


അന്വേഷണത്തിൽ പ്രതികളെന്നു സംശയിക്കുന്നവരുടെ ഫോൺ നമ്പറുകൾ ഡംപിൽ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാൻ പൊലീസ് നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എഡിജിപി (ക്രമസമാധാന പാലനം) യുടെ മേൽ നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.


കാണാതായ ദിവസം മാമി തലക്കുളത്തൂരിൽ എത്തിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഈ സമയത്ത് മാമിയുടെ ഫോൺ പ്രവർത്തിച്ചതായും വിവരമുണ്ട്. പിന്നീടാണ് നിലച്ചത്. ഈ സാഹചര്യത്തിൽ മാമിയുടെ ഫോണിൽ വന്ന അവസാന ഫോൺ ആരുടേതെന്നു കണ്ടെത്താനാണ് നീക്കം.


മാത്രമല്ല സംഭവത്തിൽ ഇതുവരെ 234 പേരെ ചോദ്യം ചെയ്യുകയും എണ്ണൂറിലേറെ ഫോൺ നമ്പറുകൾ പരിശോധിച്ചിട്ടുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് കണ്ടെത്തിയ സമയത്ത് ടവർ വഴി 1800 ലേറെ ഫോൺ കോളുകൾ കടന്നു പോയതായാണ് വിവരം. സംശയ മുള്ളവരുടെ ഫോൺ വിവരങ്ങൾ ടവർ ഡംപ് വഴി കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.

2023 ഓഗസ്റ്റ് 21 നാണ് മാമിയെ കോഴിക്കോട് നഗരത്തിൽ നിന്നു കാണാതായത്. പിന്നീട് 22 ന് തലക്കുളത്തൂരിൽ എത്തിയതായും വിവരം ലഭിച്ചു. പത്തു ദിവസത്തിനു ശേഷമാണ് ബന്ധുക്കൾ പരാതി നൽകിയത്.


തുടർന്നു നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഒരു മാസത്തിനു ശേഷം സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.


അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനെ വഴി തിരിച്ചുവിടാൻ ചില ഭാഗത്തു നിന്നു ശ്രമം നടന്നിരുന്നു. പിന്നീട് ശാസ്ത്രീയ തെളിവുകൾ തേടിയാണ് അന്വേഷണം മുന്നോട്ട് പോയത്. ഇതിനായി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ടവർ ഡംപ് പരിശോധനയിലേക്കു പൊലീസ് നീങ്ങിയത്.


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ മറ്റു ജില്ലകളിലേക്കു സ്ഥലം മാറിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ ഇവരെ എത്രയും പെട്ടെന്നു തിരിച്ചു കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ട്.

മുഹമ്മദ് ആട്ടൂരിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വ്യവസായികളും വ്യാപാരികളും വിവിധ മേഖലയിലെ സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ ആയിരത്തോളം പേരുടെ വാട്സാപ് കൂട്ടായ്മ മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീറിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു.


അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണു ആവശ്യപ്പെടുന്നത്. മുഹമ്മദ് ആട്ടൂരിനെ കണ്ടെത്താൻ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നു ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്‌ഷൻ മിഷൻ (എച്ച്ആർപിഎം) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.

Follow us on :

More in Related News