Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2024 15:18 IST
Share News :
ഇടുക്കി /കെ. ചപ്പാത്ത്: കോടതിയെയും ജില്ലാ ഭരണകൂടത്തെയും നോക്കു കുത്തിയാക്കി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്തിൽ സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലത്ത് വീണ്ടും ബഹുനില കെട്ടിട നിർമാണം. ചപ്പാത്ത് സിറ്റിയിലാണ് സ്വകാര്യ വ്യക്തി ബഹു നില കെട്ടിട നിർമാണത്തിനായി പെരിയാർ നദി കൈയേറി ഫില്ലർ പണിതുയർത്തുന്നത്.
നേരത്തെ ചപ്പാത്തിൽ രണ്ട് കെട്ടിടങ്ങൾ അനധികൃതമായി പണിതുയർത്തുന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ജില്ലാ ഭരണ കൂടം ഇടപെട്ട് വില്ലേജ് ഓഫീസിൽ നിന്നും നിർമാണം നിർത്തി വയ്പ്പിക്കാൻ അടിയന്തിരമായി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഇതേ സ്ഥലത്ത് വീണ്ടും കഴിഞ്ഞ ദിവസം നിർമാണം ആരംഭിക്കുകയായിരുന്നു.
പെരിയാർ നദിയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തി നീരൊഴുക്കിനോട് ചേർന്നാണ് ബഹു നിലകെട്ടിട നിർമാണത്തിനായി ഫില്ലർ പണിതുയർത്തുന്നത്. നിലവിൽ ഫില്ലർ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള കമ്പികൾ കെട്ടിയിട്ടിരിക്കുകയാണ്.
പട്ടാപ്പകൽ നിർമാണം നടക്കുമ്പോഴും അയ്യപ്പൻകോവിൽ പഞ്ചായത്തോ വില്ലേജ് അധികൃതരോ ഇത് കണ്ടില്ലെന്ന് നടിക്കുന്നതിൽ വലിയ ദൂരൂഹതയുണ്ടെന്ന ആക്ഷേപവും പുറത്ത് വരുന്നുണ്ട്. അനധികൃത നിർമാണത്തിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഭൂ മാഫിയകൾക്ക് സഹായം ലഭിച്ചതായും വിവരങ്ങളുണ്ട്.
റവന്യൂ വകുപ്പിലെ ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഭൂ മാഫിയയും ചേർന്ന് നടത്തുന്ന വൻകിട ഇടപാടുകളാണ് കോടതി നിർദേശത്തെയും ജില്ലാ ഭരണകൂടത്തെയും പോലും മറികടന്ന് സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലത്ത് വീണ്ടും നിർമാണം നടക്കുന്നതിനു പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം.
അടുത്തിടെ പെരിയാർ തീര പ്രദേശങ്ങളിൽ നടന്ന അനധികൃത നിർമാണങ്ങളുടെ പിമ്പിൽ ഈ ഉദ്യോഗസ്ഥ- ഇടനിലക്കാരുടെ പ്രവർത്തനമുണ്ടെന്നും സൂചനകളുണ്ട്. വണ്ടിപ്പെരിയാർ മുതൽ ഉപ്പുതറ വരെ കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ പെരിയാർ തീരത്ത് നിരവധി കെട്ടിടങ്ങളാണ് പണിതുയർത്തിയിട്ടുള്ളത്.
പഞ്ചായത്ത് അധികൃതരോ, വില്ലേജ് അധികൃതരോ ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. പരാതി ഉയർന്നാൽ പോലും നടപടിയെടുക്കാൻ കൂട്ടാക്കാതെ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
നിലവിൽ ചപ്പാത്തിൽ നിർമാണം നടക്കുന്ന കൈയേറ്റക്കാരനുമായി റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരും പ്രദേശത്തെ രാഷ്ട്രീയ നേതാക്കളും അവിഹിത ഇടപാടുകൾ നടത്തിയതായിട്ടുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം അടക്കം നടത്തണമെന്നുള്ള ആവശ്യവും ശക്തമായിക്കൊണ്ടിരിക്കുകയാണ്.
Follow us on :
More in Related News
Please select your location.