Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാല് വയസ്സുകാരിയായ മകളെ കൊല്ലാൻ അമ്മ ശ്രമിച്ചത് പലവട്ടം: മൃതദേഹം കണ്ടെത്തിയത് പുഴയുടെ അടിതട്ടിൽ നിന്നും

20 May 2025 06:49 IST

Enlight News Desk

Share News :

എറണാകുളം മൂഴിക്കുളം പുഴയില്‍ നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപെടുത്തിയ മാതാവിന്റെ അറസ്റ്റ് ഇന്ന് രേഖപെടുത്തും.

തിരുവാങ്കുളത്ത് നാല് വയസ്സുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മാതാവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തും പൊലീസ് കസ്റ്റഡിയിലുള്ള യുവതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്ന് തന്നെ യുവതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തിയേക്കും. യുവതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പടെ കണ്ടെത്താനാണ് പൊലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്യുന്നത്. അതേ സമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ നേരത്തെയും കുട്ടിയെ അമ്മ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവിന്റെ കുടുംബം ആരോപിച്ചിരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കുട്ടിയെ യുവതി പലതവണ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് പുത്തന്‍കുരിശ് പൊലീസിന് കുടുംബം മൊഴി നല്‍കിയിരുന്നു.ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു കുട്ടിയുടെ അമ്മയെന്നും ബന്ധു പ്രതികരിച്ചിരുന്നു.

 മൂഴിക്കുളം പുഴയില്‍ നിന്നാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്‌കൂബ ഡൈവിങ് സംഘവും രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിലിനൊടുവിലാണ് മൂഴിക്കുളത്തെ കണ്ണീര്‍ക്കയമാക്കി പിഞ്ചോമനയുടെ മൃതദേഹം ലഭിച്ചത്. മോശം കാലാവസ്ഥയും വെളിച്ചക്കുറവും ഉണ്ടായിരുന്നുവെങ്കിലും വെല്ലുവിളികളെയൊക്കെ മറന്ന് ഉറക്കമില്ലാതെ നാടൊന്നാകെ തിരഞ്ഞ ശേഷമാണ് കല്യാണിയുടെ മൃതദേഹം പുഴയില്‍ നിന്ന് ലഭിക്കുന്നത്. 

താന്‍ തന്നെയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിനോട് സമ്മതിച്ചിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

മുന്‍പും ഈ യുവതി കല്യാണിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നു. അന്ന് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ കുഞ്ഞിനോട് ഐസ്‌ക്രീം കഴിക്കരുതെന്ന് പറഞ്ഞു. മറ്റൊരു ദിവസം ടോര്‍ച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പൊലീസിന് മൊഴി നല്‍കി.

സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മയെ പ്രതിയാക്കിയാണ് കൊലപാതക കേസെടുക്കുക. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വകുപ്പുകളും ഉള്‍പ്പെടുത്തും. കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴിയും രേഖപ്പെടുത്തും.

മാനസിക പ്രശ്‌നങ്ങള്‍ കൊണ്ട് നടത്തിയ കൃത്യമെന്ന് പറയുമ്പോഴും കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി കൃത്യം ചെയ്തത്. കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. മൂഴിക്കുളത്ത് വച്ച് ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. വഴിയിലെ സിസിടിവി ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ ഉള്‍പ്പെടെ സാക്ഷിമൊഴികളും കുട്ടിയെ കണ്ടെത്തലില്‍ നിര്‍ണായകമായി.

Follow us on :

More in Related News