Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2024 11:49 IST
Share News :
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) മദര്‍ഷിപ്പ് നാളെ വിഴിഞ്ഞത്തെത്തും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടക്കുന്ന ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് കപ്പലെത്തുന്നത്. ‘ഡെയ്‌ലാ’ കപ്പലാണ് നാളെ വിഴിഞ്ഞത്തെത്തുന്നത്. ആഗസ്‌ത് 11ന് ആഫ്രിക്കയിലെ ടോഗോ പോർട്ടിൽനിന്ന് യാത്രതിരിച്ച കപ്പലാണിത്. 13,988 കണ്ടെയ്നർ വഹിക്കാൻ ശേഷിയുള്ള കപ്പലിന് 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുണ്ട്.
വിഴിഞ്ഞത്തേക്ക് വരുന്ന നാലാമത്തെ കപ്പലാകും എംഎസ്‍സി ഡെയ്‍ല. പിന്നാലെ കൂടുതൽ ഫീഡർ കപ്പലുകൾ വിഴിഞ്ഞത്തെത്തും. സാൻ ഫെർണാണ്ടോയ്‌ക്കു പിന്നാലെ മാറിൻ അസൂർ, നാവിയോസ് ടെംപോ എന്നീ കപ്പലുകൾ കണ്ടെയ്നറുകളുമായി വരുകയും ഇവിടെനിന്ന് കയറ്റി പോവുകയും ചെയ്തിരുന്നു.
മദര്‍ഷിപ്പുകള്‍ എത്തിയ ശേഷം തുറമുഖത്തിന്റെ ക്ഷമത വിലയിരുത്തിയതിന് ശേഷമായിരിക്കും വാണിജ്യ തലത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കുക. വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാന്‍ഡോയ്ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്. ചൈനയിലെ ഷിയാമിന്‍ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലില്‍ 2000ലധികം കണ്ടെയ്‌നറുകളായിരുന്നു ഉണ്ടായത്.
ഇതോട് കൂടി രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. മദര്‍ഷിപ്പുകളില്‍ നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്
Follow us on :
Tags:
More in Related News
Please select your location.