Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിത്രകലയില്‍ വിസ്മയമായി വേദിക ശശികുമാര്‍; ജി.ആര്‍.സി.സി - വിബ്ജിയോര്‍ ആര്‍ട്ട് - മീഡിയ പ്ലസ് സംയുക്തമായി സംഘടിപ്പിച്ച മിനി ആര്‍ട്ട് എക്സിബിഷന്‍ ശ്രദ്ധേയമായി.

25 Mar 2026 03:03 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: കലയോടുള്ള ദശാബ്ദത്തെ അര്‍പ്പണബോധവും സര്‍ഗ്ഗവൈഭവവും വിളിച്ചോതി യുവ കലാകാരി വേദിക ശശികുമാര്‍ നടത്തിയ മിനി ആര്‍ട്ട് എക്സിബിഷന്‍ കലാപ്രേമികള്‍ക്ക് വേറിട്ടൊരു അനുഭവമായി. ചിത്രകലാ അദ്ധ്യാപിക റോഷ്നി കൃഷ്ണന്റെ നേതൃത്വത്തില്‍, മീഡിയ പ്ലസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജി.ആര്‍.സി.സി അംഗങ്ങളും ഖത്തറിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകരും വേദികയുടെ കലാരംഗത്തെ ദശവര്‍ഷക്കാലത്തെ യാത്രയെ ആദരിച്ചു.


തന്റെ കലാപഠനത്തിന്റെ തുടക്കം മുതല്‍ കൂടെയുള്ള റോഷ്നി ടീച്ചറുടെ കീഴില്‍ പരിശീലനം നേടിയ വേദികയുടെ വൈവിധ്യമാര്‍ന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഇടംപിടിച്ചത്. കുട്ടിക്കാലം മുതല്‍ തുടങ്ങിയ തന്റെ ചിത്രകലാ യാത്രയില്‍ ഓരോ കാന്‍വാസിലും മനസ്സിന്റെ നിറങ്ങള്‍ ചാലിച്ച വേദികയുടെ പ്രകടനം വിസ്മയിപ്പിക്കുന്നതാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.


തന്റെ വിദ്യാര്‍ത്ഥിനിയുടെ ചിത്രകലയിലെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നതായി റോഷ്നി ടീച്ചര്‍ പറഞ്ഞു. ഒരു അധ്യാപിക എന്ന നിലയില്‍ തന്റെ വിദ്യാര്‍ത്ഥിനിയുടെ വളര്‍ച്ചയും ആത്മവിശ്വാസവും കാണുന്നത് ഹൃദയസ്പര്‍ശിയായ നിമിഷമാണെന്നും വേദികയുടെ ചിത്രയാത്ര ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഇപ്പോള്‍ റോഷ്നി ടീച്ചറുടെ ശിക്ഷണത്തില്‍ 'വിബ്ജിയോര്‍' എന്ന ആര്‍ട്ട് ക്ലബ്ബിലൂടെയാണ് വേദിക തന്റെ ചിത്രകല അഭ്യസിക്കുന്നത്. 'ഭാവനകള്‍ വിരിയുന്ന ഇടം' എന്ന വിബ്ജിയോറിന്റെ ആപ്തവാക്യം അന്വര്‍ത്ഥമാക്കുന്നതായിരുന്നു പ്രദര്‍ശനത്തിലെ ഓരോ ചിത്രങ്ങളും. വാട്ടര്‍ കളര്‍, അക്രിലിക്, ഓയില്‍ പെയിന്റിംഗ്, സ്‌കെച്ചിംഗ്, മ്യൂറല്‍ പെയിന്റിംഗ് എന്നിങ്ങനെ വിവിധ മാധ്യമങ്ങളില്‍ വേദിക നേടിയ പ്രാവീണ്യം സന്ദര്‍ശകരെ വിസ്മയിപ്പിച്ചു. ഒരു ദശകമായി റോഷ്നി ടീച്ചര്‍ നല്‍കുന്ന സ്‌നേഹനിര്‍ഭരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് വേദികയെ ഇന്ന് കാണുന്ന പക്വതയുള്ള കലാകാരിയാക്കി മാറ്റിയത്. ഭാവിയില്‍ ലോകോത്തര നിലവാരമുള്ള കലാകാരിയായി ഉയരാന്‍ വേദികയ്ക്ക് സാധിക്കട്ടെ എന്ന് ജി.ആര്‍.സി.സി ഭാരവാഹികളും വിബ്ജിയോര്‍ ടീമും ആശംസിച്ചു.


യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് വേദി ഒരുക്കുന്നതിനും മുന്‍പന്തിയിലുള്ള ജി.ആര്‍.സി.സി ഖത്തറിന്റെ നേതൃത്വമാണ് ഈ പ്രദര്‍ശനം മനോഹരമായി സംഘടിപ്പിച്ചത്.

ചടങ്ങിന് ആവശ്യമായ വേദിയും സൗകര്യങ്ങളും ഒരുക്കിയ മീഡിയ പ്‌ളസ് കല മനുഷ്യനന്മക്ക് എന്ന ശ്രദ്ധേയമായ ആസയവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.


വേദികയുടെ പിതാവ് ശശികുമാര്‍ മേനോന്‍, മാതാവ് ശ്രീജ എന്നിവര്‍ മകളുടെ നേട്ടത്തില്‍ പിന്തുണയുമായി എത്തിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.


ചടങ്ങില്‍ തിരുവനന്തപുരം ഡിസ്ട്രിക് റെസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജെ. റഹ്‌മത്തുള്ള വേദികയ്ക്ക് മെമെന്റോ സമ്മാനിച്ചു. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.


ജിആര്‍സിസി പ്രസിഡണ്ട് റോഷ്നി കൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ആയിഷ സൈബൂള്‍, ഉപദേശക സമിതി അംഗം സുബൈര്‍ പാണ്ഡവത്ത്, മീഡിയ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചെമ്മാട്, സെക്രട്ടറി സുബീര്‍ പി.ടി. പ്രാഗ്രം കോര്‍ഡിനേറ്റര്‍

റിനിഷ റിനീഷ്, സൈബൂള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

യുവതലമുറയിലെ കലാകാരന്മാരെ വളര്‍ത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും റോഷ്‌നി ടീച്ചറുടെ വിബ്ജിയോര്‍ ക്‌ളബ്ബ് നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്ന് സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു.

Follow us on :

More in Related News