Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 14:51 IST
Share News :
കോട്ടയം: റഗുലര്‍ ബിരുദാനന്തര ബിരുദത്തിന് തുല്യമായ എംകോമിനും എംബിഎയ്ക്കും ഏറെ സ്വീകാര്യത ലഭിച്ചതിനു പിന്നാലെ മഹാത്മാ ഗാന്ധി സര്‍വകലാശാല കൂടുതല്‍ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍റ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ (സിഡിഒഇ) ബികോം (ഓണേഴ്സ്), എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ പ്രോഗ്രാമുകളില്‍ അഡ്മിഷന്‍ ആരംഭിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. സി. ടി. അരവിന്ദകുമാര്‍ അറിയിച്ചു. സര്‍വകലാശാലാ വെബ്സൈറ്റിലെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി നവംബര്‍ 15 വരെ അപേക്ഷിക്കാം
സിഡിഒഇക്ക് നിലവില്‍ 13 ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ നടത്തുന്നതിനാണ് യുജിസിയുടെ അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ പത്ത് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും മൂന്നു ബിരുദ പ്രോഗ്രാമുകളും ഉള്‍പ്പെടുന്നു. കേരളത്തിലെ സ്റ്റേറ്റ് സര്‍വകലാശാലകളില്‍ എം.ജി സര്‍വകലാശാലയ്ക്കു മാത്രമാണ് ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ നടത്തുന്നതിന് യുജിസി അനുമതിയുള്ളത്. എം.കോം 2022ലും എംബിഎ 2023ലുമാണ് തുടങ്ങിയത്. അനുമതി ലഭിച്ചിട്ടുള്ള മറ്റു പ്രോഗ്രാമുകളും വൈകാതെ ആരംഭിക്കും. യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള അധ്യാപകരാണ് ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍ ക്ലാസെടുക്കുന്നത്. രാജ്യത്തെ മറ്റ് സര്‍വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മിതമായ ഫീസ് നിരക്കില്‍ പഠനം നടത്താനും എം.ജി സര്‍വകലാശാല അവസരമൊരുക്കുന്നു.
സംസ്ഥാനത്ത് ഈ അക്കാദമിക് വര്‍ഷം നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകള്‍ ആരംഭിച്ചതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകള്‍ നടത്തുന്നതിന് അനുമതിക്കായി സര്‍വകലാശാല യു.ജി.സി ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോയ്ക്ക് അപേക്ഷ നല്‍കിയത്. ഈ വര്‍ഷം തന്നെ അനുമതി ലഭിച്ചത് വലിയ നേട്ടമാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. റഗുലർ ഓണേഴ്സ് ബിരുദത്തിന് തുല്യമായ ഈ പ്രോഗ്രാമുകൾക്കും സംസ്ഥാനത്ത് എം.ജി സര്‍വകലാശാലയ്ക്കു മാത്രമാണ് അനുമതിയുള്ളത്. നാലു വര്‍ഷത്തെ പ്രോഗ്രാമില്‍ ആവശ്യമായ ക്രെഡിറ്റോടെ മൂന്നു വര്‍ഷം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ബിരുദം നേടാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. ലോകത്തിൽ എവിടെ നിന്നും പ്രോഗ്രാമിൽ ചേർന്നു പഠിക്കാനാകും.
സര്‍വകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ എബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് കോഴ്സുകള്‍ക്കും സിഡിഒഇ തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ജര്‍മന്‍, ഫ്രഞ്ച്, തമിഴ് ഭാഷാ കോഴ്സുകളാണ് നടത്തുന്നത്. ലൈവ് ഇന്‍ററാക്ടീവ് സെഷനുകള്‍, റെക്കോര്‍ഡഡ് വീഡിയോ ക്ലാസുകള്‍, ലളിതമായ ഇ-ലേണിംഗ് മെറ്റീരിയലുകള്‍ എന്നിവ ഉള്‍പ്പെടുത്തി മികച്ച നിലവാരത്തിലാണ് എഇസി പ്രോഗ്രാമുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് എബിലിറ്റി എന്‍ഹാന്‍സ്മെന്‍റ്, സ്കില്‍ എന്‍ഹാന്‍സ്മെന്‍റ്, വാല്യു അഡിഷന്‍, മൈനര്‍ കോഴ്സുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ സിഡിഒഇ ലക്ഷ്യമിടുന്നു.
ഉന്നത നിലവാരത്തിലുള്ള അധ്യയന സംവിധാനത്തിനൊപ്പം ടാറ്റാ കണ്‍സള്‍ട്ടന്‍സി വികസിപ്പിച്ച സോഫ്റ്റ് വെയര്‍ സംവിധാനത്തിന്‍റെ പിന്തുണയോടെ മികച്ച സ്റ്റുഡന്‍റ് ലൈഫ് സൈക്കിള്‍ മാനേജ്മെന്‍റ് സിസ്റ്റവും സര്‍വകലാശാലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജോലിക്കൊപ്പംതന്നെ പഠനത്തിനും അവസരമൊരുക്കുന്ന കോഴ്സുകളില്‍ നിലവില്‍ മറ്റു കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും ചേരാനാകും. നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതുവഴി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിതവും മാതൃകാപരവുമായ ഒരു മാറ്റമാണ് സര്‍വകലാശാല സൃഷ്ടിക്കുന്നതെന്ന് ഡോ. അരവിന്ദകുമാര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ https://cdoeadmission.mgu.ac.in/ എന്ന വെബ്സൈറ്റില്‍. ഇമെയില്‍- mguonline@mgu.ac.in. ഫോണ്‍-8547992325, 8547010451, 8547852326, 0481-2733293, 0481-2733405
Follow us on :
Tags:
More in Related News
Please select your location.