Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 11:45 IST
Share News :
മുട്ടം: കോടികള്‍ മുടക്കി നിര്‍മിച്ച മലങ്കര ടൂറിസം പദ്ധതി യഥാവിധി ചലിപ്പിക്കാനാവാതെ അധികൃതര്‍. ടൂറിസം പദ്ധതിയുടെ വികസനം യാതാര്‍ഥ്യമാക്കേണ്ടതും ചര്‍ച്ച ചെയ്യണ്ടതുമായ വികസന സമിതി യോഗം ചേര്‍ന്നിട്ട് രണ്ടര വര്‍ഷത്തോളമായി. 2022 ജൂണ്‍ മാസം 23നാണ് അവസാനമായി യോഗം ചേര്‍ന്നത്. സ്ഥലം എം.എല്‍.എ പി.ജെ ജോസഫ് (ചെയര്‍മാന്‍), ജില്ലാ കളക്ടര്‍ (വൈസ് ചെയര്‍മാന്‍), എം.വി.ഐ.പി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ജനറല്‍ കൗണ്‍സില്‍. മലങ്കര ടൂറിസം പദ്ധതി ഡെസ്റ്റിനേഷന്‍ ടൂറിസം ആയതിനാല്‍ മേല്‍ കമ്മിറ്റിക് സ്വയം തീരുമാനം എടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ യാതാര്‍ഥ്യമാക്കാന്‍ കഴിയും. എന്നാല്‍ യോഗം പോലും ചേരാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ആറ് മാസത്തില്‍ ഒരിക്കലെങ്കിലും ചേര്‍ന്നാല്‍ മാത്രമെ ടൂറിസം ഹബ്ബിന്റെ പ്രവര്‍ത്തനം സുഗമമാക്കി കൊണ്ടുപോകാന്‍ കഴിയുകയുള്ളു. വര്‍ഷാവര്‍ഷം പാര്‍ക്കില്‍ വികസനങ്ങളും മാറ്റങ്ങളും വരുത്താത്ത പക്ഷം കാലക്രമേണ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് നേരിടും. നിലലില്‍ പോലും ആദ്യത്തേതിനേക്കാള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്.
കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല; എന്‍ട്രന്‍സ് പ്ലാസ അടഞ്ഞ് തന്നെ
മലങ്കര ടൂറിസ് ഹബ്ബില്‍ മൂന്ന് കോടിയോളം രൂപ മുടക്കി നിര്‍മിച്ച എന്‍ട്രന്‍സ് പ്ലാസ തുറക്കാന്‍ നടപടിയായില്ല. പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാലാണ് തുറക്കാന്‍ കഴിയാത്തതെന്ന് എം.വി.ഐ.പി അധികൃതര്‍ പറയുന്നു. എന്നാല്‍ കെട്ടിട നമ്പര്‍ നേടിയെടുക്കാനുള്ള യാതൊരു ശ്രമവും എം.വി.ഐ.പിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നതാണ് യാതാര്‍ത്ഥ്യം. കെട്ടിടത്തിലെ അപാകതകള്‍ പരിഹരിച്ചാല്‍ മാത്രമെ കെട്ടിട നമ്പര്‍ നല്‍കൂവെന്നാണ് പഞ്ചായത്തിന്റെ നിലപാട്. അനിശ്ചിത കാലം പ്ലാസ അടച്ചിടുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്ലാസ തുറന്ന് നല്‍കാന്‍ തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നമ്പര്‍ നല്‍കാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. പഞ്ചായത്ത് എന്‍ജിനീയറിങ്ങ് വിഭാഗം നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്‍കണമെങ്കില്‍ നിലവിലുള്ള ഏഴോളം അപാകതകള്‍ പരിഹരിക്കണമെന്ന് നിര്‍ദേശിച്ചു. കെട്ടിടത്തിന്റെ വിനിയോഗം ഡി ഗണത്തില്‍ വരുന്നതിനാല്‍ ഫയര്‍ എന്‍.ഒ.സി ആവശ്യമാണ,് അംഗവൈകല്യമുള്ളവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ പാകത്തിന് ശുചി മുറിയില്‍ മാറ്റം വരുത്തണം, പാര്‍ക്കിങ്ങ് പ്ലാനിലെ അപാകത പരിഹരിക്കണം, സെപ്ടിക് ടാങ്കിന് സമീപം കുടിവെള്ള സ്രോതസ്സ് ഇല്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം, നമ്പര്‍ ഇടേണ്ട മുറികളുടെ ഏരിയ തരം തിരിച്ച ലഭ്യമാക്കണം, സോളാര്‍ എനര്‍ജി സിസ്റ്റം സ്ഥാപിക്കണം, സോളാര്‍ വാട്ടര്‍ ഹീറ്റിങ്ങ് സംവിധാനം ഉള്‍പ്പെടുത്തണം തുടങ്ങിയവയാണ് കെട്ടിട നമ്പര്‍ ലഭിക്കാന്‍ വരുത്തേണ്ട മാറ്റങ്ങള്‍. എന്നാല്‍ ഇവയൊന്നും ഇതുവരെ പരിഹരിച്ചിട്ടില്ല. മാറ്റങ്ങള്‍ വരുത്തിയ ശേഷം കെട്ടിട നമ്പര്‍ ലഭിച്ച് കഴിഞ്ഞാല്‍ അഞ്ച് മുറികളും കോണ്‍ഫറന്‍സ് ഹാളും വാടകക്ക് നല്‍കാനാകും.
Follow us on :
More in Related News
Please select your location.