Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളത്തിൽ അഭിമാനകരമായ നേട്ടം ആവർത്തിച്ച് മബേല ഇന്ത്യൻ സ്കൂൾ

14 May 2024 22:12 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: സി.ബി.എസ്.സി. ക്ലാസ് പത്ത് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ മലയാളം രണ്ടാം ഭാഷയായി പരീക്ഷയെഴുതിയ മബേല ഇന്ത്യൻ സ്കൂളിലെ നൂറ്റിയൊൻപത് വിദ്യാർത്ഥികളും മികച്ച വിജയം കരസ്ഥമാക്കി. 

ഒൻപത് വിദ്യാർത്ഥികൾ നൂറിൽ നൂറും മാർക്കു സ്വന്തമാക്കി ഉജ്ജ്വല വിജയമാണ് കരസ്ഥമാക്കി മുൻഗാമികളുടെ പാതക്ക് കൂടുതൽ മിഴിവേകി. പതിനഞ്ച് വിദ്യാർത്ഥികൾ തൊണ്ണൂറ്റി ഒൻപതു മാർക്കും, ആറു വിദ്യാർത്ഥികൾ തൊണ്ണൂറ്റി എട്ടു മാർക്കും, ഒൻപത് വിദ്യാർത്ഥികൾ തൊണ്ണൂറ്റി ഏഴു മാർക്കും നേടി വിജയത്തിളക്കത്തിന് മാറ്റു കൂട്ടി. 

മുപ്പത്തിയെട്ട് വിദ്യാർത്ഥികൾ എൺപത്തിയഞ്ചിനും തൊണ്ണൂറ്റി ആറിനുമിടയ്ക്കും മാർക്കും നേടി. പ്രവാസലോകത്തെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം സി.ബി.എസ്.സി പരീക്ഷയിൽ മലയാളത്തിൽ നൂറിൽ നൂറും നേടുക എന്നത് കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ ഏറെ പ്രയാസകരായിരുന്നു എന്നാൽ ഭാഷയെ നെഞ്ചേറ്റുന്ന അർപ്പണബോധമുള്ള അദ്ധ്യാപകർ, പാഠ്യഭാഗങ്ങൾക്കു അപ്പുറം മലയാളത്തിലേക്ക് കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ അതിലുപരി രക്ഷിതാക്കൾ, മസ്‌കറ്റിലെ സാംസ്കാരിക കൂട്ടായ്മകൾ എന്നിവരെല്ലാം മലയാളഭാഷക്കു ഉറച്ച പിന്തുണയുമായി രംഗത്തു വന്നതും കുട്ടികളെ മലയാളത്തിലേക്ക് അടുപ്പിക്കാൻ കാരണമായി.  

കഴിഞ്ഞ വർഷവും ഒൻപത് വിദ്യാർത്ഥികൾ നൂറിൽ നൂറു മാർക്ക് നേടിയിരുന്നു. ഈ വർഷവും മികച്ചനേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മലയാളം അധ്യാപകനും വകുപ്പു മേധാവിയുമായ സി. പി. സുധീർ അഭിപ്രായപ്പെട്ടു. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് മബേല ഇന്ത്യൻ സ്‌കൂളിൽ മലയാളത്തിൽ മിന്നും ജയം ആവർത്തിക്കുന്നത്. അതോടൊപ്പം മലയാള ഭാഷക്ക് ലഭിക്കുന്ന സ്വീകാര്യതക്കു കൂടി തെളിവാണ് ഈ നേട്ടങ്ങൾ. 

അഭിഷേക് ദീപക്, ആത്മജ അരുൺ, ഗ്രീഷ്മ ഗിരീഷ്, മരിയ പിന്റോ, പാർത്ഥീവ് രവീന്ദ്രൻ, കൃപ എൽസ വിനു, ഫാത്തിമ സന, മെർലിൻ മരിയ പ്രദീപ്, ശ്രാവണ എസ്. നായർ എന്നിവരാണ് മലയാളത്തിൽ നൂറിൽ, നൂറും നേടിയ മിടുക്കന്മാരും, മിടുക്കികളും.  

മാതൃഭാഷയിൽ  ഉന്നതവിജയം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനതാരങ്ങളായ വിദ്യാർത്ഥികളെയും അവരെ നേട്ടത്തിനു പ്രാപ്തരാക്കിയ മലയാളം അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷമീമ് ഹുസൈൻ, സ്കൂൾ പ്രിൻസിപ്പൽ പി. പർവീൺ കുമാർ, വൈസ് പ്രിൻസിപ്പൽ സവിത സലൂജ, അസി. വൈസ് പ്രിൻ സിപ്പൽ സുരേഷ് എം.സ്, മാനേജ് മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.

Follow us on :

More in Related News