Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകള്‍ സമാപിച്ചു

28 Dec 2024 19:10 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: ഹോം ഓട്ടമേഷനിലെ ഐ.ഒ.ടി. സാധ്യതകളും 3ഡി ആനിമേഷന്‍ നിര്‍മ്മാണം സാധ്യതകളും പരിചയപ്പെടുത്തി കൊണ്ട് ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പ് സമാപിച്ചു. ജില്ലയിലെ 90 യൂണിറ്റുകളില്‍ നിന്നും ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും അനിമേഷന്‍ പ്രോഗ്രാമിംഗ് വിഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 52 കുട്ടികള്‍ തൊടുപുഴ സെന്റ്. സെബാസ്റ്ററ്റിയന്‍സ് ഹൈസ്‌കൂളില്‍ വച്ച് നടന്ന ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് കൈറ്റ് സി.ഇ.ഒ. കെ അന്‍വര്‍സാദത്ത് ഓണ്‍ലൈനായി ക്യാമ്പംഗങ്ങളുമായി ആശയ വിനിമയം നടത്തി. വീടുകളിലെ സുരക്ഷാ സംവിധാനം ഐ.ഒ.ടി. സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകള്‍ തയ്യാറാക്കലാണ് ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികള്‍ പൂര്‍ത്തീകരിച്ച പ്രോജക്ട്. വീടുകളിലെ ഇലക്ട്രിക് - ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിയന്ത്രിക്കാനും, പാചകവാതക ചോര്‍ച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈല്‍ ആപ്പുകള്‍ എല്ലാ ക്യാമ്പംഗങ്ങളും തയ്യാറാക്കി. പൊതു വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നല്‍കിയ റോബോട്ടിക് കിറ്റുകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. 

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ബ്ലെന്‍ഡര്‍ സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തിയുള്ള 3ഡി അനിമേഷന്‍ നിര്‍മ്മാണമായിരുന്നു ജില്ലാ ക്യാമ്പില്‍ അനിമേഷന്‍ വിഭാഗത്തിലെ കുട്ടികളുടെ പ്രവര്‍ത്തനം. മനുഷ്യന്‍ ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തില്‍ താമസിക്കുന്ന ഒരാള്‍ നമ്മുടെ ഗ്രഹത്തിലേക്ക് ടൂര്‍ വന്നാല്‍ നമ്മള്‍ ഒരുക്കി വെക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ തീം. 3ഡി അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്‌സചറിങ്ങ് സ്‌കള്‍പ്‌റിംഗ്, റിഗിംഗ്, തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കിയതിന് ശേഷമാണ് കുട്ടികള്‍ സ്വന്തമായി അനിമേഷന്‍ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്.

ക്യാമ്പില്‍ പങ്കെടുത്തവരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച 4 കുട്ടികള്‍ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കും.



Follow us on :

More in Related News