Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലപുഴയിൽ കുറവ മോഷണസംഘം: സി സി ടി വി ദൃശ്യം കിട്ടി

01 Nov 2024 07:06 IST

Enlight News Desk

Share News :

ആലപ്പുഴ: തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയതായി സൂചന. ജില്ലക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസിന്‍റെ അറിയിപ്പ്. രാത്രികാലങ്ങളിൽ വലിയ ജാഗ്രത പുലർത്തണമെന്നാണ് പൊലീസിന്റെ നിർദേശം.

മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഒരു മോഷണശ്രമംനടന്നിരുന്നു.

വീടിന്റെ അടുക്കള വാതില്‍ തുറന്നു മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സമീപത്തെ വീട്ടിലെ സി സി ടി വിയില്‍നിന്നു മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചു. ഇവരുടെ വേഷത്തില്‍ നിന്നും ശരീരഭാഷയില്‍നിന്നുമാണ് കുറുവ സംഘമാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്. പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ മുഖംമറച്ച രണ്ടു പേരാണുള്ളത്. മുഖം മറച്ച് അര്‍ധ നഗ്നരായാണ് സാധാരണഗതിയിൽ കുറുവ സംഘം എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.പകല്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന കുറുവ സംഘം രാത്രിയാണ് മോഷണത്തിനിറങ്ങുക. എതിര്‍ത്താല്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്യും. സംസ്ഥാനത്തു പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കേരള - തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഇവരുടെ ഒരു താവളം. കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്. വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. ശരീരത്തില്‍ എണ്ണയും കരിയും പുരട്ടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനാണിത്. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്തു വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കാറുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്തേക്ക് കയറും.


ആറു മാസം വരെ വീടുകളെ നിരീക്ഷിച്ച ശേഷമാണ് ഇവര്‍ മോഷണത്തിന് എത്തുന്നതെന്നും നിഗമനമുണ്ട്. മോഷണ സ്ഥലത്തിന് കിലോമീറ്ററുകള്‍ അകലെയായിരിക്കും ഇവർ താമസിക്കുക. കുറുവ സംഘം കേരളത്തിൽ പതിവായി മോഷണത്തിനെത്തുന്ന ജില്ലകളിലൊന്ന് ആലപ്പുഴയാണെന്നാണു വിവരം. മണ്ണഞ്ചേരിയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പും നൽകി.

Follow us on :

More in Related News