Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2024 18:39 IST
Share News :
കോഴിക്കോട് : തദ്ദേശ സ്ഥാപനങ്ങള്‍ പരാതിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്തിന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ തുടക്കമായി.
നേരത്തേ ഓണ്‍ലൈന്‍ വഴി ലഭിച്ച 690 പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുസൗകര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചവയില്‍ ഏറെയും. 373 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ബില്‍ഡിംഗ് പെര്‍മിറ്റ് - 174, ആസ്തി മാനേജ്മെന്റ്- 26, നികുതികള്‍- 24, വിവിധ സേവന ലൈസന്‍സുകള്‍- 21, പദ്ധതി നിര്‍വഹണം- 19, ഗുണഭോക്തൃപദ്ധതികള്‍- 15, സ്ഥാപനങ്ങളിലെയും മറ്റും സൗകര്യങ്ങളുടെ കാര്യക്ഷമത- 12, മാലിന്യ സംസ്‌ക്കരണം- 12, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- 11, സിവില്‍ രജിസ്ട്രേഷന്‍- 3 എന്നിങ്ങനെയാണ് അദാലത്തില്‍ പരിഗണിക്കുന്ന മറ്റു പരാതികള്‍.
ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്ത് വേദിയിലും അപേക്ഷകള്‍ നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി ആറ് പ്രത്യേക കൗണ്ടറുകള്‍ അദാലത്ത് വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന തലത്തില്‍ നേരിട്ട് അപേക്ഷിച്ചിട്ടും പരിഹാരമാവാത്ത അപേക്ഷകള്‍ മാത്രമാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഇവരുടെ പരാതിയില്‍ 15 ദിവസങ്ങള്‍ക്കകം തീര്‍പ്പ് കല്‍പ്പിച്ച് പരാതിക്കാരനെ അറിയിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയറക്ടര്‍ പദവിയിലുള്ള ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള ആറ് ഉപജില്ലാതല സമിതികള്‍, ഒരു ജില്ലാതല സമിതി, ഒരു സംസ്ഥാനതല സമിതി, മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സമിതി എന്നിവയാണ് അദാലത്തിലെത്തിയ അപേക്ഷകള്‍ പരിഗണിച്ച് തീരുമാനം കല്‍പ്പിക്കുന്നത്. ഇവയ്ക്കായി പ്രത്യേകം കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കു പുറമെ, എല്‍എസ്ജിഡി റൂറല്‍ ഡയരക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ചന്ദ്രന്‍, ചീഫ് എഞ്ചിനീയര്‍ കെ ജി സന്ദീപ്, ജോയിന്റ് ഡയരക്ടര്‍ ടി ജെ അരുണ്‍ എന്നിവരും അദാലത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
രാവിലെ 8.30ഓടെ തന്നെ അദാലത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. അദാലത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ ഒരുക്കിയത്. നിലവില്‍ ഓണ്‍ലൈനായി പരാതികള്‍ നല്‍കിയവര്‍ക്കും പുതുതായി പരാതി നല്‍കാന്‍ എത്തുന്നവര്‍ക്കും വെവ്വേറെ രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നാലാം 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള തിയ്യതികളില്‍ എല്ലാ ജില്ലകളിലും മൂന്ന് കോര്‍പറേഷനുകളിലുമായി തദ്ദേശ അദാലത്തുകള്‍ നടത്തി പൊതുജനങ്ങളില്‍ നിന്ന് മന്ത്രി നേരിട്ട് പരാതികള്‍ കേട്ട് അവയ്ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. സംസ്ഥാനത്തെ 11ാമത്തെ അദാലത്താണ് കോഴിക്കോട്ടേത്. നാളെ (സെപ്റ്റംബര്‍ 7) രാവിലെ 9.30 മുതല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ തല അദാലത്ത് നടക്കും.
Follow us on :
Tags:
More in Related News
Please select your location.