Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് ശ്രമം; സുരേഷ് ഗോപിക്കെതിരെ കെയുഡബ്ല്യൂജെ

30 Oct 2024 12:53 IST

Shafeek cn

Share News :

മാധ്യമപ്രവര്‍ത്തകരോട് തുടര്‍ച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന് കെ. യു. ഡബ്ല്യു. ജെ വ്യക്തമാക്കി.


കടുത്ത അവജ്ഞയും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ ശരീര ഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നത്. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയര്‍ക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്. തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീര്‍ത്തും വിരുദ്ധമാണ് - കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കുന്നു.


ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണെന്ന് കെ. യു. ഡബ്ല്യു. ജെ പറയുന്നു. സാംസ്‌കാരിക കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്ത സമീപനം തിരുത്താന്‍ സുരേഷ് ഗോപി തയാറാവുന്നില്ലെങ്കില്‍ തിരുത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം മുന്നിട്ടിറങ്ങണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Follow us on :

More in Related News