Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആര്‍ദ്രതയോടെ വീണ്ടും കോഴിക്കോട്; ദുരിതാശ്വാസ സഹായമായി എത്തിയത് ടണ്‍ കണക്കിന് സാധനങ്ങള്‍

31 Jul 2024 21:21 IST

enlight media

Share News :

കോഴിക്കോട് : വയനാട് മഴക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ആഹ്വാനത്തിന് ലഭിച്ചത് വന്‍ പ്രതികരണം. ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ്ങ് സെക്രട്ടറിയേറ്റ് ഹാളില്‍ ആരംഭിച്ച കളക്ഷന്‍ പോയിന്റിലേക്ക് ഒഴുകിയെത്തിയത് ടണ്‍ കണക്കിന് സഹായ സാധനങ്ങള്‍. 


ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഇതേക്കുറിച്ച് ആവശ്യമറിയിച്ച് മണിക്കൂറുകള്‍ക്കകം അനവധി പേരാണ് തങ്ങളാലാവുന്ന സഹായങ്ങളുമായി എത്തിയത്. മണിക്കൂറുകള്‍ക്കകം പ്ലാനിംഗ് സെക്രട്ടേറിയറ്റ് ഹാളില്‍ സാധനസാമഗ്രികള്‍ കുന്നകൂടിയതോടെ തല്‍ക്കാലം സഹായം സ്വീകരിക്കുന്നത് നിര്‍ത്തിവച്ചുവെന്ന് ഉച്ചയോടെ എഫ്ബി പേജില്‍ അറിയിപ്പ് നല്‍കേണ്ട സ്ഥിതിയുണ്ടായി.


ചെറുപൊതികളുമായി വന്നവര്‍ മുതല്‍ വിലയ ലോറികളില്‍ സഹായസാമഗ്രികളുമായി എത്തിയവര്‍ വരെ ഈ ദൗത്യത്തില്‍ പങ്കാളികളായി. മുതിര്‍ന്നവരോടൊപ്പം കുട്ടികളും ചെറുപൊതികളുമായി എത്തി. വ്യക്തികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, കൂട്ടയ്മകളും, സംഘടനകളും, വിദ്യാര്‍ത്ഥികളും, വ്യാപാരികളും, വ്യവസായ സ്ഥാപനങ്ങളും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ മഹാദൗത്യത്തില്‍ പങ്കാളികളായി.


കുടിവെള്ളം, ബ്രഡ്, ബണ്‍, ബിസ്‌ക്കറ്റ് തുടങ്ങിയ പാക്ക് ചെയ്ത ഭക്ഷ്യവസ്തുകള്‍, പലഹാരങ്ങള്‍, അരി, ആട്ട, പലവ്യഞ്ജനങ്ങള്‍, വിവിധ പ്രായക്കാര്‍ക്കുള്ള വസ്ത്രങ്ങള്‍, ചെരുപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍, മാറ്റ്, പുതപ്പ്, തോര്‍ത്ത്, മെഡിസിന്‍ തുടങ്ങി വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവര്‍ക്കും ആവശ്യമായതെല്ലാം ഇവിടേക്ക് ഒഴുകിയെത്തി. ഇതിനകം 13 ട്രക്ക് സാധനങ്ങളാണ് ഇവിടെ നിന്നും വയനാട്ടിലേക്ക് എത്തിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ തുടങ്ങി അന്യജില്ലകളില്‍ നിന്നും സാധന സാമഗ്രികള്‍ ഇവിടേക്കെത്തി.  


ദുരന്ത മേഖലയിലെ എത്തിപ്പെടാത്ത മേഖലകളിലേക്ക് എയര്‍ ഡ്രോപ്പ് ചെയ്യുന്നതിനായി ിങ്ങിനായി പ്രത്യേകം തയ്യാറാക്കിയ 400 അവശ്യഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ ഇവിടെ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിക്കാനായി. നാവിക സേനയുടെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജമാക്കിയ മൂന്ന് ഹെലികോപ്റ്ററുകളിലായാണ് ഇവ വയനാട്ടിലെ ദുരന്തമേഖലകളില്‍ എത്തിച്ചുനല്‍കുക. 


ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ടീമാണ് കളക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളും ഏകോപനവും നിര്‍വഹിക്കുന്നത്. സബ് കലക്ടര്‍ ഹര്‍ഷല്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍, കലക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് ഫൈസല്‍ ആര്‍ എസ്, ജൂനിയര്‍ സൂപ്രണ്ടുമാരായ ബിന്ധു ഇ, അജിത്ത്, ഡോ. നിജീഷ് ആനന്ദ്, ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടറുടെ ഇന്റേര്‍ണുകള്‍ തുടങ്ങിയവര്‍ ഇവിടെ സജീവമായി രംഗത്തുണ്ട്. രാപ്പകല്‍ ഭേദമില്ലാതെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങിയ സംഘം കലക്ഷന്‍ പോയിന്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Follow us on :

More in Related News