Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

01 Sep 2025 21:46 IST

CN Remya

Share News :

കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസിന്‍റെ മുഖ്യകാർമ്മികത്വത്തിൽ പ്രാർഥനയ്ക്ക് ശേഷമാണ് കൊടിമരം ഉയർത്തിയത്. കുറിയാക്കോസ് കോർഎപ്പിസ്കോപ്പ കറുകയിൽ, ജെ മാത്യു കോർഎപ്പിസ്കോപ്പ മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ഗീവർഗീസ് നടുമുറിയൽ, ഫാ. കുര്യന്‍ വടക്കേപറമ്പിൽ, ഫാ. സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റു തണ്ടാശേരിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

അരീപ്പറമ്പ് കരയിൽ പാതയിൽ പി. എ. കുരുവിളയുടെ ഭവനാങ്കണത്തിൽനിന്നു നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂർവം കത്തീഡ്രലിൽ എത്തിച്ചു. ആർപ്പുവിളികളോടെ കരോട്ടെ പള്ളിക്ക് ചുറ്റും ഒരുതവണയും കത്തീഡ്രൽ പള്ളിക്ക് ചുറ്റും മൂന്നുതവണയും വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൽക്കുരിശിനു സമീപം എത്തിച്ചു. കൊടിമരം ചെത്തിമിനുക്കിയ ശേഷം പച്ചിലകൾകൊണ്ടും കൊടി തോരണങ്ങൾകൊണ്ടും അലങ്കരിച്ചു. ഇടവകയിലെ മുതിർന്ന അംഗം സി.എം. ജേക്കബ് ചെമ്മാത്ത് കൊടിമരത്തിൽ കൊടി കെട്ടി. മെത്രാപ്പോലീത്തായുടെയും വൈദികരുടെയും നേതൃത്വത്തിൽ പ്രാർഥനകൾക്ക് ശേഷം കൊടിമരം ഉ‍യർത്തി. തുടർന്ന് കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടി ഉയർത്തി.കോട

ഈ ഭൂമിയിൽ ഏറ്റവും വലിയ ത്യാഗങ്ങളും മനോപീഢകളും അനുഭവിച്ച് തന്‍റെ ജീവിതദൗത്യം പൂർത്തീകരിച്ച വ്യക്തിയാണ് പരിശുദ്ധ ദൈവമാതാവെന്ന് ഡോ. തോമസ് മോർ തീമോത്തിയോസ് പറഞ്ഞു. എട്ടുനോമ്പിന്‍റെ ഒന്നാം ദിനമായ തിങ്കളാഴ്ച കത്തീഡ്രലിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവായുടെ ദുഃഖറോനോ പെരുന്നാൾ കുർബാന മധ്യത്തിൽ ആചരിച്ചു. കുർബാനയ്ക്ക് ശേഷം നേർച്ചയായി നെയ്യപ്പം വിതരണം ചെയ്തു. സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2026ലെ കലണ്ടറിന്റെ പ്രകാശനവും നേർച്ച കഞ്ഞിയുടെ ആശീർവാദവും ഡോ. തോമസ് മോർ തീമോത്തിയോസ് നിർവഹിച്ചു. കരോട്ടെ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് തോമസ് മോർ അലക്സന്ത്രയോസ് മുഖ്യകാർമ്മികത്വം വഹിച്ചു. തോമസ് മോർ അലക്സന്ത്രയോസ്, ഫാ. ജോൺസ് കോട്ടയിൽ, മാത്യു മണവത്ത് കോർഎപ്പിസ്കോപ്പ എന്നിവർ ധ്യാന പ്രസംഗങ്ങൾ നടത്തി.

Follow us on :

More in Related News