Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഫ്ബി രാമഞ്ചാടി-അലിഗഢ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

04 Nov 2025 14:09 IST

Jithu Vijay

Share News :

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ നഗരസഭ, ഏലംകുളം, പുലാമന്തോള്‍, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളിലേക്കും ശുദ്ധജല വിതരണം മെച്ചപ്പെടുത്തുന്നതിന് രൂപകല്‍പന ചെയ്ത രാമഞ്ചാടി-അലിഗഢ് കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ശുദ്ധജലം എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 92.52കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.


ഏലംകുളം പഞ്ചായത്തിലെ രാമഞ്ചാടിയില്‍ 10 മീറ്റര്‍ വ്യാസമുള്ള കിണര്‍, അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള പമ്പ് ഹൗസ്, അലിഗഢ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ 23 എം.എല്‍.ഡി. ശേഷിയുള്ള ശുദ്ധീകരണശാല, 12 ലക്ഷം ലിറ്റര്‍ ഉന്നതതല സംഭരണി, റോ വാട്ടര്‍ ബൂസ്റ്റര്‍, ക്ലിയര്‍ വാട്ടര്‍ പമ്പിങ് മെയിന്‍, പമ്പ് സെറ്റ്, ട്രാന്‍സ്‌ഫോമര്‍ എന്നിവയും പെരിന്തല്‍മണ്ണ നഗരസഭയിലെ പാതായിക്കരയിലും കുന്നപ്പള്ളിയിലുമുള്ള നിലവിലെ സംഭരണികളിലേക്കും ഏലംകുളം പഞ്ചായത്തിലെ പെരുമ്പറമ്പ് സംഭരണിയിലേക്കുമുള്ള ക്ലിയര്‍ വാട്ടര്‍ ഗ്രാവിറ്റി മെയിന്‍ സ്ഥാപിക്കുന്ന പ്രവൃത്തികളും പെരിന്തല്‍മണ്ണ നഗരസഭയിലെ വിതരണ ശൃംഖല പുതുക്കി സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളും പദ്ധതി വഴി പൂര്‍ത്തിയാക്കി. പെരിതല്‍മണ്ണ മുനിസിപ്പാലിറ്റിക്കും സമീപ പഞ്ചായത്തുകളിലേയ്ക്കും നിലവിലുളള 19 എം.എല്‍.ഡി.യോടുകൂടി പുതിയ 23 എം.എല്‍.ഡി. ജലശുദ്ധീകരണശാല ചേരുന്നതോട് കൂടി 42 എം.എല്‍.ഡി.ജലം ശുദ്ധീകരിക്കാന്‍ സാധിക്കും. 


പെരിന്തല്‍മണ്ണ നഗരസഭാ കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ നജീബ് കാന്തപുരം എം.എല്‍.എ. അധ്യക്ഷനായി. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി, അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി മുന്‍ ഡയറക്ടര്‍ ഡോ.ഫൈസല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.സുധീര്‍ ബാബു, പി.സൗമ്യ, എ.നസീറ ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.തസ്‌നീമ, മലപ്പുറം കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്.സത്യ വില്‍സണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Follow us on :

More in Related News