Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട് മാത്രം മതിയോ ? ഉപജീവനമാര്‍ഗ്ഗവും വേണ്ടേ ! സഹായമായി മാള ഡോ..രാജു ഡേവിസ് സ്കൂള്‍

05 Aug 2024 20:35 IST

WILSON MECHERY

Share News :

മാള :

വയനാട് ദുരിതമനുഭവിക്കുന്നവര്‍ക്ക് വീടിനോടൊപ്പം ജീവനമാര്‍ഗ്ഗവുമായി മാള ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍. 

3 വീട് മാത്രം നല്‍കുവാനാണ് ആദ്യ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി പാര്‍ലമെന്‍റിലെ ചര്‍ച്ചക്കിടയിലാണ് ഉപജീവനമാര്‍ഗ്ഗവും വേണ്ടേ എന്ന ചോദ്യം ഉയര്‍ന്നുവന്നത്. വയനാട് ടൂറിസ്റ്റ് കേന്ദ്രമാണെന്നും, അവിടെ ഹോം സ്റ്റേക്കു സാധ്യതയുണ്ടെന്നും അഭിപ്രായം ഉയര്‍ന്നു. അതുകൊണ്ട് സ്കൂള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ ഉദ്ദേശിക്കുന്ന വീടുകളുടെ മുകള്‍തട്ടില്‍ ഒന്നോ രണ്ടോ ടോയ്‌ലറ്റ് അറ്റാച്ച്ഡ് മുറി കൂടി പണിതാല്‍ ദിവസവും 2000-3500 രൂപവരെ ദിവസവാടക ലഭിക്കുവാന്‍ സാദ്ധ്യതയുണ്ട്. സീസണ്‍ കാലത്ത് അമ്പതിനായിരം രൂപക്കു മുകളില്‍ മാസം ലഭിക്കും. ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കിയാല്‍ അതില്‍ നിന്നുള്ള വരുമാനം വീട്ടിലെ സ്ത്രീകള്‍ക്ക് പ്രത്യേകമായി ലഭിക്കുകയും ചെയ്യും.. പ്രളയത്തില്‍ രണ്ടാം നിലയുടെ മുകളില്‍ കയറി രക്ഷപെടുകയും ചെയ്യാമെന്ന ആശയവും ഉണ്ടായി. പ്രളയസാദ്ധ്യതയുള്ള സ്ഥലമായതിനാല്‍ കോണ്‍ക്രീറ്റ് തൂണുകളിലാണ് വീട് പണിയാനുദ്ദേശിക്കുന്നത്. താഴെ രണ്ടു മുറികളും ഹാളും അടുക്കളയും, ടോയ്‌ലറ്റും വരാന്തയും മുകളില്‍ ഒരു മുറിയും ടോയ്‌ലറ്റുമടങ്ങുന്ന 2 നില വീടാണ് നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നത്. പിന്നീട് വേണമെങ്കില്‍ കൂടുതല്‍ മുറികള്‍ പണിയാമെന്ന് സ്കൂള്‍ ലീഡര്‍ ഇഷ ഫാത്തിമ. വീട് പണിത് ചുറ്റുമുള്ള സ്ഥലത്ത് ഫലവൃക്ഷതൈകളും മറ്റും നട്ടുപിടിപ്പിക്കുവാന്‍ പദ്ധതിയുണ്ട്. ഇതില്‍ നിന്നുള്ള വരുമാനം ലഭിക്കുകയും ചെയ്യും. ഇതിന് വേണ്ടി 20 ലക്ഷത്തോളം രൂപ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, മാനേജ്മെന്‍റും വഹിക്കും. 12 ലക്ഷത്തോളം രൂപ ഇതിനകം ലഭിച്ചിട്ടുണ്ട്. 

5-ാം ക്ലാസിന് താഴെയുള്ള 5 കുട്ടികളെ ഏറ്റെടുത്തു അവരുടെ പൂര്‍ണ്ണ സ്കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന് ഉപരിപ‌ഠനത്തിനായിഹോസ്റ്റല്‍ സൗകര്യം അടക്കം മുഴുവന്‍ ചിലവും മാനേജ്മെന്‍റ് വഹിക്കും. ഒറ്റപ്പെട്ടുപോയ 3 സ്ത്രീകള്‍ക്കു താമസ സൗകര്യവുമടക്കം ജോലി നല്‍കും. ഇക്കാര്യം അടക്കമുള്ള കത്ത് വയനാട് കളക്ടര്‍ക്ക് കൈമാറുന്നതാണ്. കൂടാതെ ഇതിനകം കുട്ടികള്‍ സ്വരൂപിച്ച ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കലക്ടര്‍ക്കോ, സന്നദ്ധ സംഘടനകള്‍ക്കോ കൈമാറുന്നതാണെന്ന് ചെയര്‍മാന്‍ ഡോ. രാജുഡേവിസ് പെരേപ്പാടന്‍ അറിയിച്ചു. വാർത്താസമ്മേളനത്തിൽ

ഡയറക്ടര്‍ അന്ന ഗ്രേസ് രാജു, പ്രിന്‍സിപ്പാള്‍ ജിജി ജോസ്, സ്കൂള്‍ ലീഡര്‍ ഇഷ ഫാത്തിമ, ക്യാബിനറ്റ് മെമ്പര്‍ നെഹ്ല പര്‍വിന്‍ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News