Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാഠപുസ്തക വില വർധന: ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾ വീണ്ടും പ്രതിഷേധവുമായി രംഗത്ത്

03 Apr 2026 21:58 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പാഠപുസ്തക വിലയിൽ വരുത്തിയ അമിത വില വർദ്ധനവിനെതിരെ രക്ഷിതാക്കളുടെ സംഘം പ്രതിഷേധവുമായി വീണ്ടും രംഗത്ത്.

പാഠപുസ്തക വിലയിൽ ഇരട്ടിയിലധികം വർധനവാണ് വരുത്തിയിരിക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠപുസ്തകത്തിന് ഭീമമായ വിലയാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

പുസ്തക വിലവർധന അടിയന്തിരമായി പിൻവലിക്കണമെന്ന് രക്ഷിതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു. അതോടൊപ്പം പുസ്തകങ്ങൾ വാങ്ങുന്നതിനായുള്ള പാർച്ചയ്സ് മാനുവൽ പാലിച്ചുകൊണ്ടാണോ പുതിയ പുസ്തകങ്ങൾ വാങ്ങിയിരിക്കുന്നത് എന്ന കാര്യം വ്യകതമാകുന്നതിനായി വിഷയത്തിൽ അന്വേഷണം നടത്തണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

അടുത്തിടെ സ്കൂൾ ഫീസിലും പ്രതിമാസം രണ്ട് റിയാലിന്റെ വർധന സ്കൂൾ മാനേജ്മെന്റ് നടപ്പാക്കിയിരുന്നു. അത് കൂടാതെയാണ് ഇപ്പോൾ പാഠപുസ്തകങ്ങളുടെ വിലയിലും ഭീമമായ വർധന വരുത്തിയിരിക്കുന്നത്. യുദ്ധ സാഹചര്യത്തിൽ തൊഴിൽപരമായ പ്രശ്നങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന പ്രവാസികളായ രക്ഷിതാക്കൾക്ക് ഇരുട്ടടിയായാണ് പുതിയ തീരുമാനം പുറത്തു വന്നത്.

ഫീസ് വർധന അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കളുടെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നെങ്കിലും സ്കൂൾ അധികൃതർ മറുപടി നൽകാൻ തയ്യാറായിരുന്നില്ല.

ചർച്ചകളൊന്നും കൂടാതെ വേനൽ അവധി വെട്ടിക്കുറച്ചതിലും, വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര സംവിധാനത്തിന്റെ നിയന്ത്രണത്തിൽ നിന്നും പിൻവാങ്ങാനുള്ള സ്കൂൾ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെയും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.

അടുത്തിടെയായി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങൾ സ്കൂൾ ഡയറക്ടർ ബോർഡിൽ നിന്നും, സ്കൂൾ അക്കാഡമിക് ഭരണ വിഭാഗത്തിൽ നിന്നും തുടർച്ചയായി ഉണ്ടാകുന്നതായി രക്ഷിതാക്കൾ പറഞ്ഞു. ഇത്തരം തീരുമാങ്ങളിൽ നിന്നും സ്കൂൾ അധികൃതർ പിന്തിരിയണമെന്നും, ഫീസ് വർധയും പാഠപുസ്തകവിലയിൽ വരുത്തിയ ഭീമമായ വിലവർധനയും ഉടൻ പിൻവലിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെ സംഘത്തിന് അനു ചന്ദ്രൻ, കെ വി വിജയൻ, ദിനേശ് ബാബു, ഷിൽജ നിഷാന്ത്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News