Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെൽവയൽ നികത്തി സ്ഥാപിച്ച അനധികൃത നിർമാണം റവന്യു അധികൃതർ പൊളിച്ചുനീക്കി

11 Oct 2024 11:46 IST

Anvar Kaitharam

Share News :

നെൽവയൽ നികത്തി സ്ഥാപിച്ച അനധികൃത നിർമാണം റവന്യു അധികൃതർ പൊളിച്ചുനീക്കി


പറവൂർ: കരുമാലൂർ തട്ടാംപടി ഷാപ്പുപടിയിൽ നെൽവയൽ നികത്തി സ്ഥാപിച്ച വയലോരം ഹോട്ടലിൻ്റെ അനധികൃത നിർമാണം റവന്യു അധികൃതർ പൊളിച്ചുനീക്കി. 

ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് നടത്തിയ അനധികൃത നിർമാണങ്ങളാണ് തഹസിൽദാരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. നികത്തു ഭൂമിയിൽ ഹോട്ടൽ പ്രവർത്തിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. എംഎസ്എംഇ ലൈസൻസിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ കരുമാല്ലൂർ പഞ്ചായത്തിന് നടപടിയെടുക്കാൻ സാധിച്ചിരുന്നില്ല. പരാതി പരിശോധിച്ച ആർഡിഒ അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തുകയും കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹോട്ടലിൻ്റെ എംഎസ്എംഇ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചതിനാൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നികത്തിയ ഭൂമി പൂർവ്വസ്ഥിതിയിലാക്കണമെന്ന് ഉടമയോട് രണ്ട് മാസം മുമ്പ് കലക്ടർ ഉത്തരവിട്ടിരുന്നു. ഇതിനായി 30 ദിവസത്തെ സമയം അനുവദിച്ചെങ്കിലും അനധികൃതമായി നിർമിച്ച കുറച്ചു ഭാഗം മാത്രമാണ് ഉടമ പൊളിച്ചു നീക്കിയിരുന്നത്. ഇതാണ് റവന്യു അധികൃതർ ഇപ്പോൾ നീക്കം ചെയ്തത്. ഇതിന് ചിലവായ തുക ഉടമയിൽ നിന്ന് ഈടാക്കുമെന്ന് തഹസിൽദാർ പറഞ്ഞു. കരുമാലൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ പലവിധ ആവശ്യങ്ങൾക്കായി നികത്തുന്ന പ്രവണത വ്യാപകമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പഞ്ചായത്താണ് കരുമാല്ലൂർ. 


Follow us on :

More in Related News