Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീനികളെ മനുഷ്യാവകാശ കമ്മീഷൻ സന്ദർശിച്ചു

30 Apr 2024 21:36 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഗസ്സയിൽ ഇസ്‌റാഈലിൽ നടത്തുന്ന അതിക്രമങ്ങളിൽ പരുക്കേറ്റ് ഒമാനിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീനികളെ ഒമാൻ മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധികൾ സന്ദർശിച്ചു.

മസ്‌കറ്റിലെ ഖൗല ആശുപത്രിയിലാണ് ഫലസ്തീൻ പൗരൻമാർ ചികിത്സയിൽ തുടരുന്നത്. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന ഫലസ്തീനി സഹോദരങ്ങൾ സുൽത്താനേറ്റ് നൽകുന്ന പിന്തുണയാണ് ഇതുവഴി വ്യക്തമാക്കുന്നതെന്ന് ഒമാൻ മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

യുദ്ധത്തിൽ ഗുരുതരമായി പരുക്കേറ്റവരും വിദഗ്ധ ചികിത്സ ആവശ്യമള്ളവരുമായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഈ മാസം നാലിനാണ് ഒമാനിലെത്തിച്ചത്. ഈജിപ്ഷ്യൻ അധികൃതരുടെ സഹായത്തോടെയാണ് നിരവധി പേരടങ്ങുന്ന സംഘത്തെ ഒമാനിൽ ചികിത്സക്കായി എത്തിച്ചത്. ഇവർക്ക് മികച്ച ചികിത്സയാണ് ഖൗല ആശുപത്രിയിൽ ലഭ്യമാക്കിവരുന്നത്. തങ്ങളുടെ ന്യായമായ അവകാശങ്ങൾ വീണ്ടെടുക്കാനുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടത്തിനൊപ്പം നിലകൊള്ളുന്ന സുൽത്താനേറ്റിന് ഫലസ്തീൻ അംബാസഡർ ഡോ. തയ്‌സീർ ഫർഹത്ത് നന്ദി രേഖപ്പെടുത്തിയിരുന്നു. യുദ്ധത്തിന്റെ തുടക്കം മുതൽ ഒമാനി നേതൃത്വത്തിന്റെയും ജനങ്ങളുടെയും നിലപാടുകൾ സ്ഥിരവും സന്തുലിതവുമാണ്. ആക്രമണത്തെ നിരസിക്കുകയും യുദ്ധം അവസാനിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്നു. 

ഇതിന്റെ ഭാഗമായി വിവിധ അറബ്, പ്രാദേശി, അന്താരാഷ്ട്ര തലങ്ങളിൽ സജീവമായ നയതന്ത്ര ഇടപെടലുകൾ ഒമാൻ ഏകോപിപ്പിക്കുന്നതായും ഡോ. തയ്‌സീർ ഫർഹത്ത് പറഞ്ഞു. ഗസ്സയിൽ യുദ്ധത്തിന്റെ കെടുതിയും ദുരിതവും അനുഭവിക്കുന്ന കുട്ടികൾക്കായി ഒരു ദശലക്ഷം ഡോളർ ഒമാൻ സംഭാവന നൽകിയിരുന്നു. യൂനിസെഫ് വഴിയാണ് ഒമാൻ കുട്ടികളുടെ സംരക്ഷണത്തിനായുള്ള തുക കൈമാറിയത്. ഫലസ്തീനിലെ കുട്ടികളോടുള്ള ഒമാന്റെ ഉദാരമായ പ്രവൃത്തിയെ സ്വാഗതം ചെയ്യുന്നതായും ഈ സംഭാവന കുട്ടികളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുമെന്നും അവർക്ക് അടിസ്ഥാന പിന്തുണയും മെച്ചപ്പെട്ട ഭാവിയിലേക്കുള്ള പ്രതീക്ഷയും നൽകുന്നതിന് ഗുണം ചെയ്യുമെന്നും യൂനിസെഫ് ഒമാൻ പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ സുൽത്താനേറ്റിന്റെ ഉറച്ച നിലപാടിനെയും മാനുഷിക പ്രവർത്തനങ്ങളിൽ നൽകിവരുന്ന പിന്തുണയെയും ദേശീയഅന്തർദേശീയ തലങ്ങളിൽ കുട്ടികളുടെ ക്ഷേമത്തിനുള്ള സഹായങ്ങളെയും അടിവരയിടുന്നതാണ് ഗസ്സയിലെ കുട്ടികൾക്കായുള്ള ഒമാന്റെ സംഭാവന.

ഭക്ഷ്യ സുരക്ഷയുടെ അഭാവം, വിദ്യാഭ്യാസആരോഗ്യ സേവനങ്ങളിലെ പരിമിതി തുടങ്ങിയ വലിയ പ്രതിബന്ധങ്ങൾ നേരിടുന്ന ഗസ്സ മുനമ്പിലെ കുട്ടികൾക്ക് ഒമാൻ നൽകുന്ന സംഭാവനകൾ വലിയ ആശ്വാസവും പിന്തുണയുമാകും. ഇവിടുത്തെ കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള സുപ്രധാന പരിപാടികളും സംരംഭങ്ങളും തുടരുന്നതിന് സുൽത്താന്റെ സഹായം ഗുണകരമാകും.

ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ഗസ്സയിലേക്ക് അവശ്യ വസ്തുക്കളെത്തിക്കുന്ന പ്രവൃത്തികൾ തുടരുകയാണ്. തവണകളിലായി നൂറ് കണക്കിന് ടൺ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ളവ ഗസ്സ മുനമ്പിലെത്തിച്ചു. ഒമാൻ റോയൽ എയർ ഫോഴ്‌സ് വിമാനത്തിൽ സാധനങ്ങൾ അയച്ചിരുന്നു. ജോർദാനിലെ ഒമാൻ എംബസിയുമായി സഹകരിച്ച് ഫലസ്തീൻ ജനതയിലേക്ക് എത്തിച്ചത്. ഫലസ്തീനിയൻ റെഡ് ക്രെസന്റുമായി സഹകരിച്ചാണ് സാധനങ്ങൾ ആവശ്യക്കാരിലെത്തിക്കുന്നതെന്നും ചാരിറ്റബിൾ ഓർഗനൈസേഷൻ അറിയിച്ചു. കൂടുതൽ സാധനങ്ങൾ സമാഹരിച്ച് ഫലസ്തീനിൽ ആവശ്യക്കാരിലെത്തിക്കുകയാണ് അധികൃതർ ലക്ഷ്യമാക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഇതിൽ പങ്കാളികളാകാം. വസ്തുക്കൾ അർഹരിലേക്ക് ലഭ്യമാകുന്നുവെന്നും ഉറപ്പുവരുത്തുമെന്നും ചാരിറ്റബിൾ ഓർഗനൈസേഷൻ അറിയിച്ചു.

Follow us on :

More in Related News