Tue Dec 12, 2023 10:56 PM 1ST

Location  

Sign In

10,000 പേർക്ക് തൊഴിൽ, കോഴിക്കോട്ട് 600 കോടിയുടെ സൈബർ ടവറുമായി ഹൈലൈറ്റ് ഗ്രൂപ്പ്; മുഖ്യമന്ത്രി ശനിയാഴ്ച തറക്കല്ലിടും

02 Oct 2026 01:12 IST

Reporter

Share News :

കോഴിക്കോട്: മലബാറിന്റെ ഐ.ടി മേഖലയിൽ വൻ കുതിപ്പിന് വഴിതുറക്കാൻ ഹൈലൈറ്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായി 'ഹൈലൈറ്റ് സൈബർ ടവർ' വരുന്നു. 600 കോടി രൂപ നിക്ഷേപവും 10,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പദ്ധതി മൂന്നിന് ശനിയാഴ് വൈകിട്ട് അഞ്ചിന് കോഴിക്കോട് സൈബർ പാർക്കിൽ മുഖ്യമന്ത്രി വി.ഡി സതീശൻ തറക്കല്ലിടും.


 രണ്ടര ഏക്കർ സ്ഥലത്ത് ഒൻപത് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടം രണ്ടു വർഷത്തിനകം പൂർത്തിയാക്കുമെന്നും ഇത് കോഴിക്കോടിന്റെ മുഖഛായ തന്നെ മാറ്റുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് പറഞ്ഞു.


 ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ അത്യാധുനിക ഐ.ടി അടിസ്ഥാന സൗകര്യ സമുച്ചയമായാണ് സൈബർ ടവർ യാഥാർത്ഥ്യമാവുക. റിയൽ എസ്റ്റേറ്റ്, സാങ്കേതിക മേഖലകളിൽ മലബാറിന്, പ്രത്യേകിച്ച് കോഴിക്കോടിന് മികച്ച മുന്നേറ്റം നൽകാൻ ഈ പ്രൊജക്ടിന് സാധിക്കും. നേരിട്ടുള്ള ഐ.ടി തൊഴിലവസരങ്ങൾ വഴി തദ്ദേശീയമായ സാമൂഹിക സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.


 നമ്മുടെ നാട്ടിലെ പ്രഗത്ഭരായ യുവതീ-യുവാക്കൾക്ക് ഇവിടെ തന്നെ ജോലി ചെയ്യാനും വളരാനും തിളങ്ങാനുമുള്ള സാധ്യതകളും അവസരങ്ങളും ഒരുക്കുക എന്നതും സൈബർ ടവറിലൂടെ ഹൈലൈറ്റ് ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ഇത് കൂടുതൽ തൊഴിലവസരങ്ങൾക്കും സംരംഭകത്വത്തിനും പുതിയ വഴി തുറക്കാനും സഹായകമാകും. പദ്ധതി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സ്‌പേസ് പൂർണ്ണമായും ലീസ് നല്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആഗോള സഹകരണം, നവ ആശയങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങൾക്ക് അനുയോജ്യമായ തൊഴിലിടങ്ങളാണ് ടവർ വാഗ്ദാനം ചെയ്യുകയെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.


 ശനിയാഴ്ചയിലെ തറക്കല്ലിടൽ ചടങ്ങിൽ വ്യവസായ, ഐ.ടി-എ.ഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി എ.പി അനിൽകുമാർ, എം.കെ രാഘവൻ എം.പി, കോർപ്പറേഷൻ മേയർ ഒ സദാശിവൻ, എം.എൽ.എമാരായ അഡ്വ. കെ പ്രവീൺകുമാർ, എം.എ റസാഖ് മാസ്റ്റർ, അഡ്വ. ഫൈസൽ ബാബു, അഡ്വ. കെ. ജയന്ത്, പി.എം.എ സമീർ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഹൈലൈറ്റ് ഓഫീസ് പാർക്‌സ് എക്‌സിക്യൂട്ടീവ് മേധാവി ഹാനു ഷെൽക്ക്, ഹൈലൈറ്റ് ഹോൾഡിങ്‌സ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ബിൽഡേഴ്‌സ് സി.ഇ.ഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഹോൾഡിങ്‌സ് കോർപ്പറേറ്റ് ഹെഡ് സോണൽ സതീഷ് എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News