Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആ 15 പേരുകളും പുറത്തു വരണം'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഫെഫ്ക

12 Sep 2024 16:41 IST

Shafeek cn

Share News :

വിവാദങ്ങള്‍ക്കിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക രംഗത്ത്. കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പേരുകള്‍ പുറത്തു വരണം എന്നാണ് ഫെഫ്കയുടെ നേരത്തെയുള്ള നിലപാടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഒരു ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്കക്ക് വിമര്‍ശനം ഉണ്ട്. പ്രധാന വിമര്‍ശനം ഹേമ കമ്മറ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല എന്നതാണ്. എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് കമ്മറ്റി വ്യക്തമാക്കണം.


ഒരു ചോദ്യവലി ഉണ്ടാക്കി ഡബ്യുസിസി അംഗങ്ങള്‍ക്ക് അയച്ചു എന്ന് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പന്ത്രണ്ടാം പേജില്‍ തന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഡബ്ല്യുസിസിയെ മാത്രം തിരഞ്ഞെടുത്തത്. മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി. ഹേമ കമ്മറ്റി ഡബ്ല്യുസിസിയുമായി ഗ്രൂപ്പ് മീറ്റിംഗ് നടത്തി എന്ന് പറയുന്നു. എന്തുകൊണ്ട് മറ്റുള്ളവരെ ഒഴിവാക്കിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അവരുടെ പേര് പുറത്തു വരണം. ആ 15 പേരുകളും പുറത്തു വരണം എന്നാണ് ഫെഫ്ക പറയുന്നത്.  അല്ലാതെ പുകമറ സൃഷ്ടിക്കരുത്. എല്ലാ അവ്യക്തതയും മാറണം. സിനിമയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഉടന്‍ പവര്‍ ഗ്രൂപ്പ് ആണ് പിന്നില്‍ എന്നു പറഞ്ഞു ചിലര്‍ മുന്നോട്ട് വരുന്നുണ്ട്. അത് അവസാനിക്കണം.


ഏറ്റവും കൂടുതല്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവുകളെ കുറിച്ചാണ്. എന്നാല്‍ ഹേമ കമ്മിറ്റി അവരുടെ യുണിയന്‍ നേതാവിനെ എന്തുകൊണ്ട് ബന്ധപെട്ടില്ലെന്ന് അറിയില്ല. ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ ഹേമ കമ്മറ്റി നടത്തിയ പരാമര്‍ശം ദുഷ്ടലാക്കോടെയുള്ളതാണെന്നാണ് ഫെഫ്കയുടെ നിലപാട്. ഇതെല്ലാം വ്യക്തമാക്കുന്നത് കൃത്യമായൊരു 'ഒഴിവാക്കല്‍' നടന്നിട്ടുണ്ടെന്നാണെന്നും ബി ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.


സ്ത്രീ ശാക്തീകരണത്തില്‍ ഡബ്ല്യുസിസിയുടെ പങ്കിനെ ഫെഫ്ക ആദരവോടെ കാണുന്നു. റിപ്പോര്‍ട്ടില്‍ ആണധികാരത്തെ കുറിച്ചുള്ള ആശങ്കയുണ്ട്. എല്ലാ ആണുങ്ങളും മോശമല്ല എന്ന് ചേര്‍ത്തിരിക്കുന്നത് അതുകൊണ്ടാണ്. 'ഒരു സംവിധായകനും ഛായാഗ്രാഹനും നന്നായി പെരുമാറി' എന്ന് റിപ്പോര്‍ട്ടില്‍ ചേര്‍ത്തതിന്റെ സാംഗത്യം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ആറു മണിക്ക് സാങ്കേതിക പ്രവര്‍ത്തകരും സംവിധായകനും എത്തും. നടീ നടന്‍മാര്‍ വരിക 11 മണിക്കാണ്. പുതിയ കോള്‍ ഷീറ്റ് വ്യവസ്ഥ വരണം. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും ഇതില്‍ യോജിപ്പാണ്. പ്രധാന നടനും നടിക്കുംവേണ്ടി സാങ്കേതിക പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം സെറ്റില്‍ കാത്തിരിക്കുന്ന അവസ്ഥ ഇനി അനുവദിക്കാന്‍ കഴിയില്ലെന്നും ഫെഫ്ക നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 


Follow us on :

More in Related News