Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവാഹവാഗ്ദാനം നല്‍കി ഡോക്ടറെ കബളിപ്പിച്ച് തട്ടിപ്പ്; യുവതി പിടിയില്‍

11 Aug 2024 08:27 IST

- Enlight Media

Share News :

കോഴിക്കോട്: സർക്കാർ സർവീസിൽനിന്ന്‌ വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് അഞ്ചുലക്ഷത്തിലധികം രൂപയും രണ്ടുപവന്റെ സ്വർണാഭരണവും കൈക്കലാക്കിയ നാലംഗസംഘത്തിലെ യുവതി അറസ്റ്റിൽ. കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന(34)യെയാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്.

സർക്കാർ സർവീസിൽനിന്ന്‌ റിട്ടയർചെയ്തശേഷം കർണാടകയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തുവരുകയായിരുന്ന പരാതിക്കാരനുമായി സൗഹൃദംസ്ഥാപിച്ച സംഘം ഇർഷാനയുമായി വിവാഹാലോചന നടത്തി. ഡോക്ടർ നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ ആളാണെന്ന് മനസ്സിലാക്കിയായിരുന്നു തട്ടിപ്പ്.

ഫോൺവഴി ഇർഷാനയുമായി സംസാരിച്ച പരാതിക്കാരനെ സംഘം തന്ത്രപൂർവം കെണിയിലാക്കുകയായിരുന്നു. 2024 ഫെബ്രുവരി എട്ടിന്‌ വിവാഹത്തിനായി കോഴിക്കോട്ടേക്കുവരാൻ ഡോക്ടറോട് ആവശ്യപ്പെട്ടു. സംഘാംഗങ്ങളിലൊരാൾ ഇർഷാനയുടെ സഹോദരനാണെന്ന് പരിചയപ്പെടുത്തി ഇർഷാനയെ നിക്കാഹ് ചെയ്തു. വിവാഹശേഷം ഒന്നിച്ചുതാമസിക്കുന്നതിന് വീട് പണയത്തിനെടുക്കുന്ന ആവശ്യത്തിലേക്കെന്നുപറഞ്ഞ് അഞ്ചുലക്ഷം രൂപ ഇർഷാനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിച്ചു. ഇർഷാനയുടെ അക്കൗണ്ടിൽ അഞ്ചുലക്ഷം രൂപ ക്രെഡിറ്റാവാതിരുന്നതിനാൽ അന്നേദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യലോഡ്ജിൽ പ്രതികളും പരാതിക്കാരനും വെവ്വേറെ മുറികളിൽ താമസിച്ചു.

തൊട്ടടുത്തദിവസം ഇർഷാനയുടെ അക്കൗണ്ടിൽ പണം ക്രെഡിറ്റായശേഷം താമസിക്കുന്നതിനായി പണയത്തിനെടുത്ത വീട് കാണണം എന്നുപറഞ്ഞ പരാതിക്കാരനെയുംകൂട്ടി പ്രതികൾ കാറിൽ പുറപ്പെട്ടു. വെള്ളിയാഴ്ചയായതിനാൽ നിസ്കരിച്ചശേഷം വീട്ടിലേക്കുപോകാമെന്ന് പറഞ്ഞ് പ്രതികളിലൊരാൾ പരാതിക്കാരനെയുംകൂട്ടി കോഴിക്കോട് നടക്കാവ് മീൻമാർക്കറ്റിന് സമീപമുള്ള പള്ളിയിലേക്ക് പോയി. പരാതിക്കാരനോടൊത്ത് നിസ്കരിക്കുന്നതിനായിപ്പോയ പ്രതികളിൽ ഒരാൾ തിരികെയെത്തി മറ്റുപ്രതികളോടൊത്ത് കടന്നുകളഞ്ഞു. കാറിൽ സൂക്ഷിച്ചിരുന്ന പരാതിക്കാരന്റെ മൊബൈൽഫോൺ, ടാബ് തുടങ്ങിയവയും സംഘം കൊണ്ടുപോയി. തുടർന്ന് മൊബൈൽ നമ്പറുകൾ ഉപേക്ഷിച്ച് സംഘാംഗങ്ങൾ ഒളിവിൽപ്പോയി.

കഴിഞ്ഞദിവസം കാസർകോട്ടുനിന്നാണ് ഇർഷാനയെ നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്. നടക്കാവ് എസ്.ഐ. ഇ.പി. രഘുപ്രസാദ്, സീനിയർ സി.പി.ഒ.മാരായ പി. നിഖിൽ, എം.വി. ശ്രീകാന്ത്, എ.വി. രശ്മി എന്നിവരാണ് അന്വേഷസംഘത്തിലുണ്ടായിരുന്നത്. മറ്റുള്ള പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ് പറഞ്ഞു. ഇർഷാനയെ കോടതി റിമാൻഡ് ചെയ്തു.

Follow us on :

More in Related News