Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസനമെന്നത് സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതാവണം: മന്ത്രി മുഹമ്മദ് റിയാസ്

21 Oct 2025 20:09 IST

Jithu Vijay

Share News :

മലപ്പുറം : താഴേക്കോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ മൂന്ന് സ്വപ്ന പദ്ധതികളുടെ സമര്‍പ്പണം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിപൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റവും ഇരിങ്ങാടി സദ് ഗ്രാമത്തിലെ 10 കുടുംബങ്ങള്‍ക്കുള്ള ഒരേക്കര്‍ സ്ഥലത്തിന്റെ ആധാര കൈമാറ്റവും പണിപൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറ്റവും വനിത ഐ.ടി.ഐക്കുള്ള ഒരേക്കര്‍ ഏഴ് സെന്റ് ഭൂമിയുടെ കൈമാറ്റവുമാണ് മന്ത്രി നിര്‍വഹിച്ചത്.

വികസനം എന്നത് സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതാവണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. മനുഷ്യന് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണം എന്നതാണ് സര്‍ക്കാരിന്റെ നയം. ഈ ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ലൈഫ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ലൈഫ്, മാലിന്യനിര്‍മാര്‍ജനം, അതിദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയ മേഖലകളില്‍ താഴേക്കോട് പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.


താഴേക്കോട് ടൗണില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സാക്ഷി മോഹന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തു പിലാക്കല്‍, അഡി. ഡയറക്ടര്‍ ഓഫ് ട്രെയിനിങ് പി. വാസുദേവന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല താഴെത്തൊടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. ഷിജില, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. ശ്രീദേവി, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ. ഇസ്മായില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിരുദ്ധ്, താഴേക്കോട് ഗവ. വനിത ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അബ്ദുള്‍ നാസര്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News