Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2025 11:39 IST
Share News :
കൂരാച്ചുണ്ട് :ക്ഷീരോല്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീര കർഷകർക്കുള്ള ജില്ലാ ക്ഷീരവികസന വകുപ്പിന്റെ അവാർഡിൽ ഇരട്ട നേട്ടവുമായി കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘം. ജില്ലയിലെ മികച്ച വനിതാ ക്ഷീര കർഷകയായി കരിമ്പനക്കുഴി കീർത്തി റാണിയും, യുവ ക്ഷീര കർഷകനായി ദീപു കിഴക്കേനകത്തും തിരഞ്ഞെടുക്കപ്പെട്ടു. മേപ്പയൂരിൽ നടന്ന ക്ഷീര വികസന വകുപ്പിന്റെ കോഴിക്കോട് ജില്ലാ ക്ഷീര സംഗമത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് ദീപുവിനനും, മിൽമ ചെയർമാൻ കെ.എസ്.മണി കീർത്തി റാണിക്കും പുരസ്‌കാരം കൈമാറി. ജില്ലയിലെ മികച്ച ക്ഷേമ നിധി അംഗത്തിനുള്ള കർഷക അവാർഡും കീർത്തി റാണിക്കാണ്.
21 വർഷത്തിലധികമായി ക്ഷീര കർഷക മേഖലയിൽ സജീവമായ കീർത്തി റാണി പതിനൊന്ന് വർഷത്തോളമായി ഫാം നടത്തുകയാണ്. കൂരാച്ചുണ്ട് ക്ഷീരോല്പാദക സോസൈറ്റി അംഗമായ ഇവർ ദിവസവും 300 ലിറ്ററിലധികം പാൽ അളക്കുന്നുണ്ട്. 2019 മുതൽ ജില്ലയിലെ മികച്ച ക്ഷീര കർഷകയ്ക്കുള്ള പുരസ്‌കാരം കീർത്തി റാണിയ്ക്ക് സ്വന്തമാണ്.
ഫാമിൽ ജഴ്സി എച്ച്.എഫ് വിഭാഗത്തിൽ പെട്ട 21 പശുക്കളും രണ്ട് എരുമകളുമാണുള്ളത്.പരുത്തി പിണ്ണാക്ക്,അവിൽ തവിട്,കപ്പ വേസ്റ്റ്, ചോളപ്പൊടി എന്നിവയാണ് പശുക്കൾക്ക് നൽകുന്ന പ്രധാന ഭക്ഷണം. പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്തും, സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്തും തീറ്റ പുൽകൃഷിയും നടത്തുന്നുണ്ട്. ഫാമിൽ നിന്ന് മികച്ച വരുമാനം ലഭിക്കുന്നതായി ഈ കർഷക കുടുംബം പറയുന്നു.
ഭർത്താവ് സിജു കുര്യൻ, മക്കളായ ജാക്സ് വർഗീസ്,ജെറിൽ വർഗീസ് എന്നിവരുടെ സഹായവും, കൂട്ടായ പ്രവർത്തനവുമാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് കീർത്തി പറഞ്ഞു.1. പശുക്കളോടുള്ള ഇഷ്ട്ടം കാരണം മൂത്ത മകൻ ജാക്സ് വർഗീസ് ഹരിയാനയിൽ വെറ്ററിനറി ബിരുദത്തിനാണ് ചേർന്നിട്ടുള്ളത്
ദുബായ് എമിറേറ്റ്സ് എൻബിഡി ബാങ്കിൽ ചീഫ് കാഷ്യർ ആയി ജോലി ചെയ്ത് കൊണ്ടിരുന്ന വട്ടച്ചിറ കിഴക്കേനകത്ത് അബ്രഹാം - വത്സ ദമ്പതിമാരുടെ മകനായ ദീപു 2020ലാണ് ഫാം ആരംഭിക്കുന്നത്. ക്ഷീര മേഖലയോടുള്ള താത്പര്യം കാരണം ജോലി ഉപേക്ഷിച്ച് അഞ്ച് പശുക്കളെ കൊണ്ട് ചെറിയ രീതിയിലാണ് ഫാം ആരംഭിച്ചത്. കഠിനാധ്വാനം കൊണ്ട് ദീപു ഫാം വിജയത്തിലെത്തിക്കുകയായിരുന്നു. ഇപ്പോൾ പതിനഞ്ച് കറവപശുക്കൾ, കിടാങ്ങൾ, എരുമ ഉൾപ്പടെയുള്ളവയാണ് ഫാമിലെ അംഗങ്ങൾ. പാൽ കൂടുതൽ കിട്ടുന്ന എച്എഫ് ഇനം പശുക്കളാണ് കൂടുതലായി ഫാമിലുള്ളത്. ദിവസേന 200 ലിറ്റർ പാൽ കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ അളന്ന് വരുന്ന ദീപു നിലവിൽ സംഘം ഡയറക്ടറുമാണ്. പൂർണമായി യന്ത്ര സഹായത്തോടെ തന്നെയാണ് ദീപു പശുക്കളെ കറക്കുന്നതും, തൊഴുത്ത് വൃത്തിയാക്കുന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. ചാണകം ഉണക്കി ചാക്കിലാക്കി കർഷകർക്ക് വിൽപ്പന നടത്തുന്നുണ്ട്. ആവശ്യക്കാർക്ക് ഗോ മൂത്രവും നൽകും. ഫാം കുറച്ചു കൂടി വിപുലീകരിച്ച് കൂടുതൽ സജീവമായി ക്ഷീര മേഖലയിൽ തുടരാനാണ് ദീപുവിന്റെ ആഗ്രഹം.
Follow us on :
Tags:
More in Related News
Please select your location.