Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റീല്‍സ് ചിത്രീകരണത്തിനിടെ മരണം; വാഹനമോടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

12 Dec 2024 12:42 IST

Shafeek cn

Share News :

കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വാഹന ഉടമ സാബിത്, ജീവനക്കാരന്‍ റയീസ് എന്നിവര്‍ക്കെതിരെയാണ് നടപടി. ആല്‍വിനെ ഇടിച്ച ബെന്‍സ് കാറിന്റെ ആര്‍സിയും റദാക്കും. രണ്ടു പേര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് തന്നെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ആല്‍വിനെ ഇടിച്ച ബെന്‍സ് കാറിന് ടാക്‌സും അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ സാബിതിന് നിര്‍ദേശം നല്‍കി. 


ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആല്‍വിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.


രണ്ട് ആഡംബര കാറുകള്‍ ചേയ്‌സ് ചെയ്ത് വരുന്നതിന്റെ ദൃശ്യങ്ങള്‍ റോഡിന്റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുടേയും ബന്ധുവിന്റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. അതിനിടയിലാണ് ദാരുണാന്ത്യം.


വടകര തണ്ണീര്‍പ്പന്തല്‍ സ്വദേശി തച്ചിലേരി താഴക്കുനി (വേളത്ത്) സുരേഷ്ബാബുവിന്റെയും ബിന്ദുവിന്റെയും ഏകമകനാണ് ആല്‍വിന്‍.ഇന്നലെയാണ് ആല്‍വിന്റെ സംസ്‌കാരം നടന്നത്. അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി പേരാണ് വീട്ടിലെത്തിയത്.


Follow us on :

More in Related News