Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 07:23 IST
Share News :
ശബരിമല: അയ്യപ്പ ഭക്തർക്ക് ദർശന പുണ്യമേകി മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറന്നു. തന്ത്രിമാരായ കണ്ഠര് രാജീവരര്, കണ്ഠര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയാണ് വെള്ളിയാഴ്ച വൈകീട്ട് നാലിന് നട തുറന്നത്.
സോപാനത്തിലെ മണി മുഴക്കി ശ്രീകോവിലിൽ നെയ്വിളക്ക് തെളിച്ചതോടെ കാത്തു നിന്ന അയ്യപ്പഭക്തരുടെ ശരണാരവം ഉച്ചസ്ഥായിയിലായി. തുടർന്ന് ശ്രീകോവിലിൽനിന്നുള്ള അഗ്നി പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിലേക്ക് പകർന്നതോടെ മണ്ഡലകാല തീർഥാടനത്തിന് തുടക്കമായി.
നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരാണ് ആദ്യം പടി കയറിയത്. പിന്നാലെ തീർഥാടകരെ കടത്തിവിട്ടു. തുടർന്ന് നിയുക്ത മേൽശാന്തിമാരുടെ അവരോഹണ ചടങ്ങ് നടന്നു. ശ്രീകോവിലിൽ പ്രവേശിച്ച നിയുക്ത മേൽശാന്തിമാർക്ക് തന്ത്രി കണ്ഠര് രാജീവരര് മൂല മന്ത്രം ചൊല്ലിക്കൊടുത്തു.
രാത്രി പത്തിന് നട അടച്ചശേഷം മുൻ ശബരിമല മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി പി.ജി. മുരളി എന്നിവർ പതിനെട്ടാംപടി ഇറങ്ങി മടങ്ങി. രാവിലെ എട്ടോടെതന്നെ പമ്പ മണപ്പുറത്തെ ക്യൂ കോംപ്ലക്സുകൾ തീർഥാടകരെക്കൊണ്ട് നിറഞ്ഞിരുന്നു. പമ്പയിൽനിന്ന് ഉച്ചക്ക് ഒരു മണി മുതൽ തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിട്ടു. നട തുറക്കുന്ന വേളയിൽ ഭക്തരുടെ നിര മരക്കൂട്ടം വരെ നീണ്ടു.
വൃശ്ചികപ്പുലരിയായ ശനിയാഴ്ച പുലർച്ച മൂന്നുമണിക്ക് ശബരിമലയിലും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരാണ് നട തുറക്കുന്നത്. തിരക്കിനെ അടിസ്ഥാനപ്പെടുത്തി ദർശന സമയം 18 മണിക്കൂർ വരെയാക്കും. ശനിയാഴ്ച വെർച്വൽ ക്യൂ മുഖേന 70,000 തീർഥാടകരാണ് ബുക്ക് ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിന് ഉള്ള സൗകര്യം പമ്പ മണപ്പുറത്താണ് ഒരുക്കിയിരിക്കുന്നത്. തീർഥാടകർ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കൈയില്‍ കരുതണമെന്ന് ദേവസ്വം ബോർഡ് നിർദേശിച്ചു.
ദേവസ്വം മന്ത്രി വി.എൻ. വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ. എ.അജികുമാർ, ജി.സുന്ദരേശൻ, ശബരിമല സ്പെഷൽ കമീഷണർ ആർ. ജയകൃഷ്ണൻ, എക്സിക്യൂട്ടിവ് ഓഫിസർ മുരാരി ബാബു, എ.ഡി.ജി.പി എസ്. ശ്രീജിത്ത് തുടങ്ങിയവർ നട തുറക്കുന്ന വേളയിൽ ദർശനത്തിനെത്തിയിരുന്നു.
Follow us on :
More in Related News
Please select your location.