Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഎമ്മിന് വിതച്ചത് മാത്രമേ കൊയ്യാനാകൂ: എൻ.എ മുഹമ്മദ്‌ കുട്ടി

03 Feb 2025 22:30 IST

Adarsh R T

Share News :

കൊച്ചി: സിപിഎമ്മിന് വിതച്ചത് മാത്രമേ കൊയ്യാനാകൂവെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ്‌ കുട്ടി. 'നവ കേരള മുന്നണി സൃഷ്ടിക്കായി' എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 11 മുതൽ 17 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കപ്പെടുന്ന രാഷ്ട്രീയ വിശദീകരണ യാത്രയുടെ പോസ്റ്റർ പ്രകാശനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ഒരുകാലത്ത് ചെയ്തുകൂട്ടുകയും തള്ളിപ്പറയുകയും ചെയ്തിരുന്ന പലകാര്യങ്ങളും പിന്നീട് അവർക്ക് അംഗീകരിക്കേണ്ടതായി വന്നിട്ടുണ്ട്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ഒടുവിൽ തള്ളിപ്പറഞ്ഞത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. എഡിഎം നവീൻ ബാബുവിന്റെ മരണം ഉണ്ടായ സമയത്ത് ദിവ്യയെ സംരക്ഷിച്ച അതേ സിപിഎം തന്നെയാണ് ഇപ്പോൾ തള്ളിപ്പറഞ്ഞിരിക്കുന്നത്. എത്രയോ സംഭവങ്ങളിൽ, എത്രയോ കാലഘട്ടങ്ങളിൽ ഇതെല്ലാം തന്നെയാണ് സിപിഎം പിന്തുടരുന്നത്. ഇതേ അവസ്ഥ തന്നെയാണ് ഇടതുമുന്നണിയുടെ ഭാഗമായ ഘടകകക്ഷികൾക്കുമുള്ളത്. മൂന്ന് മുന്നണികളിലെയും വല്യേട്ടന്മാർ ഓരോ ഘട്ടങ്ങളിലായി അവരിലെ ഘടകകക്ഷികളെ വിഴുങ്ങി വിഴുങ്ങി ശക്തിയില്ലാത്തതാക്കി മാറ്റുന്നു. ഘടകകക്ഷികളുടെ കൈവശമുള്ള സീറ്റും അംഗബലവുമെല്ലാം കവർന്നെടുക്കുകയും ചെയ്യുന്നു.


മുസ്ലിം ലീഗ് മാത്രമാണ് സ്വന്തം ശക്തികൊണ്ട് അത്തരത്തിൽ ചൂഷണം ചെയ്യപ്പെടാത്ത പാർട്ടി. ബാക്കി എല്ലാ ഘടകകക്ഷികളുടെയും സ്ഥിതി ഏറെക്കുറെ സമാനമാണ്. ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിൽ കുട്ടനാട് മണ്ഡലവുമായി ബന്ധപ്പെട്ട് ഉയർന്ന പരാമർശങ്ങൾ അതിന്റെ ഉദാഹരണമാണ്. തോമസ് കെ തോമസിൽ നിന്നും കുട്ടനാട് ഏറ്റെടുക്കുന്നുവെ ന്നതിന്റെ കൃത്യമായ സൂചനയാണ് ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ സംഭവവികാസങ്ങൾ. എൻസിപി-എസിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ യാതൊരു കരാറുകളും ഇല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ പി.സി ചാക്കോയ്ക്ക് പിന്നീട് അത് മാറ്റി പറയേണ്ടി വന്നിരിക്കുന്നു. പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും ആയിട്ടും ചാക്കോയ്ക്ക് മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിയിൽ നിന്നും അപമാനം നേരിടേണ്ടിവന്നു. ഇതിലപ്പുറം യാതൊരു രാഷ്ട്രീയ അപമാനവും ചാക്കോയ്ക്ക് ഇനി സംഭവിക്കാനില്ല. മുഖ്യമന്ത്രിയിൽ നിന്നും സിപിഎം നേതൃത്വത്തിൽ നിന്നും ചാക്കോയ്ക്ക് ഉണ്ടായ അനുഭവം സിപിഐ ഉൾപ്പെടെയുള്ള എല്ലാ ഘടകകക്ഷികൾക്കും പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കേരളം മാറും, മാറിയെ തീരൂ, ആര് മാറ്റും...?' എന്ന ചോദ്യം ഉയർത്തിയാണ് എൻസിപിയുടെ രാഷ്ട്രീയ വിശദീകരണ യാത്ര നടക്കുക. എൻസിപിയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് വൈകുന്നേരം 3 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന ട്രഷറർ മധു കുമാർ കുളത്തൂർ, ജനറൽ സെക്രട്ടറിമാരായ കെ.കെ. ഷംസുദ്ധീൻ, അഡ്വ. സൈഫുദ്ധീൻ, റഹ്മത്തുള്ള കുപ്പനത്ത്, കെ.എം നൂർജഹാൻ, എൻവൈസി ദേശീയ സെക്രട്ടറി ഷാജിർ ആലത്തിയൂർ, എൻസിപി ജില്ലാ പ്രസിഡന്റുമാരായ അഡ്വ. രവീന്ദ്രൻ ആലപ്പുഴ, നാദിർഷ കടായിക്കൽ, അഡ്വ. ഷാജി തെങ്ങുംപിള്ളിൽ, ജെ.ബി പ്രകാശ്, കെ.കെ ജയപ്രകാശ്, സി.കെ ഗഫൂർ, എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News