Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആമസോണ്‍ ഓണ്‍ലൈൻ പ്ലാറ്റ് ഫോമിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി.

07 May 2024 11:16 IST

Jithu Vijay

Share News :

മലപ്പുറം : ഓണ്‍ലൈനില്‍ ഓർഡർ ചെയ്ത ഫോണ്‍ ലഭിച്ചപ്പോള്‍ മാറിപ്പോയതിന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ച മലപ്പുറം സ്വദേശിക്ക് ഫോണിന്റെ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാൻ ഉത്തരവ്. ആമസോണ്‍ ഓണ്‍ലൈൻ പ്ലാറ്റ് ഫോമിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി.


 വെളിമുക്ക് പടിക്കല്‍ സ്വദേശി മുഹമ്മദ് റാഫിക്കാണ് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം മറ്റൊന്ന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് മുഹമ്മദ് റാഫി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി. ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്സ് ഫോണ്‍ വാങ്ങുന്നതിനായി പരാതിക്കാരന്‍ 2022 ജൂലൈ 17 ന് ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫോണിന്റെ തുകയായ 1,22,900 രൂപയും അടച്ചു. ജൂലൈ 20 ന് ഫോണ്‍ അടങ്ങിയ പെട്ടി പരാതിക്കാരന് ലഭിച്ചത്. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ അതിലുണ്ടായിരുന്നത് സാംസങ് എ 13 ഫോണ്‍ ആയിരുന്നു. പെട്ടി തുറക്കുന്നത് വീഡിയോ വഴി റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. 


പരാതിക്കാരൻ ഉടനെ ആമസോണ്‍ കമ്പനിയെ വിവരം അറിയിച്ചിരുന്നു. ഇതിന് ഫോണ്‍ മാറ്റിത്തരാമെന്നായിരുന്നു കമ്പനിയുടെ പ്രതികരണം. എന്നാല്‍ പിന്നീട് കമ്പനി അതിന് തയ്യാറായില്ല. ബുക്ക് ചെയ്ത പ്രകാരമുള്ള ഫോണ്‍ അനുവദിച്ചിട്ടുണ്ടെന്നും മാറ്റിത്തരാനാവില്ലെന്നുമാണ് അവർ അറിയിച്ചത്. ഇതേ തുടർന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഫോണ്‍ വിലയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി പതിനായിരം രൂപയും നല്‍കാൻ കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം പണം അനുവദിക്കാത്ത പക്ഷം 12% പലിശ നല്‍കണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

Follow us on :

Tags:

More in Related News