Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തങ്കമലക്വാറി വ്യവസ്ഥകൾ പാലിക്കണമെന്ന് കലക്ടർ;സമരം നിർത്തി സി.പിഎം

24 Aug 2024 21:16 IST

Preyesh kumar

Share News :

കോഴിക്കോട്: തങ്കമല ക്വാറി സംബന്ധിച്ച് നിയമപ്രകാരമുള്ള എല്ലാ നിബന്ധനകളും എൻവയോൺമെൻറ് ക്ലിയറൻസ് വ്യവസ്ഥ ചെയ്യുന്ന മുഴുവൻ കാര്യങ്ങളും ക്വാറി ഉടമകൾ

പാലിക്കണമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ക്വാറി ഉടമകൾക്കു നിർദ്ദേശം നൽകി.

ഇതുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.കഴിഞ്ഞ ദിവസം കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠ്യേന ക്വാറിയുടെ ലൈസൻസ് റദ്ദുചെയ്യാൻ തീരുമാനിച്ചിരുന്നു.ഇതിനിടെ

സി പി ഐ എം ആഗസ്ത് 16 മുതൽ നടത്തിവന്ന റിലേ നിരാഹാര സമരം പിൻവലിച്ചു. പയ്യോളി ഏരിയാ സെക്രട്ടറി എം.പി.ഷിബു നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.


ഖനനംനടത്താൻ അനുമതിയുള്ള പ്രദേശങ്ങൾ പ്രത്യേകമായി അതിരിട്ട് തിരിക്കുക, മലിനജലം കനാലിലേക്ക് ഒഴുകുന്നത് ഉൾപ്പെടെയുള്ള മാലിന്യ സംസ്കരണ നടപടികൾ സ്വീകരിക്കുക തുടങ്ങിയ നിബന്ധനകൾ അടിയന്തരമായി നടപ്പിൽവരുത്തണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.. വൈബ്രേഷൻ സ്റ്റഡി നടത്തുന്നതിനായി മേഖലയിലെ വിദഗ്ധരെയും പഞ്ചായത്ത് പ്രതിനിധികളെയും ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിക്കണം.


ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യഥാസമയം ചർച്ചചെയ്ത് പരിഹരിക്കുന്നതിന് ക്വാറി ഉടമകളും പഞ്ചായത്ത് പ്രതിനിധികളും വില്ലേജ് ഓഫീസറും ഉൾപ്പെടുന്ന സമിതി എല്ലാ ആഴ്ചയിലും യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. പ്രദേശത്ത് നിലവിൽ പ്രവർത്തിക്കുന്ന ക്രഷർ,നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് ഉടൻ റിപ്പോർട്ട് നൽകാനും യോഗത്തിൽ തീരുമാനമായി


യോഗത്തിൽ തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി .കെ. ഗിരീഷ്, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ .കെ .നിർമല, വടകര ആർ ഡി ഒ പി .അൻവർ സാദത്ത്, ഡെപ്യൂട്ടി കളക്ടർ ഷാമിൻസെബാസ്റ്റ്യൻ , കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം. സുനിൽ, തുറയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. കെ. സബിൻ രാജ്,ആസൂത്രണ സമിതി അംഗങ്ങളായ പി. കെ. ബാബു, വി. ഹമീദ്, എൻഎച്ച്എ ഐ പ്രോജക്ട് ഡയറക്ടർ അശുതോഷ് സിൻഹ, ജില്ലാ ജിയോളജിസ്റ്റ് വി അമൃത, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റൻറ് എൻജിനീയർ വിമൽ പി. മേനോൻ, വാഗാഡ് ഇൻഫ്ര എം.ഡി സാവൻ ജെയിൻ തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

Tags:

More in Related News